Saturday, July 27, 2024
No menu items!
Homeആനുകാലികംകത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന് 30 വയസ്

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന് 30 വയസ്

കഴിഞ്ഞ 20 നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവ വിശ്വാസ ലോകത്തുണ്ടായ എല്ലാ ദൈവശാസ്ത്ര നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും സംയുക്തമാണ് CCC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Catechism of the Catholic Church – “കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം”. ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനുള്ള അപ്പസ്തോലിക അനുശാസനം നൽകിക്കൊണ്ട് “വിശ്വാസ നിക്ഷേപം” എന്ന തലക്കെട്ടിൽ പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ഇപ്രകാരം എഴുതി :

”കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന് 1992 ജൂൺ 25 ന് ഞാൻ അംഗീകാരം നൽകി, അത് പ്രസിദ്ധീകരിക്കുവാൻ ഇന്ന് എൻ്റെ അപ്പസ്തോലിക അധികാരമുപയോഗിച്ച് ഞാൻ അനുശാസിക്കുന്നു. വിശുദ്ധലിഖിതം, അപ്പസ്തോലിക പാരമ്പര്യം, സഭയുടെ പ്രബോധനാധികാരം എന്നിവയിൽ അധിഷ്ഠിതമോ ഇവയാൽ പ്രകാശിത മോ ആയ സഭയുടെ വിശ്വാസത്തിൻ്റെയും കത്തോലിക്കാ പ്രബോധനത്തിൻ്റെയും വ്യക്തമായ പ്രകാശനമാണ് ഈ ഗ്രന്ഥം. വിശ്വാസ പ്രബോധനത്തിനുള്ള അസന്ദിഗ്ധ മാനദണ്ഡവും സഭൈക്യത്തിനുള്ള സാധുവും നിയമപരവുമായ ഉപകരണവുമാണ് ഈ ഗ്രന്ഥമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. ദൈവരാജ്യത്തിൻ്റെ അക്ഷയപ്രകാശത്തിലേക്കുള്ള തീർത്ഥാടനത്തിനിടയിൽ, ക്രിസ്തുശരീരമാകുന്ന ദൈവത്തിൻ്റെ സഭയിൽ പരിശുദ്ധാത്മാവ് നിരന്തരം ആവശ്യപ്പെടുന്ന നവീകരണത്തിന് ഈ ഗ്രന്ഥം ഉപകരിക്കട്ടെ”

രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപനത്തിൻ്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സിനഡ് പിതാക്കന്മാരാണ് “വിശ്വാസത്തേയും ധാർമ്മിക നിയമങ്ങളേയും സംബന്ധിച്ചുള്ള കത്തോലിക്കാ പ്രബോധനത്തിൻ്റെ സംഗ്രഹം വിരചിതമാകണം” എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ, പിന്നീട് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായി ഉയർത്തപ്പെട്ട കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ അധ്യക്ഷനായുള്ള കമ്മീഷനാണ് മതബോധന ഗ്രന്ഥ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പന്ത്രണ്ട് കർദ്ദിനാൾമാരും മെത്രാന്മാരും അംഗങ്ങളായിരുന്നു. കൂടാതെ ദൈവശാസ്ത്രത്തിലും മതബോധനത്തിലും വിദഗ്ധരായ ഏഴ് രൂപതാ മെത്രാന്മാരും എഡിറ്റോറിയൽ സമിതിയിൽ ഉണ്ടായിരുന്നു.

രണ്ട് മാർപാപ്പാമാരുടെ കൈയൊപ്പുപതിഞ്ഞിരിക്കുന്ന ഈ ഗ്രന്ഥം കത്തോലിക്കാ സഭയുടെ വിശ്വാസ ബോധ്യങ്ങളുടെ ഉറച്ച പ്രതലമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥ പാരായണത്തിനു ശേഷം ഓരോ ക്രൈസ്തവനും ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ട അമൂല്യ ഗ്രന്ഥമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments