Monday, December 2, 2024
No menu items!
Homeആനുകാലികംനമുക്കു വേണ്ടി ''സംശയിക്കുന്ന തോമാ"

നമുക്കു വേണ്ടി ”സംശയിക്കുന്ന തോമാ”

“തോമാസ്ലീഹായുടെ ദൈവശാസ്ത്രം” എന്നത് കേട്ടുകേൾവിയുള്ള പദപ്രയോഗമല്ല. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ, പൗലോസിന്‍റെയും പത്രോസിന്‍റെയും യോഹന്നാന്‍റെയും അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ദൈവശാസ്ത്ര ചിന്താധാരകൾ പോലെ ആഴമേറിയ പഠനങ്ങൾക്കും ചർച്ചകൾക്കും വിഷയിഭവിച്ചിട്ടില്ല. ദിവ്യരക്ഷകനെക്കുറിച്ചുള്ള തന്‍റെ എല്ലാ ദൈവശാസ്ത്ര ബോധ്യങ്ങളെയും “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും” എന്ന വാചകത്തിൽ തോമാ ഉൾക്കൊള്ളിച്ചു. അതിനു ശേഷം, തന്നിൽ ആഴ്ന്നിറങ്ങിയ ക്രിസ്ത്വാവബോധങ്ങളുമായി ഭാരതക്രൈസ്തവ ചരിത്രത്തിലേക്ക് നേരിട്ടു പ്രവേശിക്കുകയായിരുന്നു അദ്ദേഹം.

പരസ്യശുശ്രൂഷാ കാലയളവില്‍ കേസറിയാ ഫിലിപ്പിയാ പ്രദേശത്തുവച്ച് യേശുവിനെക്കുറിച്ച് പത്രോസ് നടത്തിയ വിശ്വാസ പ്രഖ്യാപനം ”നീ ജീവനുള്ള ദൈവത്തിന്‍െറ പുത്രനായ ക്രിസ്തുവാണ്” എന്നായിരുന്നു. ഇതിന് തുല്യമായി “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും” എന്ന് തോമാ പ്രഖ്യാപിക്കുന്നു. “മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്‍െറ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്” എന്ന് ഈശാമശിഹാ കേപ്പയോടു പറഞ്ഞുവെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവു നൽകിയ വെളിപ്പാടുകളുടെ പരസ്യപ്രഖ്യാപനമായിരുന്നു തോമായുടെ മൊഴികളിലും കേട്ടത്.

പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തിലൂടെ പരിശുദ്ധ ത്രീയേകത്വത്തിലുള്ള യേശുക്രിസ്തുവിന്‍റെ സ്ഥാനവും അവിടുത്തെ മനുഷ്യത്വവും ആയിരുന്നു വെളിപ്പെടുത്തപ്പെട്ടതെങ്കില്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദൈവത്വസമ്പൂർണതയായിരുന്നു തോമാസ്ലീഹായുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ച് ഉറച്ച അടിസ്ഥാനമിട്ട പ്രഖ്യാപനമായിരുന്നു തോമായുടെ വിശ്വാസ പ്രഖ്യാപനത്തിൽ ഉയർന്നു കേട്ടത്.

ഉത്ഥിതനെ കാണാതെ വിശ്വസിക്കില്ല എന്നായിരുന്നു തോമായുടെ നിർബന്ധം. ”എന്നെ തൊട്ടറിയുക” എന്ന് തന്‍റെ വത്സലശിഷ്യനോട് ക്രിസ്തു പറയുന്നു.

അവിടുത്തെ വിലാപ്പുറത്ത് തോമാ സ്പര്‍ശിച്ചപ്പോള്‍ നിത്യതയെ സ്പര്‍ശിക്കുവാനാണ് അദ്ദേഹത്തിന് മഹാഭാഗ്യം ലഭിച്ചത്. ഏശയ്യാവ് ഉന്നതത്തില്‍ ദർശിച്ചവനെയും ദാനിയേല്‍ ദര്‍ശനത്തില്‍ കണ്ടവനേയും യോഹന്നാന് വെളിപ്പാടില്‍ പ്രത്യക്ഷനായവനെയും തൊട്ടറിയാനുള്ള അസുലഭ ഭാഗ്യമാണ് തോമായ്ക്ക് കൈവന്നത്. തോമായുടെ സുവിശേഷ പ്രയാണം മൈലാപ്പൂരിൽ അവസാനിക്കുന്നതു വരേയും അദ്ദേഹത്തെ നയിച്ചത് താൻ തൊട്ടറിഞ്ഞ ക്രിസ്ത്വാനുഭവങ്ങളായിരുന്നു. കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളായി ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ നയിക്കുന്നതും തോമായിൽ നിന്നും പകർന്നു കിട്ടിയ ഈ തൊട്ടറിവുകളാണ്.

സംശയാലു എന്നതുപോലെ മനസിലാകാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിന്നും തോമാ മടികാണിച്ചില്ല. തോമായുടെ ചോദ്യവും അതിനു ലഭിച്ച മറുപടിയും ക്രൈസ്തവ സഭയ്ക്ക് പിന്നീട് വലിയ മുതല്‍ക്കൂട്ടായി മാറി. ഒരിക്കല്‍ ഈശോമശിഹാ പറഞ്ഞു: “ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല”. മടികൂടാതെ തോമാ ഉയർത്തായ വെറുമൊരു ചോദ്യത്തിന് ഈശോ വ്യക്തമായ ഉത്തരമാണ് നൽകിയത്. തന്നേക്കറിച്ച് ക്രിസ്തു നൽകിയ കാലാതിവർത്തിയായ പ്രസ്താവനയായി “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല” എന്നതിനെ മനുഷ്യവംശം ഏറ്റെടുത്തു.

മൂന്നുവര്‍ഷത്തോളം കൂടെ നടന്നിട്ടും ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളും അത്ഭുതങ്ങളും കണ്ടിട്ടും എന്തുകൊണ്ട് തോമാ അവിശ്വാസിയായിപ്പോയി? “അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക” എന്ന് ഗുരു അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നതായി നാം വായിക്കുന്നു. വാസ്തവത്തില്‍ തോമായുടെ സംശയം നമ്മുടെ സംശയങ്ങളായിരുന്നു, അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ നമ്മുടെ ചോദ്യങ്ങളായിരുന്നു. തോമായുടെ അവിശ്വാസത്തെ മുന്നില്‍ നിര്‍ത്തി ക്രിസ്തു നമ്മള്‍ ഓരോരുത്തരോടുമാണ് സംസാരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൗതികലോകം പ്രബലപ്പെടുമ്പോള്‍, ദൈവപുത്രന്‍ ഓരോ മനുഷ്യനോടും പറയുന്നതു കേൾക്കാം – “അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക”, “എന്നെ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍”.

അതെ, തോമാ നമുക്കുവേണ്ടി സംശയിച്ചു, നമുക്കുവേണ്ടി ചോദ്യങ്ങള്‍ ചോദിച്ചു, നമുക്കുവേണ്ടി ഭാരതമണ്ണില്‍ കടന്നുവന്നു. പുതുഞായർ ദിനത്തിൽ ഭാരതസഭ തോമാസ്ളീഹായേ ഓർമ്മിക്കുന്നു; അദ്ദേഹത്തിൽ നിന്നും തലമുറകളിലേക്ക് പകരപ്പെട്ട ക്രിസ്തു വിശ്വാസത്തേ ഉയർത്തിപ്പിടിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments