Saturday, July 27, 2024
No menu items!
Homeആനുകാലികം"നിങ്ങളുടെ ബൈബിള്‍ എഴുതിയത് തീർച്ചയായും ഒരു സ്ത്രീയാണ്"

“നിങ്ങളുടെ ബൈബിള്‍ എഴുതിയത് തീർച്ചയായും ഒരു സ്ത്രീയാണ്”

ഇന്ത്യയിൽ നിന്നും മടങ്ങിവന്ന ഒരു ക്രിസ്ത്യന്‍ മിഷനറി തനിക്കുണ്ടായ മിഷൻ അനുഭവങ്ങൾ ചാള്‍സ് സ്പര്‍ജന്‍ (Charles Haddon Spurgeon 1834-1892) എന്ന പ്രമുഖ ബ്രിട്ടീഷ് സുവിശേഷ പ്രഭാഷകനോടു പങ്കുവച്ചിരുന്നു; അതിൽ ഒരു പ്രധാനകാര്യം സ്പർജൻ തന്‍റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:

സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രസ്തുത മിഷനറിയോട് ഒരു ഗ്രാമീണസ്ത്രീ പറഞ്ഞു:

“നിങ്ങളുടെ ബൈബിള്‍ എഴുതിയത് തീർച്ചയായും ഒരു സ്ത്രീയാണ്”

ആകാംക്ഷയോടെ മിഷനറി ചോദിച്ചു “എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ പറയുന്നത്?”

സ്ത്രീ മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു

“കാരണം നിങ്ങളുടെ സുവിശേഷത്തില്‍ അനുകമ്പയോടെ വളരെ വളരെ കാര്യങ്ങള്‍ സ്ത്രീകള്‍ക്കു വേണ്ടി പറയുന്നുണ്ട്. ഞങ്ങളുടെ പണ്ഡിതന്മാര്‍ സാധാരണ ഞങ്ങളെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമേ ചെയ്യാറുള്ളൂ” (My Sermon Notes, C.H. Spurgeon, 1884, page 292).

വിശുദ്ധ ബൈബിളിൻ്റെ വെളിച്ചത്തിൽ ക്രൈസ്തവ സഭകൾ സ്ത്രീത്വത്തിന് നല്‍ക്കുന്ന സ്ഥാനവും മഹത്വവും എത്രമേൽ ശ്രേഷ്ഠമാണെന്നു വെളിവാക്കുന്ന ഇതുപോലുള്ള എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തിൽ കണ്ടെത്താന്‍ സാധിക്കും.

ആറാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക മതബോധത്തിൽ നിലനിൽക്കുന്ന ചില മതപണ്ഡിതന്മാർ സ്ത്രീത്വത്തെ പൊതുവേദികളിൽ ആക്ഷേപിക്കുമ്പോൾ ക്രൈസ്തവ സഭകൾ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സ്ത്രീമൂല്യം പലരും വിസ്മരിക്കുകയാണ് പതിവ്. മനുഷ്യ ചരിത്രത്തിൽ ക്രൈസ്തവ സഭ രൂപപ്പെട്ടില്ലായിരുന്നെങ്കിൽ അമേരിക്കന്‍ ഫെമിനിസത്തിൻ്റെ ഐക്കണായ ഗ്ലോറിയാ സ്റ്റെയ്നം (Gloria Steinem) ഉള്‍പ്പെടെയുള്ള സ്ത്രീവിമോചനവാദികള്‍ ഇന്നു മുഖാവരണംകൊണ്ട് മുഖംമറച്ച് വീടിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടി വരുമായിരുന്നുവെന്ന് ജയിംസ് കെന്നഡിയേപ്പോലുള്ള ക്രൈസ്തവ എഴുത്തുകാർ (D. James Kennedy, What If Jesus Had Never Been Born?) നിരീക്ഷിക്കുന്നുണ്ട്. സ്ത്രീമൂല്യം പുരുഷനു തുല്യമാണെന്ന വസ്തുതയാണ് ക്രൈസ്തവസഭ അതിൻ്റെ പ്രാരംഭദിനം മുതൽ ഉയര്‍ത്തിപ്പിടിക്കുന്നത്.

പൗരാണിക ലോകത്തെ മഹാജ്ഞാനിയായിരുന്ന അരിസ്റ്റോട്ടില്‍ സ്ത്രീകളെക്കുറിച്ച് വിശ്വസിച്ചിരുന്നത്, സ്വതന്ത്രനായ ഒരു പുരുഷനും ഒരു അടിമയ്ക്കും മധ്യേയാണ് സ്ത്രീകളുടെ സ്ഥാനം എന്നായിരുന്നു. പ്ലേറ്റോ പഠിപ്പിച്ചത്, ഭീരുവായ പുരുഷന്‍ അടുത്ത ജന്മത്തില്‍ ഒരു സ്ത്രീയായി തരംതാഴ്ന്ന നിലയിൽ ജനിക്കുമെന്നായിരുന്നുവത്രെ. സ്ത്രീകള്‍ക്ക് പുരുഷനോടു തുല്യമായ മാനവമൂല്യം ഉണ്ടെന്ന വസ്തുത ലോകചരിത്രത്തിലെ മഹാജ്ഞാനികള്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതങ്ങളും സാമൂഹിക ജീവിതക്രമവും സ്ത്രീകളെ സ്ത്രീത്വത്തിന്‍റെ പേരില്‍ അടിച്ചമർത്താനും തരംതാഴ്ത്താനും മത്സരിക്കുന്നുവെങ്കില്‍ പൗരാണിക ലോകത്തിന്‍റെ അവസ്ഥ പറയേണ്ടതില്ല. സ്ത്രീയെ അമ്മയായി, ദേവിയായി, ഭാര്യയായി, സൃഷ്ടിചൈതന്യമായി കാണുന്ന സംസ്കൃതികള്‍ ലോകത്തില്‍ പല രാജ്യങ്ങളിലും രൂപപ്പെട്ടിരുന്നു; എന്നാല്‍ അവിടങ്ങളില്‍ പോലും അവളെ സ്വാതന്ത്ര്യം അര്‍ഹിക്കാത്തവളായി, അനുസരിക്കാനും അടിമപ്പെട്ടിരിക്കാനും മാത്രം അവകാശമുള്ളവളായി നിലനിര്‍ത്തുവാന്‍ പുരുഷമേധാവിത്വം എന്നും ശ്രമിച്ചിരുന്നു. പുരുഷന്മാര്‍ നില്‍ക്കുന്ന വേദിയില്‍ കയറാന്‍ പോലും പാടില്ല എന്ന് സ്ത്രീസമൂഹത്തോടു കല്‍പ്പിക്കുന്നവരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലും കാണുന്നു എന്നുവരുമ്പോള്‍ സുവിശേഷവെളിച്ചം കടന്നുചെന്നിട്ടില്ലാത്ത ഗോത്രസമൂഹങ്ങള്‍ എത്രമേല്‍ പ്രാകൃതബോധത്തോടെയാണ് സ്ത്രീത്വത്തെ അടിച്ചമര്‍ത്തിയിരുന്നത് എന്ന് ഊഹിക്കാന്‍പോലും പ്രയാസമായിരിക്കും.

ക്രൈസ്തവ സഭ രൂപംകൊണ്ട ആദ്യ പെന്തക്കൊസ്താ ദിനത്തില്‍ തന്നെ സ്ത്രീ-പുരുഷ തുല്യത ക്രൈസ്തവ സഭയുടെ അടിസ്ഥാനമായിരിക്കുമെന്ന പ്രഖ്യാപനവും കാണാം. പത്രോസ് അപ്പൊസ്തൊലന്‍ പരിശുദ്ധാത്മ പൂര്‍ണ്ണനായി വിളിച്ചു പറയുന്നു “അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്‍െറ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും” (അപ്പ പ്രവൃത്തി 2:17). സ്ത്രീക്ക് വിശുദ്ധ ബൈബിള്‍ നല്‍കുന്നത് പുരുഷനു തുല്യമായ മൂല്യമാണെന്ന പ്രഖ്യാപനമാണ് പത്രോസിൻ്റെ പന്തക്കുസ്താ പ്രസംഗത്തിൽ ഉയർന്നു കേട്ടത്. പരിശുദ്ധാത്മ പകർച്ച സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നൽകപ്പെടുമെന്നും ഇരു വിഭാഗവും ഒരു പോലെ സുവിശേഷ സന്ദേശത്തിന് സാക്ഷികളാകും എന്നുമുള്ള ദൂതായിരുന്നു പന്തക്കുസ്തായെ സ്ത്രീ-പുരുഷ സമത്വ ദർശനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമാക്കുന്നത്.

സ്ത്രീ -പുരുഷ സമത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ബൈബിൾ വാക്യം ഗലാത്യലേഖനം 2:28ലാണുള്ളത്. “പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല, എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്” ഇവിടെ വായിക്കുന്നു. പുരുഷനു തുല്യമായി പരിഗണിക്കപ്പെടേണ്ടവളാണ് സ്ത്രീയും എന്ന ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാന ബോധ്യത്തെ അരക്കിട്ട് ഉറപ്പിക്കുകയാണ് ഗലാത്യലേഖനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീസമൂഹത്തിന്‍റെ നാനാവിധമായ ശാക്തീകരണത്തിന് ക്രൈസ്തവ സഭ എക്കാലത്തും എല്ലാവിധ പിന്തുണയും നല്‍കിയായിരുന്നു. സുവിശേഷം കടന്നുചെന്ന എല്ലാ സമൂഹങ്ങളിലും സ്ത്രീയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ സഭകളും പ്രതിജ്ഞാബദ്ധരായി പ്രവർത്തിച്ചിരുന്നു. എന്നാല്‍ ഈ സ്ത്രീമൂല്യം പൂര്‍ണ്ണമായ നിലയില്‍ അവർക്കു നൽകാൻ ഭാരതത്തിലെ പല സഭകളും ഇന്നും തയ്യാറായിട്ടില്ല എന്നത് ഒരു വസ്തുതയാണ്. സ്ത്രീത്വത്തോടുള്ള “ഏഷ്യൻ മനോഭാവം” പലപ്പോഴും നമ്മെ പുറകോട്ടു വലിക്കുന്നതായി കാണാം. എന്നാൽ സ്ത്രീത്വത്തിന്‍റെ മഹനീയതയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അതിന്‍റെ ഉയര്‍ന്ന പടവിലേക്ക് എത്തിച്ചേരാന്‍ ഇനി എത്രദൂരമുണ്ട് എന്ന് ഓരോരുത്തരേയും ബോധ്യപ്പെടുത്തുന്നതിനുള്ള മാനദണ്ഡമായി ഗലാത്യര്‍ 2:28, അപ്പ.പ്രവൃത്തി 2:17 എന്നീ വാക്യങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിലകൊള്ളുന്നു.

സുവിശേഷങ്ങളിൽ ശിഷ്യന്മാർ ഉൾപ്പെടെയുള്ള പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ക്രിസ്തുവിനെ കൂടുതല്‍ മനസ്സിലാക്കിയത് എന്ന് പറയുന്ന നിരീക്ഷകരുണ്ട്. വാസ്തവത്തില്‍ ഈ നിരീക്ഷണം വളരെ ശരിയാണെന്നു പറയാം. ഈശോമശിഹായുടെ അമ്മയായ മറിയം തൻ്റെ പുത്രനെ അറിഞ്ഞതുപോലെ മനുഷ്യചരിത്രത്തിൽ ക്രിസ്തുവിനെ അറിഞ്ഞ മറ്റൊരു വ്യക്തി ഉണ്ടാകില്ല. മനുഷ്യവംശം ദൈവമാതാവിനെ ഇത്രമേൽ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നതിനും വണങ്ങുന്നതിനുമുള്ള കാരണം ദൈവപുത്രനെ വാസ്തവമായി മനസ്സിലാക്കിയ വനിതാരത്നം എന്ന നിലയിലാണ്.

