Saturday, July 27, 2024
No menu items!
Homeആനുകാലികംക്രൈസ്തവ സഭകൾ കാലത്തിൻ്റെ അടയാളങ്ങളെ വിസ്മരിക്കുമ്പോൾ...

ക്രൈസ്തവ സഭകൾ കാലത്തിൻ്റെ അടയാളങ്ങളെ വിസ്മരിക്കുമ്പോൾ…


“മാധ്യമം” ദിനപ്പത്രത്തിൻ്റെ ഭാഷയിൽ അഫ്ഘാനിസ്ഥാനിലെ ഭരണം “വിസ്മയാവഹ”മാണെങ്കിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറയുന്നതിൽ നിന്നും മനസ്സിലാകുന്നത് ‘ലോകം മുഴുവൻ ആഗോള വിസ്മയത്തിലേക്ക് നീങ്ങുന്നു” എന്നാണ്. “ആഗോള ജിഹാദിന് അൽ കൊയ്ദയുടെ ആഹ്വാനം, ആശങ്കയോടെ ലോകരാജ്യങ്ങൾ” എന്നായിരുന്നു സെപ്റ്റംബർ 3ന് ഏഷ്യാനെറ്റ് വാർത്തയിൽ കണ്ടത്. ആഗോള ജിഹാദിൻ്റെ ഭാഗമായി കാഷ്മീർ, പലസ്തീൻ, ഇസ്ളാമിക് മഗ്രീബ്, സൊമാലിയ, യെമൻ എന്നീ പ്രദേശങ്ങൾ സ്വതന്ത്രമാക്കാനാണ് ആഗോള ജിഹാദിന് അൽകൊയ്ദ ആഹ്വാനം നൽകിയിരിക്കുന്നത്.

വെളിപ്പാട് പുസ്തകത്തിൽ വായിക്കുന്ന വിധത്തിൽ “ഭൂമിയിൽ നിന്ന് സമാധാനം പൂർണ്ണമായി എടുത്തു മാറ്റപ്പെടുന്ന” നാളുകൾ ആഗതമാകുന്നു എന്ന നിലയിലേക്ക് ലോകക്രമം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു വേണം അനുമാനിക്കാൻ. ആഗോളജിഹാദ് യഥാർത്ഥ വിസ്മയമാകണമെങ്കിൽ അക്രമങ്ങളും കൂട്ടക്കുരുതികളും രക്തപ്പുഴകളും ഒഴുകേണ്ടതുണ്ട്. സ്ഫോടന പരമ്പരകളും ചാവേറുകൾ പൊട്ടിത്തെറിക്കേണ്ടതും നിരപരാധികമുടെ ശരീരങ്ങൾ ചിന്നിച്ചിതറേണ്ടതുമുണ്ട്. ഇന്ത്യയിൽ വിസ്മയം സൃഷ്ടിക്കാൻ തയ്യാറായി കേരളത്തിലും കർണാടകത്തിലുമായി തീവ്രവാദികളുടെ വലിയൊരു സംഘം പമ്മിയിരിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകിയിരിക്കുന്നത് (ദി ഹിന്ദു ജൂലൈ 25, 2020)

ഭീകരവാദം ശക്തിപ്പെടുമ്പോൾ, ജനങ്ങളിൽ ഭയം നിറയുമ്പോൾ, ആശ്രയ ബോധം നഷ്ടപ്പെടുന്ന മനുഷ്യൻ ക്രിസ്തുവിലേക്കും ക്രിസ്തുസഭയിലേക്കും നോക്കുന്നു. ക്രൈസ്തവ സഭയുടെ ശബ്ദത്തിനായി ലോകം കാതോർക്കുന്നു. മാർപാപ്പായുടെ ശബ്ദത്തിന് അതിനാൽ വലിയ പ്രാധാന്യമുണ്ട്. സഭയുടെ ശബ്ദം അനുകമ്പയുടെ ശബ്ദമാണ്. അഭയാർത്ഥികളിൽ, അവരുടെ മതവും വിശ്വാസവും നോക്കാതെ ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യനെയാണ് സഭ കാണുന്നത്. അഭയാർത്ഥികൾ അഭയം നൽകിയ രാജ്യത്തിന് തലവേദന സൃഷ്ടിക്കുന്നുവെങ്കിലും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന സഭയ്ക്ക് അഭയാർത്ഥികളെ സ്നേഹിക്കാനും അവരെ അനുകമ്പയോടെ നോക്കുവാനും മാത്രമേ കഴിയൂ. അതിനാൽ വിമർശനങ്ങളെ അവഗണിക്കാനും മനുഷ്യത്വം കാണിക്കാനും സഭയ്ക്ക് മുമ്പന്തിയിൽ നിൽക്കേണ്ടതുണ്ട്.

കാലത്തിൻ്റെ ചുവരെഴുത്തുകളെ വായിച്ചെടുക്കേണ്ടവരാണ് തൻ്റെ ശിഷ്യന്മാർ എന്ന് ഈശോ മശിഹാ പഠിപ്പിച്ചിട്ടുണ്ട്. “അത്തി വൃക്ഷം തളിർക്കുന്നതു കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു പഠിക്കുവിൻ” (ലൂക്ക് 21:29) എന്ന് അവിടുന്ന് ആവശ്യപ്പെടുന്നു. പ്രഭാതത്തിൽ ചെമ്മാനം കണ്ടാൽ കാറ്റും കോളുമാണെന്നും സായാഹ്നത്തിലെ ചെമ്മാനത്തിൻ്റെ അർത്ഥം കാലാവസ്ഥ പ്രസന്നമാണെന്നും വിലയിരുത്തുന്നവർക്ക് കാലത്തിൻ്റെ മറ്റ് അടയാളങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലേ ? മത്തായി 16:1-3 വാക്യങ്ങളിൽ ഈശോയുടെ പരിഭവം കേൾക്കാം.

മഹാപണ്ഡിതന്മാരുടെ കൂട്ടമാണ് ഇന്നുള്ള എല്ലാ ക്രൈസ്തവ സഭകളും. എന്നാൽ കാലത്തിന് സംഭവിക്കുന്ന ഈ മാറ്റങ്ങൾ ഈ പണ്ഡിതന്മാർ പലർക്കും മനസ്സിലാകുന്നില്ല എന്നതാണ് സത്യം. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരിൽ സഭയിലെ പണ്ഡിതവർഗ്ഗം പരസ്പരം പോരടിക്കുന്നതു കാണുമ്പോൾ കടുത്ത ആശങ്കയോടെ മാത്രമേ സാധാരണ വിശ്വാസികൾക്ക് ഇതൊക്കെ കാണാൻ കഴിയുന്നുള്ളൂ.

വിശുദ്ധ കുർബാനയുടെ പേരിൽ നടക്കുന്ന വിവാദങ്ങളും ഓർത്തഡോക്സ് – യാക്കോബായ സഭകളിലെ കക്ഷി വഴക്കും കാണുമ്പോൾ ക്രൈസ്തവ ചരിത്രത്തിലെ ചില സംഭവങ്ങളാണ് ഓർമ്മ വരുന്നത്. കുരിശുയുദ്ധങ്ങളുടെ അനന്തര ഫലമെന്നോണം റോമാ സാമ്രാജ്യത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ പടിഞ്ഞാറൻ സഭയുടെ ആധിപത്യം വർദ്ധിക്കുകയുണ്ടായി. ഇത് ഇരു ദേശങ്ങളിലുമുള്ള സഭകളുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ തമ്മിലും റോമിലെ മാർപാപ്പയും കോൺസ്റ്റാൻ്റിനോപ്പിൾ പാത്രിയാർക്കിസുമായുള്ള അധികാര വടംവലിയിലേക്കും കാര്യങ്ങളെ കൊണ്ടെത്തിച്ചു.

ഇസ്ളാമതം പല നിലയിലും പ്രബലപ്പെടുകയും ക്രൈസ്തവ സഭകളെ കീഴടക്കിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന അക്കാലത്ത് സഭകൾ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ തർക്കിച്ചുകൊണ്ടിരുന്നത് പ്രധാനമായും നാലു കാര്യങ്ങളെക്കുറിച്ചായിരുന്നു. 1. കിഴക്കൻ സഭകൾക്കുമേലുള്ള മാർപാപ്പായുടെ അധികാരം 2. ദിവ്യബലിയിൽ പുളിക്കാത്ത അപ്പം ഉപയോഗികുന്നതിൻ്റെ സാധ്യത 3. ശുദ്ധീകരണസ്ഥലത്തിൻ്റെ അസ്തിത്വം 4. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്നുണ്ടോ ഇല്ലയോ എന്ന വിഷയം. ഈ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് AD 1431 മുതൽ 1449 വരെ 18 വർഷം നീണ്ടു നിന്ന ഫ്ളോറൻസ് കൗൺസിൽ ചേരുന്നത്. കൗൺസിൽ തീരുമാനങ്ങൾ ഭാഗീകമായി വിജയിച്ചുവെങ്കിലും അധികം കഴിയും മുമ്പ് സഭകൾ തമ്മിലുള്ള ഐക്യം നഷ്ടപ്പെട്ടു എന്നാണ് ചരിത്രം.

സഭകൾ ദൈവശാസ്ത്രത്തിൻ്റെയും അധികാരത്തിൻ്റെയും പേരിൽ കലഹിച്ചു കൊണ്ടിരിക്കുമ്പോൾ ചുറ്റുപാടുകളിൽ വലിയൊരു ഇസ്ളാമിക മുന്നേറ്റം നടക്കുന്നുണ്ടായിരുന്നു. തീപാറുന്ന വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇസ്ളാമിക അധിനിവേശം സഭയിലെ പണ്ഡിതവർഗ്ഗത്തെ തെല്ലും അലോസരപ്പെടുത്തിയില്ല. ഓട്ടോമാൻ സാമ്രാജ്യം 1453 ൽ കോൺസ്റ്റാൻ്റിനോപ്പിളിനെ കീഴടക്കി. ക്രൈസ്തവ സഭയുടെ പൗരാണിക സ്മാരകമായിരുന്ന ഹാഗിയാ സോഫിയാ ദേവാലയം നഷ്ടപ്പെടുന്നത് ആ വർഷമാണ്. തുർക്കി സുൽത്താൻ അതിനെ പിന്നീട് മോസ്കായി മാറ്റി.

“ഗ്രീക്ക് സഭകൾ മാർപാപ്പായെയും മെക്കയിലെ പ്രവാചകനെയും ഒരു പോലെ വെറുത്തു; മാർപാപ്പയാകട്ടെ, തന്നെ എതിർക്കുന്ന ഒരു പാത്രിയാർക്കീസ് കോൺസ്റ്റാൻ്റിനോപ്പിളിൽ അധികാരത്തിൽ ഇരിക്കുന്നതിനേക്കാൾ തുർക്കി സുൽത്താൻ ഭരിക്കുന്നതിനെ കൂടുതൽ സ്വീകാര്യമായി കണ്ടു. ക്രൈസ്തവ സഭകൾ തമ്മിലുള്ള ഈ സംഘർഷം ഇസ്ളാമിൻ്റെ ആക്രമണങ്ങൾക്കും പൗരസ്ത്യദേശത്ത് ഇസ്ളാമിൻ്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും കാരണമായി” (തിരുസ്സഭാ ചരിത്രം, ഡോ.സേവ്യർ കൂടപ്പുഴ, പേജ് 445)

”ചരിത്രത്തിൽ നിന്നും നാം പഠിക്കുന്ന ഏറ്റവും വലിയ പാഠം എന്താണ് ? അത്, ചരിത്രത്തിൽ നിന്നും നമ്മൾ ഒന്നും പഠിക്കുന്നില്ല എന്ന പാഠമാണ്” ചിന്തകനായ ഹേഗൽ പറഞ്ഞത് എത്രയോ ശരിയാണ്! ഇന്ന് കേരള സഭകളിലെ ആഭ്യന്തര പ്രശ്നങ്ങളെ നോക്കുക. ഇസ്ളാമിക തീവ്രവാദം സമൂഹത്തിൽ അതിവേഗത്തിൽ വ്യാപിക്കുമ്പോൾ, ലൗ ജിഹാദും മതപരവും രാഷ്ട്രീയവുമായ സംഘർഷങ്ങളും പകർച്ചവ്യാധികളും ചുറ്റിലും ഇരുട്ടു പരത്തുമ്പോഴും ക്രൈസ്തവ സഭകൾക്ക് ഇതൊന്നും വിഷയമല്ല. ദൈവശാസ്ത്ര വിഷയങ്ങളുടെ പേരിൽ, കുർബാനയർപ്പണത്തിൻ്റെ പേരിൽ, സാമ്പത്തിക വിഷയങ്ങളുടെ പേരിൽ, ബാവ – മെത്രാൻ പക്ഷത്തിൻ്റെ പേരിൽ കലഹിക്കുന്ന പണ്ഡിതന്മാരുടെ കൂട്ടമായി സഭകൾ മാറുന്നു. എതിരാളികൾക്ക് സഭയെ അതിവേഗം കീഴടക്കാനുള്ള വഴികളാണ് ഈ തർക്കം സൃഷ്ടിക്കുന്ന എന്ന സത്യം നിങ്ങൾ ഇനിയെന്ന് തിരിച്ചറിയും ?

പൗരസ്ത്യ ദേശത്തെ ഇസ്ളാം കീഴടക്കുമ്പോൾ ഫ്ളോറൻസ് കൗൺസിലിൽ തർക്കത്തിലേർപ്പെട്ട പിതാക്കന്മാരേക്കുറിച്ചു പിന്നീടുള്ള തലമുറ പരിഹസിച്ചു പറയുന്നത് വളരെ രസാവഹമായ രീതിയിലാണ്. “ഒരു മൊട്ടുസൂചിയുടെ മൊട്ടിൽ എത്ര മാലാഖമാർക്ക് നൃത്തം ചെയ്യാൻ കഴിയുമെന്ന് അവർ തർക്കുകയായിരുന്നു വത്രെ” ചുറ്റിലും അപകടം നടക്കുമ്പോഴും കുർബാനയപ്പത്തിൻ്റെ പുളിപ്പിനെക്കുറിച്ച് ചർച്ച ചെയ്ത സഭാശ്രേഷ്ഠന്മാരുടെ വിവേകമില്ലായ്മയെക്കുറിച്ചു ഇതിലേറെ എന്തു പറയാൻ! അർത്ഥശൂന്യമായ ഇത്തരം ചർച്ചകളുടെയും സംവാദങ്ങളുടെയും പേരിൽ കഴിഞ്ഞ നാലര നൂറ്റാണ്ടായി സഭ വില നൽകുന്നു!

ലോകം ഇത്രമേൽ അസമാധാനത്തിലേക്കു നീങ്ങുന്ന വേളയിൽ കാലത്തിൻ്റെ അടയാളങ്ങളെ വായിച്ചെടുത്ത് ദൈവജനത്തിന് വഴി കാണിച്ചു കൊടുക്കേണ്ടവർ ഇന്ന് ഏർപ്പൊട്ടിരിക്കുന്ന തർക്കങ്ങൾ സഭയ്ക്ക് ഗുണം ചെയ്യുമോ എന്ന് വിമത ശബ്ദം ഉയർത്തുന്നവരും കക്ഷി വഴക്കിൽ ഉൾപ്പെട്ടിരിക്കുന്നവരും ഒരുപോലെ ചിന്തിക്കണം. ഭീകരവാദത്തെ വിസ്മയത്തോടെ നോക്കിക്കാണുന്ന ലോകത്തിൽ സമാധാനത്തിൻ്റെയും പ്രത്യാശയുടെയും വക്താക്കളായി നിലകൊള്ളാനുള്ള വലിയ നിയോഗമാണ് ക്രിസ്തുവിൻ്റെ സഭകൾക്കുള്ളത്. അസമാധാനത്തിൻ്റെ മൂർത്തികൾ ഏറെ ഭയപ്പെടുന്നത് സമാധാനത്തിൻ്റെ പ്രഘോഷകരായ ക്രിസ്തുസഭയെയാണ്. അതിനാൽ സഭയെ ശിഥിലമാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാൻ ശത്രുക്കൾ പദ്ധതി തയ്യാറാക്കി പ്രവർത്തിക്കുമ്പോൾ സമാധാനത്തിനും സമവായത്തിനുമുള്ള വഴി തേടി എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ് എതിർ ക്രിസ്തുവിൻ്റെ പിണിയാളരെ നേരിടാൻ ഒരുമിക്കണം. രോഗാതുരമായി ദുർബലമായിക്കൊണ്ടിരിക്കുന്ന സഭയ്ക്ക് ഭയന്നു നിൽക്കുന്ന ലോകത്തെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും കഴിയില്ല എന്ന സത്യം നാം തിരിച്ചറിയണം. മറക്കാനും ക്ഷമിക്കാനും തയ്യാറായി പന്തക്കുസ്തായുടെ ചൈതന്യത്തിലേക്ക് കൈസ്തവസഭകൾ വരാത്തിടത്തോളം ഭാരത സഭകൾ അപകടത്തിലാണ് എന്ന വസ്തുത ആരും വിസ്മരിക്കരുത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments