അഡ്വ. സിസ്റ്റർ ഹെലൻ ട്രീസ CHF
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന് സന്യാസഭവനങ്ങളെയും സംശയമുനമ്പിൽ എത്തിക്കാൻ ചില തത്പരകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇവയിൽ അധികവും മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റുചില ദൗർഭാഗ്യ സംഭവങ്ങളും (ആത്മഹത്യകളെക്കാൾ, മോഷണ ശ്രമങ്ങൾക്കിടെ ഉണ്ടായ മരണങ്ങളും കോൺവെന്റുമായി ബന്ധമില്ലാത്ത കാരണങ്ങളും) എന്ന് പോലീസ് സ്ഥിരീകരിച്ചവയുമാണ്. വീണുപോയവരും ബലഹീനതകൾക്ക് കീഴ്പ്പെട്ടവരുമായ വിരലിലെണ്ണാവുന്ന ചിലരെ ചൂണ്ടിക്കാണിച്ചാണ് ഒരു വലിയ സമൂഹത്തെ ചില തത്പരകക്ഷികൾ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
*കുറവുകളില്ലാത്തവരല്ല സന്യസ്തർ*
അൽപ്പമെങ്കിലും മാനുഷികമായ കുറവുകൾ ഇല്ലാതിരിക്കാൻ മാത്രം മനുഷ്യസമൂഹവുമായി ബന്ധമില്ലാത്ത അന്യഗ്രഹജീവികളല്ല സന്യസ്തർ. കേരളസമൂഹത്തിന്റെ മാനസികവും ബൗദ്ധികവുമായ കുറവുകൾ തെല്ലും ഏശാതിരിക്കാൻ മറ്റേതോ ലോകത്ത് ജനിച്ചുവളർന്നവരുമല്ല നാൽപതിനായിരത്തിൽപ്പരം സന്യസ്തരിൽ ആരും. സന്യസ്തരാണെങ്കിലും ജനിച്ചുവളർന്ന കുടുംബവും മാതാപിതാക്കളുമായി ബന്ധപ്പെട്ട ഗുണദോഷങ്ങളും വ്യക്തിത്വത്തിന്റെ ഭാഗമായുള്ളവരാണ്. വളർന്നുവന്ന ജീവിതാന്തരീക്ഷത്തിൽനിന്ന് ലഭിച്ചിട്ടുള്ള സ്വഭാവസവിശേഷതകളും ജനിതക ഘടകങ്ങളും തുടച്ചുനീക്കി പുതിയൊരാളാക്കി മാറ്റാൻ കഴിയുന്ന ഫോർമേഷൻ ഹൗസുകൾ സന്യാസസമൂഹങ്ങൾക്കില്ല. തന്നെയുമല്ല, ലോകത്തിൽ ആർക്കും അത്തരമൊന്ന് ചെയ്യാൻ കഴിയില്ല.
അതിനാൽത്തന്നെ, നേരിയ തോതിലെങ്കിലും മാനുഷികമായ കുറവുകളും ദോഷങ്ങളും അവർക്കിടയിലുമുണ്ടാകുമെന്നു തീർച്ച. ആത്മഹത്യാ പ്രവണതകളുള്ളവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ സന്യസ്തർക്കിടയിൽ അത്തരം പ്രവണതകൾക്ക് സ്ഥാനമുണ്ടാകാൻ പാടില്ലെന്ന് ചിലർ ശഠിക്കുന്നത് എന്തുകൊണ്ടാണ്? മാനസിക പ്രശ്നങ്ങൾ ഏറിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലെ, അത്തരം പ്രതിസന്ധികളെ ചെറിയ അളവിലെങ്കിലും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിൽനിന്ന് സന്യാസസമൂഹത്തിലെത്തുന്ന വ്യക്തിയിൽ അത്തരം ത്വരയോ കുറവുകളോ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധബുദ്ധിയുടെ സാംഗത്യമെന്താണ്?
വിവിധ ദൗർബല്യങ്ങൾ കീഴ്പ്പെടുത്തിയിരിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന കുറെയേറെപ്പേരെ നിരീക്ഷണവിധേയമാക്കിയാൽ ചെറിയൊരളവിലെങ്കിലും അത്തരം സ്വാധീനങ്ങൾക്ക് വശംവദരായേക്കാവുന്ന ചിലരെങ്കിലും ഉണ്ടായേക്കാം എന്നുള്ളതല്ലേ യുക്തിസഹമായ ചിന്ത?
*കുബുദ്ധി ആരുടേത്?*
ഈ സമൂഹത്തിൽ ആത്മഹത്യയുടെയും മാനസിക പ്രശ്നങ്ങളുടെയും കുറ്റവാസനകളുടെയും വിവിധ അടിമത്തങ്ങളുടെയും നിരക്ക് കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു. കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചകൾ വലുതാണ്. കൂട്ടായ പരിശ്രമംകൊണ്ടേ ഇന്നത്തെ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഗുരുതരമായ മാറ്റങ്ങൾക്ക് പ്രതിവിധി കണ്ടെത്താനാവൂ എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ്, സന്യസ്തർക്കിടയിൽ ആരെങ്കിലും മാനസിക പ്രശ്നങ്ങൾ നേരിട്ടാലോ, ആത്മഹത്യ ചെയ്താലോ സന്യാസസമൂഹങ്ങളെ അടച്ചാക്ഷേപിക്കാൻ ചിലർ മുന്നിട്ടിറങ്ങുന്നത്. ഒരിക്കലും ഒരു സന്യാസിനി ആത്മഹത്യ ചെയ്യില്ല എന്നും, ഒരിക്കലും ഒരു സന്യാസിനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നും വിശ്വസിക്കാനാണ് സന്യാസ സമൂഹങ്ങൾക്കും സന്യസ്തർക്കും ഇഷ്ടം. എന്നാൽ, സമൂഹത്തിന്റേതായ സമ്മർദങ്ങളും ചിന്താധാരകളും ദൗർബല്യങ്ങളും ചെറിയ അളവിലെങ്കിലും സന്യസ്തരെയും സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.
ഈ കാലഘട്ടത്തിൽ പുറംലോകത്തെന്നപോലെ സന്യാസ ജീവിതങ്ങളുമായി ബന്ധപ്പെട്ടും ചില പ്രതിസന്ധികൾ വർധിച്ചുവരുന്നതിൽ സഭയും സന്യാസസമൂഹങ്ങളും ബദ്ധശ്രദ്ധരാണ്. തിരുത്തലുകളും ആവശ്യമായ പരിഷ്കരണങ്ങളും നവീകരണങ്ങളും വരുത്താനുള്ള ക്രിയാത്മക ശ്രമങ്ങളുമുണ്ട്. ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളോടും നേതൃത്വങ്ങളോടും സഹകരിക്കാൻ തയാറാകാത്തതാണ് പലപ്പോഴും പ്രശ്നകാരണമാകുന്നത്. എന്നാൽ, സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ എല്ലാംതന്നെ ചില തത്പരകക്ഷികളുടെ മുതലെടുപ്പിന്റെ തുടർച്ചയായിരുന്നു.
*കഴുകൻകണ്ണുകളും ആസൂത്രിത ശ്രമങ്ങളും*
കേരളത്തിലെ സന്യസ്തർ വലിയ അടിച്ചമർത്തലുകളും അതിക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നവരാണെന്നും പീഡിപ്പിക്കപ്പെടുന്നവരാണെന്നും വരുത്തിത്തീർക്കാനുള്ള വ്യാപക ശ്രമങ്ങളുണ്ട്. വ്യാജപ്രചാരണങ്ങൾക്കൊണ്ട് കെട്ടിയുണ്ടാക്കിയ ദുർബലമായ അടിത്തറയ്ക്കുമേൽ മറ്റുപലതും കെട്ടിയുയർത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഏറ്റവുമൊടുവിൽ, സമാനമായ ആരോപണങ്ങളോടെ SOS (സേവ് ഔർ സിസ്റ്റേഴ്സ്) എന്ന സഭാവിരുദ്ധ സംഘടന വലിയ പണവും അധ്വാനവും ചെലവഴിച്ചുള്ള പദ്ധതികളിലേക്ക് നീങ്ങുന്നു എന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ സഭാവിരുദ്ധ – ദേശവിരുദ്ധ ശക്തികളുടെ സഹായത്തോടെ നടത്തിയിരിക്കുന്ന വ്യാജപ്രചാരണങ്ങളുടെ വെളിച്ചത്തിൽ കുറെയേറെ പണം സമാഹരിക്കാൻ അവർക്ക് കഴിഞ്ഞേക്കും.
JSL (ജസ്റ്റിസ് ഫോർ ലൂസി) എന്ന സംഘടനയും SOS എന്ന സംഘടനയും ഒരേ ലക്ഷ്യത്തിനായി കൈകോർത്ത് പ്രവർത്തിക്കുന്ന പല സംവിധാനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. ദേശവിരുദ്ധ ശക്തികളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും നിരീശ്വരവാദ സംഘടനകളുടെയും മറ്റും സഹകരണമാണ് സഭയ്ക്കും സന്യാസസമൂഹങ്ങൾക്കും ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സ്ഥാപനങ്ങൾക്കും എതിരായുള്ള പ്രവർത്തനങ്ങളിൽ ഇവർക്കുള്ള പിൻബലം.
സമീപകാലങ്ങളിലായി, സന്യാസഭവനങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നപക്ഷം, വളരെപെട്ടെന്ന് ഇടപെട്ട് മുതലെടുപ്പുകൾ നടത്താൻ മുൻ സന്യാസിനിയായ ലൂസി കളപ്പുരയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചിട്ടുണ്ട്. സന്യസ്തർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ പണവുമായി അവരുടെ ഭവനങ്ങളിൽ ചെന്ന് സ്വാധീനിക്കാനുള്ള ശ്രമങ്ങളും, കള്ളം പറഞ്ഞ് വീട്ടുകാരെ തങ്ങളുടെ വശത്താക്കി വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. ആളും അർഥവും നൽകി, നിരന്തരം ചില ഗൂഢലക്ഷ്യങ്ങൾക്കായി ഒരു ടീമിനെ സജ്ജമാക്കി നിർത്തിയിരിക്കുന്നത് ആരാണെന്ന ചോദ്യം പ്രസക്തമാണ്. ഇവരുടെ നീക്കങ്ങൾക്ക് വലിയ വാർത്താപ്രാധാന്യവും എല്ലായ്പോഴും ലഭിക്കുന്നുണ്ടെന്നതും ചിന്തനീയമാണ്.
*കർണാടകയിലെ വിവാദം*
ഏറ്റവുമൊടുവിൽ കഴിഞ്ഞയിടെ കർണാടകയിലെ ഗോണിക്കുപ്പയിൽ വിവാദനായികയായി മാറിയ സന്യാസിനിയുമായി ബന്ധപ്പെട്ട സംഭവപരമ്പരകൾ മറ്റൊരു ഉദാഹരണമാണ്. പുറത്തായ വീഡിയോയിലൂടെ പ്രസ്തുത സന്യാസിനിയെക്കുറിച്ച് ലോകമറിഞ്ഞ മണിക്കൂറുകളിൽ തന്നെ ലൂസി കളപ്പുരയും സംഘവും മാധ്യമപ്രവർത്തകരുടെ അകമ്പടിയോടെ സ്ഥലത്തെത്തുകയും എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന SOS പ്രവർത്തകരും AMT( അതിരൂപതാ സുതാര്യ മുന്നേറ്റം) പ്രവർത്തകരും ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തു.
അന്വേഷണത്തിലൂടെ സത്യം മനസിലാക്കിയ കർണാടക പോലീസിനെ ബന്ധപ്പെടുവാനോ, വാസ്തവം അന്വേഷിക്കുവാനോ മാധ്യമപ്രവർത്തകർ പോലും തയാറായില്ല. മറിച്ച്, AMT, SOS, JSL പ്രവർത്തകരുടെ വ്യാജപ്രചാരണങ്ങൾ അതുപോലെതന്നെ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത, കഷ്ടിച്ചു മാത്രം മലയാളം സംസാരിക്കുന്ന പ്രസ്തുത സന്യാസിനിയുടെ പേരിൽ മലയാളത്തിൽ പല വിശദീകരണക്കുറിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയത്.
*ഒന്നിനും തെളിവില്ല*
ആ സന്യാസിനി ഉന്നയിച്ച ആരോപണങ്ങളൊന്നും വാസ്തവമല്ലെന്ന നിഗമനത്തിലാണ് കർണാടക പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിക്കപ്പെട്ട കൊലപാതക ആരോപണങ്ങൾ താൻ കള്ളം പറഞ്ഞതാണെന്ന് അവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തന്നെ ഗുണ്ടാസംഘം കൈയേറ്റം ചെയ്തതായുള്ള അവരുടെ ആരോപണവും സിസിടിവി ദൃശ്യങ്ങളുടെ വെളിച്ചത്തിൽ അവാസ്തവമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ അന്വേഷണം നടത്തിയിട്ടും ആരോപിക്കപ്പെട്ടതുപോലെ യാതൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു. ഏതെങ്കിലും വിധത്തിൽ ആ സന്യാസസമൂഹത്തിന്റെയോ സ്കൂൾ അധികൃതരുടെയോ ഭാഗത്ത് പാളിച്ച പറ്റിയിട്ടുണ്ടെന്ന് പോലീസ് ഉൾപ്പെടെയുള്ള സർക്കാർ അധികൃതർ കരുതുന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ.
മനോനിലയ്ക്ക് തകരാർ സംഭവിച്ച ഒരു വ്യക്തിക്ക് സുബോധമുണ്ടാവില്ലെന്നും, യഥാർഥത്തിൽ സംഭവിക്കാത്തത് പലതും സംഭവിച്ചതായി അത്തരക്കാർക്ക് തോന്നിയേക്കാം എന്നുമുള്ള വസ്തുതകൾ ഒരു മാധ്യമപ്രവർത്തകൻ പോലും പരിഗണിച്ചില്ല, അഥവാ ചിലർ അതിന് സമ്മതിച്ചില്ല. മറിച്ച്, സന്യാസസമൂഹങ്ങളിലുള്ളവരെ മരുന്നു കൊടുത്ത് മനസികരോഗികളാക്കുന്നു എന്ന കെട്ടിച്ചമച്ച പച്ചക്കള്ളം വീണ്ടും ആവർത്തിക്കുകയാണ് പലരും ചെയ്തത്. ഈ സംഭവത്തിൽ ഉൾപ്പെടെ മാനസികാസ്വാസ്ഥ്യം വെളിപ്പെടുത്തപ്പെട്ട ഒട്ടുമിക്ക എല്ലാ വ്യക്തികളുടെയും കുടുംബാംഗങ്ങളിൽ ചിലർക്കും സമാനമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വയനാട് മക്കിയാടുള്ള മുൻ സന്യാസിനിയും കുടുംബാംഗങ്ങളും മറ്റൊരു ഉദാഹരണമാണ്.
ഇത്തരം സംഭവങ്ങളുടെ പേരിൽ ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം, സന്യാസം നിരോധിക്കുക, നിർത്തലാക്കുക, പെൺകുട്ടികളെ മഠത്തിൽ വിടാതിരിക്കുക എന്നിവയൊക്കെയാണ്. ഈ ലോകത്തിൽ സന്യസ്തർ ചെയ്തുവരുന്ന മഹത്തായ സേവനങ്ങളെ തമസ്കരിച്ചുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ക്രൈസ്തവികതയുടെ നന്മയെ തുടച്ചുനീക്കി തിന്മയുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കുകയാണെന്നുള്ളത് വ്യക്തം. ഇത്തരം ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ പൊതുസമൂഹവും മാധ്യമ പ്രവർത്തകരും തയാറാകണം.
(*സന്യസ്തരെ ആർക്കാണ് പേടി?*
_അഡ്വ. സിസ്റ്റർ ഹെലൻ ട്രീസ CHF_ __
ദീപിക 15/6/2022)