ഈശോമശിഹായുടെ പരസ്യശുശ്രൂഷാ കാലത്ത് അവിടുത്തോടൊപ്പം സഞ്ചരിച്ചത് സ്ത്രീകളുടെ വലിയ കൂട്ടങ്ങളായിരുന്നു. ഈ കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു മാന്യവനിതയായിരുന്നു ഹെരോദാവിന്‍റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവന്ന. യോവന്നയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകള്‍ തങ്ങളുടെ സമ്പത്തുകൊണ്ട് ഈശോമശിഹായേയും അവിടുത്തെ ശിഷ്യന്മാരേയും ശുശ്രൂഷിക്കുന്നവരായിരുന്നു (ലൂക്കോസ് 8:3) എന്ന് സുവിശേഷം എടുത്തു പറയുന്നുണ്ട്. പരസ്യജീവിതകാലത്ത് ഈശോ മശിഹായുടെയും ശിഷ്യന്മാരുടെയും ജീവിതച്ചെലവ് വഹിച്ചിരുന്നത് യോവന്നയും സൂസന്നയും ഉൾപ്പെട്ടിരുന്ന വനിതകളായിരുന്നു.

ഈശോമശിഹായുടെ ശിഷ്യന്മാരായ പുരുഷവിഭാഗം പീഡാനുഭവത്തിന്‍റെയും ക്രൂശീകരണത്തിന്‍റെയും നിർണായകഘട്ടങ്ങളില്‍ ഓടിയൊളിച്ചു. എന്നാല്‍ ഗലീലിയ മുതൽ ഈശോയെ പിൻപറ്റിയ ഒരുപറ്റം സ്ത്രീകളെ കണ്ടതായി ലുക്ക 23:49 ൽ രേഖപ്പെടുത്തുന്നു. ഈശോമശിഹായുടെ പുനഃരുത്ഥാനം സംഭവിച്ചു എന്നത് ആദ്യമായി തിരിച്ചറിഞ്ഞത് മഗ്ദലേനമറിയവും യോവന്നയും യാക്കോബിന്‍െറ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമായിരുന്നു (ലൂക്ക് 24:9,10).

മനുഷ്യനായി അവതരിച്ച ദൈവം സ്ത്രീയെയും പുരുഷനെയും രണ്ടുതട്ടില്‍ കണ്ടില്ല. പരസ്യശുശ്രൂഷയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അത്ഭുതത്തിന് പാത്രമായവരും സൗഖ്യമായവരുമായ ജനങ്ങളില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നുണ്ട്. ഈശോ ആരാധനയുടെ ആഴമേറിയ നിര്‍വ്വചനം നല്‍കിയത് ദാമ്പത്യജീവിതത്തില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന ഒരു സമരിയാ സ്ത്രീയോടായിരുന്നു (യോഹ 4:24). (എന്നാല്‍ രസകരമായ മറ്റൊരു കാര്യം ഈ സംഭവത്തോടു ചേര്‍ത്തു ചിന്തിക്കേണ്ടതുണ്ട്. മതകാര്യങ്ങളില്‍ തീഷ്ണത വച്ചുപുലര്‍ത്തുന്ന നിക്കോദേമോസിനോട് ഈശോമശിഹാ പറയുന്നത് നീ വീണ്ടും ജനിക്കണം എന്നുമാണ്!).

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടതിനാൽ കല്ലെറിഞ്ഞു കൊല്ലാന്‍ മോശയുടെ നിയമം വിധിക്കപ്പെട്ട സ്ത്രീയോട് “ഇനിമേല്‍ പാപം ചെയ്യരുത്” എന്ന നിര്‍ദ്ദേശത്തോടെ ഈശോ അവളെ രക്ഷിക്കുന്ന സംഭവം യോഹന്നാന്‍ എട്ടാം അധ്യായത്തില്‍ വിവരിക്കുന്നു. ധാര്‍മ്മികമായി ജീവിതത്തില്‍ തകര്‍ച്ച നേരിടുന്നവര്‍ക്കും പ്രത്യാശയോടെ ദൈവപുത്രനെ സമീപിക്കാനും പാപക്ഷമ നേടുവാനും പുതിയ ജീവിതം നയിക്കാനും കഴിയുമെന്ന സന്ദേശമാണ് ഇവിടെ വെളിപ്പെടുന്നത്. തന്‍റെ അടുക്കല്‍ വരുന്ന വ്യക്തി ആരുമാകട്ടെ, അവരെ താന്‍ കൈവെടിയുകയില്ല (യോഹ 6:37) എന്ന വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രിസ്തു ചേര്‍ത്തുനിര്‍ത്തിയ സ്ത്രീപുരുഷന്മാരുടെ ആഗോള കൂട്ടായ്മയാണ് ക്രിസ്തുസഭ.

സ്ത്രീകളുടെ ആര്‍ത്തവകാലം അശുദ്ധിയുടെ കാലമാണെന്ന ലോകമതചിന്തകളെ നിരാകരിച്ചുകൊണ്ട്, 12 വര്‍ഷമായി രക്തസ്രാവത്താല്‍ കഷ്ടപ്പെട്ട ഒരു സ്ത്രീയെ സൗഖ്യമാക്കിയ ഈശോമശിഹാ (മര്‍ക്കോസ് 5:25-34) സ്ത്രീമൂല്യം ഉയര്‍ത്തിപ്പിടിച്ച വിമോചകനായിരുന്നു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആധുനികലോകത്തുപോലും മതങ്ങള്‍ മത്സരിക്കുമ്പോള്‍, സ്ത്രീയുടെ പക്ഷത്തുനിന്ന് ഈ വിഷയത്തെ മനസ്സിലാക്കിയ ക്രിസ്തു സ്ത്രീജന്മത്തിന്‍റെ മഹത്വമാണ് ഇവിടെ ഉയര്‍ത്തിയത്.

ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് ക്രിസ്തുവില്‍നിന്ന് പാപക്ഷമ ലഭിച്ചപ്പോള്‍ അവള്‍ കണ്ണീര്‍കൊണ്ട് അവിടുത്തെ പാദം കഴുകുകയും തന്‍റെ തലമുടികൊണ്ട് തുടച്ച് ആ പാദത്തില്‍ ചുംബിക്കുകയും ചെയ്യുന്ന ബഥാനിയായിലെ തൈലാഭിഷേക സംഭവം ഹൃദയസ്പര്‍ശിയാണ്. ലോകത്തില്‍ എവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം അവളും അനുസ്മരിക്കപ്പെടുമെന്ന് ഈശോമശിഹാ പ്രഖ്യാപിച്ചു. (മത്തായി 26: 6-13, മാര്‍ക്കോസ് 14:3-9, ലൂക്കോസ് 7:36, യോഹ 12:1-8). നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയ അപൂർവ്വം സംഭവങ്ങളിൽ ഒന്നാണിത്. സ്ത്രീഹൃദയത്തിന്‍റെ വേദന അതിന്‍റെ തീവ്രതയില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ക്രിസ്തുവിനെയാണ് ഈ അവസരത്തില്‍ സുവിശേഷത്തില്‍ വിവരിക്കുന്നത്. ഈ രംഗത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു വാക്യം ഹെബ്രായ ലേഖനത്തിലും കാണാം. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍, വേണ്ടസമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍െറ സിംഹാസനത്തെ സമീപിക്കാം (ഹെബ്രായര്‍ 4:15,16).

സ്ത്രീ-പുരുഷ വേർതിരിവില്ലാതെ മനുഷ്യനെ സ്നേഹിച്ച ക്രിസ്തുവിൻ്റെ സഭ ഈ മഹത്തരമായ ബോധ്യം ഉയർത്തിപ്പിടിക്കുന്ന ചരിത്രമാണ് കഴിഞ്ഞ 20 നൂറ്റാണ്ടുകളിലെ ക്രൈസ്തവ സഭയ്ക്ക് പറയാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments