Saturday, July 27, 2024
No menu items!
Homeആനുകാലികംതവളയുടെ പ്രാര്‍ത്ഥന

തവളയുടെ പ്രാര്‍ത്ഥന


പ്രമുഖ ഈശോസഭാ വൈദികനായിരുന്ന ഫാദര്‍ അന്തോണി ഡിമെല്ലോ (Fr Anthony de Mello)യുടെ “തവളയുടെ പ്രാര്‍ത്ഥന” (The Prayer Of The Frog) എന്ന ഗ്രന്ഥം ലോകപ്രസിദ്ധമാണ്. നുറുങ്ങുകഥകള്‍കൊണ്ട് ചിന്തയുടെ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച മഹാനുഭവനായിരുന്നു ഫാദര്‍ ഡിമെല്ലോ. അദ്ദേഹത്തിന്‍റെ കഥാപുസ്തകത്തില്‍ ഒന്നാം വാള്യത്തിലെ ഒരു കഥ തന്‍റെ മറ്റെല്ലാ കഥകളിലും പ്രസിദ്ധമാണ്. ഫാദര്‍ ഡിമെല്ലോയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ പലരും ഓര്‍മിക്കുന്നത് “തവളയുടെ പ്രാര്‍ത്ഥന” എന്ന പുസ്തകത്തെക്കുറിച്ചും അതിൽ ഒരു കർഷകൻ്റെ മനോഹരമായ പ്രർത്ഥനാനുഭവത്തെക്കുറിച്ചും ആയിരിക്കും. കഥ ഇങ്ങനെ:

ചന്തയില്‍നിന്ന്, വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആ സാധുകര്‍ഷകന്‍. വഴിമധ്യേ കാടിന്‍റെ നടുവില്‍ വച്ച് തന്‍റെ കാളവണ്ടിയുടെ ചക്രം ഊരിപ്പോയത് അദ്ദേഹത്തെ ഏറെ വ്യാകുലനാക്കി, ഇതിനേക്കാളേറെ അദ്ദേഹത്തെ നിരാശനാക്കിയത് എപ്പോഴും താന്‍ കൈയില്‍ കരുതുന്ന പ്രാര്‍ത്ഥനാ പുസ്തകം എടുക്കാതെയാണ് രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയത് എന്നതായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ ഈ പ്രതിസന്ധിയില്‍ എന്തു ചെയ്യുമെന്നു ദുഃഖിച്ചിരുന്ന അദ്ദേഹത്തിന്‍റെ മനസ്സില്‍ പെട്ടെന്ന് ഒരു ബുദ്ധിയുദിച്ചു. അദ്ദേഹം വളരെ സങ്കടത്തോടെ ദൈവമുമ്പാകെ ഒരു നിര്‍ദ്ദേശം വച്ചു.

“ദൈവമേ, ഞാന്‍ ഇന്ന് വളരെ വലിയ ഒരു മണ്ടത്തരം ചെയ്തു, എന്‍റെ പ്രാര്‍ത്ഥനാ പുസ്തകം എടുക്കാതെയാണ് ഇന്ന് രാവിലെ ഞാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. പ്രാർത്ഥന പുസ്തകം ഇല്ലാതെ ഓര്‍മ്മയില്‍നിന്ന് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് അറിയില്ല. അതിനാല്‍ എന്‍റെ ഭാഷയുടെ അക്ഷരമാല വളരെ സാവധാനം അഞ്ചു പ്രാവശ്യം ഞാന്‍ ചൊല്ലും. എല്ലാ പ്രാര്‍ത്ഥനകളും കേട്ടു പരിചയമുള്ള അങ്ങ്, ഈ അക്ഷരമാലയില്‍നിന്ന് ഒരു പ്രാര്‍ത്ഥനയ്ക്കുവേണ്ടിയുള്ള അക്ഷരങ്ങളെ ചേര്‍ത്തുവച്ച്, അതിനെ എന്‍റെ പ്രാര്‍ത്ഥനയായി സ്വീകരിക്കണമേ”.

കര്‍ഷകന്‍റെ നിഷ്കളങ്കമായ ഈ ആവശ്യം കേട്ട ദൈവം തന്‍റെ മാലാഖയോടു പറഞ്ഞു “ഇന്ന് ഞാന്‍ കേട്ടുകൊണ്ടിരുന്ന എല്ലാ പ്രാര്‍ത്ഥനകളില്‍നിന്നും സംശയലേശമെന്യ പറയട്ടെ, ഈ സാധു കര്‍ഷകനില്‍നിന്നു ഉയര്‍ന്നു കേട്ട പ്രാര്‍ത്ഥനയാണ് തികച്ചും ആത്മാര്‍ത്ഥവും ലളിതവുമായ പ്രാര്‍ത്ഥന; അത് ഏറ്റവും സ്വീകാര്യമായിരിക്കുന്നു”.

ആത്മീയത പ്രകടനമായി മാറുമ്പോള്‍, ആചാരങ്ങള്‍ മടുപ്പുളവാക്കുമ്പോള്‍ ഫാദര്‍ ഡിമെല്ലോയുടെ തവളയുടെ പ്രാര്‍ത്ഥനയിലെ ഈ പേരില്ലാത്ത സാധു കര്‍ഷകനെ ഞാന്‍ ഓര്‍ത്തുപോകും. മഹാദൈവത്തിന്‍റെ മുമ്പാകെ എത്രയോ സ്വാതന്ത്ര്യമായിരുന്നു ഈ ഗ്രാമീണ കര്‍ഷകന് ഉണ്ടായിരുന്നത്! ഭക്തന്‍റെ പരിമിതികളും അജ്ഞതയും അവന് ഭയവും ഭാരവുമാകാതെ ധൂര്‍ത്തപുത്രന്‍റെ പിതാവിനെപ്പോലെ അവനെ മനസ്സിലാക്കുന്ന ദൈവത്തെ വിസ്മയകരമായി ആവിഷ്കരിച്ചതാണ് ഈ കഥയുടെ മനോഹാരിത. ദൈവം പിതാവായി വെളിപ്പെടുന്ന ക്രിസ്തുമൊഴികള്‍ ഡിമെല്ലോ അച്ചന്‍റെ കഥയില്‍ പുനർജനിക്കുന്നു. അദ്ദേഹത്തിന്‍റെ കഥകളെല്ലാം ആഴമേറിയ ആത്മീയ മർമ്മങ്ങളുടെ ലളിതമായ ആവിഷ്കാരങ്ങളാണ്.

വാക്കുകളും ഭാഷണവുമില്ലാത്ത മൗനം ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ് എന്നു വായിച്ചറിഞ്ഞത് ഗുരു നിത്യചൈതന്യ യതിയില്‍നിന്നായിരുന്നു. ശബ്ദമില്ലായ്മയിലും ആരാധിക്കാം പ്രാര്‍ത്ഥിക്കാം. എല്ലാ ശബ്ദങ്ങളുടെയും ഉച്ചസ്ഥായി ശബ്ദമില്ലായ്മയാണല്ലോ. അപ്പോള്‍ നിശ്ശബ്ദതയിലുള്ള ദൈവസാന്നിധ്യാനുഭവം ശബ്ദമുഖരിതമായ പ്രാര്‍ത്ഥനകളേക്കാള്‍ പ്രധാനപ്പെട്ടതാണ് എന്ന സന്ദേശമായിരുന്നു യതി നല്‍കിയത്.

സാധു സുന്ദര്‍സിംഗ് ഹിമാലയസാനുക്കളിലും കാശിയിലും ഹരിദ്വാറിലും നിരവധി ക്രിസ്ത്യന്‍ താപസന്മാരെ കണ്ടുമുട്ടിയതായി വിവരിക്കുന്നു. നിശ്ശബ്ദതയില്‍ ദൈവികതയുമായി സംഗമിച്ച് അതില്‍ ആമഗ്നരായിരിക്കുന്നവരെ അദ്ദേഹത്തിന്‍റെ എഴുത്തുകളില്‍ പലപ്പോഴും നാം കണ്ടുമുട്ടും. മൗനം പ്രാര്‍ത്ഥനയുടെയും ദൈവാരാധനയുടെയും ഭാഗമാണെന്ന യാഥാര്‍ത്ഥ്യം മറന്നുപോയൊരു ലോകമാണിന്ന്. നിശ്ശബ്ദതയില്‍ ദൈവാരാധന സാധ്യമാണെന്ന് പഠിപ്പിക്കുന്ന ക്രൈസ്തവസഭകള്‍ ഉണ്ടോ എന്നു തന്നെ സംശയമാണ്. സന്യാസാശ്രമങ്ങളിലും ദയറാകളിലും കന്യാസ്ത്രീ മഠങ്ങളിലും നിശ്ശബ്ദമായിരുന്ന് ധ്യാനിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ സന്യാസാശ്രമങ്ങൾക്കു വെളിയില്‍ ആത്മീയതയെ ശബ്ദമുഖരിതമാക്കുവാനാണ് ഏവർക്കം താൽപര്യം.

മനുഷ്യജീവിതം സങ്കീര്‍ണ്ണമാകുന്തോറും ജീവിതം കോലാഹലങ്ങള്‍കൊണ്ട് നിറയുന്നു. പ്രാര്‍ത്ഥനയ്ക്ക് ശബ്ദവും ഭാഷയും ആത്മീയാന്തരീക്ഷവും വേണം എന്ന് ശഠിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ലോകത്തില്‍, നിശ്ശബ്ദതയും മൗനവും പ്രാര്‍ത്ഥനയുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞവര്‍ വിരളമാണ്.

സര്‍വ്വജ്ഞാനിയായ ദൈവത്തിന് എല്ലാ ഭാഷയും അറിയാമെന്നു നമുക്കുള്ള ഒരു വിശ്വാസമാണ് പ്രാര്‍ത്ഥനയ്ക്ക് ഭാഷയെയും അര്‍ത്ഥത്തെയും കൂടുതല്‍ ആശ്രയിക്കുന്നതിന് ഇടയാക്കുന്നത്. ഭാഷയില്ലെങ്കിലും പ്രാര്‍ത്ഥിക്കാം. എത്രമേല്‍ ഭാഷാപണ്‍ഡിതനാണെങ്കിലും ”വേണ്ടപോലെ പ്രാര്‍ത്ഥിക്കാന്‍ നമുക്ക് അറിയില്ല” എന്നാണ് റോമാ ലേഖനം 8:26ല്‍ വായിക്കുന്നത്. അന്തരാത്മാവില്‍ അനുഭവപ്പെടുന്നതും ഉച്ചരിക്കാന്‍ കഴിയാത്തതുമായ ആന്തരിക ഞരക്കങ്ങള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായ പ്രാര്‍ത്ഥനാ ധൂപങ്ങളാണത്രെ. ഭക്തന്മാരുടെ ആത്മാവില്‍നിന്ന് ഉയരുന്ന ഈ ആത്മഞരക്കങ്ങളാകുന്ന പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയിലേക്ക് ഉയരുന്നതും സ്വീകാര്യവുമായ സുഗന്ധധൂപങ്ങള്‍ (വെളിപ്പാട് 5:8) എന്ന് കരുതാം.

വാക്കുകള്‍ക്കും ശബ്ദത്തിനും അതിലെ അർത്ഥത്തിനും അതീതമാണ് പ്രാര്‍ത്ഥന എന്നത് ബോധ്യമാക്കിത്തന്ന താപസവര്യനായിരുന്നു സാധു സുന്ദര്‍സിംഗ്. “ആരാധനയ്ക്കുള്ള ആഗ്രഹം സൃഷ്ടാവാണ് മനുഷ്യനില്‍ സൃഷ്ടിച്ചിട്ടുള്ളത്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ മനുഷ്യന് സാധ്യമല്ല. ഈ ആഗ്രഹത്താല്‍ നയിക്കപ്പെടുന്ന മനുഷ്യന്‍ തന്‍റെ സ്രഷ്ടാവുമായി സംസര്‍ഗ്ഗം പാലിക്കുകയോ സ്രഷ്ടാവുമായി കൂട്ടായ്മ അനുഭവിക്കുകയോ ചെയ്യുന്നതിനു വേണ്ടിയത്രേ ഇത് ” (സാധു സുന്ദര്‍സിംഗിന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍).

സൃഷ്ടാവുമായുള്ള കൂട്ടായ്മയില്‍ ഭാഷയും വാക്കുകളും ശബ്ദവും എല്ലാം അനാവശ്യ ഘടകങ്ങളാണ്. സുന്ദര്‍സിംഗിന്‍റെ അഭിപ്രായത്തില്‍ “മനുഷ്യന്‍ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമാണ്. പ്രപഞ്ചം പ്രതിബിംബിക്കുന്ന ഒരു കണ്ണാടി. തന്മൂലം ദൃശ്യവും അദൃശ്യവുമായ സൃഷ്ടി അവനില്‍ പ്രതിഫലിക്കുന്നു. ഈ ലോകത്തില്‍ ദൈവത്തെ വ്യാഖ്യാനിക്കുവാന്‍ കഴിവുള്ള ഏക ജീവി മനുഷ്യനാണ്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഷയാണ്. പ്രകൃതിയുടെ നിശ്ശബ്ദ ഭാഷണങ്ങള്‍ക്ക് മനുഷ്യന്‍ വാക്കുകളുടെ രൂപം നല്‍കുന്നു”

ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള കൃത്യതയാര്‍ന്ന പദങ്ങളുടെ പേരിലായിരുന്നു ആദിമ കാലഘട്ടങ്ങളില്‍ ക്രൈസ്തവ സഭകളില്‍ വിഭാഗീയതയുടെ കൊടുങ്കാറ്റുകള്‍ ഉയര്‍ന്നത്. വാക്കുകളില്‍ മറഞ്ഞുകിടക്കുന്ന അര്‍ത്ഥങ്ങളുടെ പ്രാദേശിക വകഭേദങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും സഭകളുടെ സ്വൈര്യം കെടുത്തിയിട്ടുണ്ട്. ഇന്നും ആരാധനയുടെ ഭാഷയുടെ പേരിലുള്ള തര്‍ക്കം പലരിലും ആത്മീയപ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരു വാക്കിന് കിഴക്ക് ഇതാണ് അര്‍ത്ഥമെങ്കില്‍ പടിഞ്ഞാറ് വേറെയര്‍ത്ഥമാണ്. ലാറ്റിനില്‍ ഇതാണ് അര്‍ത്ഥമെങ്കില്‍ ഗ്രീക്കില്‍ ഇതാണ്… സഭാ സംഘര്‍ഷങ്ങള്‍ പലപ്പോഴും വാക്കുകളുടെയും അര്‍ത്ഥത്തിന്‍റെയും പേരിലായിരുന്നു. ദൈവത്തെ ത്രിത്വത്തില്‍ നിജപ്പെടുത്തി, ത്രിത്വത്തിന് വ്യാഖ്യാനം നല്‍കാന്‍ തുടങ്ങിയിട്ട് കാലം കുറേ കഴിഞ്ഞു, നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പണ്‍ഡിതര്‍ പലരും പരിശ്രമിച്ചിട്ടും ഇന്നും ചോദ്യം മാത്രം അവശേഷിക്കുന്നു!

ദൈവം ഭാഷയ്ക്ക് അതീതനാണ്. മഹാപ്രപഞ്ചത്തില്‍ ഒതുങ്ങാത്ത ദൈവത്തെ ഭാഷയില്‍ ഒതുക്കാന്‍ പലരും ഇന്നും വിഫലശ്രമം നടത്തുന്നു. പ്രാര്‍ത്ഥന മതാചാരങ്ങളുടെ ഭാഗമായി നിലകൊള്ളുമ്പോള്‍ അതിന് ഭാഷയും പദങ്ങളും അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും ആചാരങ്ങളും വേണം. എന്നാല്‍ സുന്ദര്‍സിംഗിന്‍റെ അഭിപ്രായത്തില്‍ “ആരാധനയ്ക്കുള്ള ആഗ്രഹം സൃഷ്ടാവാണ് മനുഷ്യനില്‍ സൃഷ്ടിച്ചത്” എന്ന തിരിച്ചറിവുണ്ടെങ്കില്‍ അക്ഷരങ്ങള്‍ക്കും അര്‍ത്ഥത്തിനും അതീതമാണ് സൃഷ്ടാവുമായുള്ള കൂട്ടായ്മാ ബന്ധം. ഇതിന് മനുഷ്യാത്മാവില്‍ അനുഭവപ്പെടുന്ന ആന്തരിക ഞരക്കങ്ങളാണ് ആരാധനയുടെ ഭാഷയായി, അര്‍ത്ഥമായി, വ്യാകരണമായി പരിണമിക്കുന്നത്.

ആധുനികലോകക്രമത്തില്‍ മനുഷ്യജീവിതം ഏറെ സങ്കീര്‍ണ്ണവും പിരിമുറുക്കം നിറഞ്ഞതും സംഘര്‍ഷഭരിതവുമാണ്. ഈ സങ്കീര്‍ണ്ണതകളില്‍നിന്നും വെല്ലുവിളികളില്‍നിന്നും ആശ്വാസം തേടിയാണ് മനുഷ്യന്‍ ദൈവസന്നിധിയിലേക്ക് കടന്നു വരുന്നത്. എന്നാല്‍ അവിടം ആശയക്കുഴപ്പങ്ങള്‍ കൊണ്ട് നിറക്കാനാണ് മതനേതൃത്വങ്ങള്‍ മത്സരിക്കുന്നത്. ലിറ്റര്‍ജികളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍, പൗരസ്ത്യ – പാശ്ചാത്യ ദൈവശാസ്ത്ര വിവാദങ്ങള്‍, ആരാധനാലയങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ക്കുവേണ്ടിയുള്ള വടംവലികള്‍, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍, പണം സ്വരുക്കൂട്ടുവാനും സ്വരുക്കൂട്ടിയവ ചെലവഴിക്കാനുമുള്ള ചര്‍ച്ചകള്‍…

“യാഗത്തിലല്ല, കരുണയില്‍ പ്രസാദിക്കുന്ന” ദൈവത്തെയാണ് യേശുക്രിസ്തു വെളിപ്പെടുത്തിയത്. കരുണവറ്റിയ മനസ്സുമായി കൊണ്ടാടിയ രക്തയാഗങ്ങളുടെ ശ്രേഷ്ഠതയിലും പെരുന്നാളുകളുടെ മേളക്കൊഴുപ്പിലും മതിമറന്ന ജനത്തോട് ദൈവം പറയുന്നു “ഇനി നിങ്ങള്‍ വ്യര്‍ത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്, ധൂപം എനിക്ക് വെറുപ്പാകുന്നു, അമാവാസിയും ശബത്തും സഭായോഗം കൂടുന്നതും -നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു” (ഏശയ്യ 1:13,14)

ഏശയ്യാ 1: 13-14 വാക്യങ്ങള്‍ “മെസേജ് ബൈബിളില്‍” (The Message Bible) വായിക്കുമ്പോഴാണ് വാസ്തവമായി എന്താണ് അര്‍ത്ഥമെന്ന് മനസ്സിലാകുന്നത്.

“Quit your worship charades.
I can’t stand your trivial religious games:
Monthly conferences, weekly Sabbaths, special meetings
—meetings, meetings, meetings—
I can’t stand one more!
Meetings for this, meetings for that.
I hate them!
You’ve worn me out!
I’m sick of your religion, religion, religion”

ധൂര്‍ത്തപുത്രന്‍റെ പിതാവിനെപ്പോലെ മനസ്സലിയുന്ന ദൈവം കഥകളിലും ഉപമകളിലും മാത്രമേ ജീവിക്കുന്നുള്ളൂ എന്നതാണ് മതങ്ങളുടെ ദൈവാവിഷ്കാര ചിത്രങ്ങളെല്ലാം വരച്ചു കാണിക്കുന്നത്. സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായ ലോകത്തില്‍ മതങ്ങളുടെ പക്ഷത്തുനിന്ന് ദൈവത്തെ കാണുന്ന മനുഷ്യനില്‍ അന്തിമമായി ഭയവും കുറ്റബോധവും മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ കുറ്റബോധവും ഭയവും ഭക്തനില്‍ എത്രമേല്‍ വളര്‍ത്തിയെടുക്കാമോ അത്രമേല്‍ മതങ്ങള്‍ വിജയിക്കുന്നു. പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ ആരാധിച്ചില്ലെങ്കില്‍ മനുഷ്യനെ കടിച്ചുകീറാന്‍ നില്‍ക്കുന്ന ഭീകരസത്വമായി ദൈവത്തെ അവതരിപ്പിക്കുന്നതില്‍ മതങ്ങളെല്ലാം ഒറ്റക്കെട്ടാണ് എന്നതാണ് രസകരം. മതം മതമായിരിക്കുന്നതു തന്നെ ദൈവത്തെക്കുറിച്ചുള്ള ഈ അജ്ഞതയിലാണല്ലോ. ക്രിസ്തുമാര്‍ഗ്ഗം ക്രിസ്തുമതമായി അധഃപതിക്കുന്നിടത്തെല്ലാം ഈ അജ്ഞതയും സഹചാരിയാണ്.

മനുഷ്യനുമായി ബന്ധപ്പെടുന്നതിന് മതം ഇടനില നില്‍ക്കുന്നത് ദൈവം ഇഷ്ടപ്പെടുന്നില്ല. വാസ്തവമായി അവിടുത്തോടുള്ള കൂട്ടായ്മ ആഗ്രഹിക്കുന്ന വ്യക്തികളിലേക്ക് നിശ്ശബ്ദമായി ആത്മാവില്‍ സംവേദിക്കാന്‍ ദൈവം കാത്തിരിക്കുന്നു. ശിഷ്യന്മാരേ ഒരു കല്ലേറു ദൂരെയെങ്കിലും മാറ്റിനിര്‍ത്തി വെളിമ്പ്രദേശങ്ങളില്‍ പിതാവുമായുള്ള വിശുദ്ധ കൂട്ടായ്മയിൽ മതിമറന്നിരുന്ന യേശുക്രിസ്തു അനുഭവിച്ചറിഞ്ഞ ദൈവസാന്നിധ്യത്തിന്‍റെ ഊഷ്മളതകളെ അനുകരിച്ചുവേണം പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും നാം അര്‍ത്ഥം നല്‍കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments