Tuesday, October 15, 2024
No menu items!
Homeആനുകാലികംഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ

ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ

പുനഃരുത്ഥാനം ചെയ്ത ഈശോമശിഹായുടെ ജീവിതത്തെ സുവിശേഷത്തിൻ്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ കൗതുകകരമായ നിരവധി കാര്യങ്ങൾ കാണാൻ കഴിയും. മനുഷ്യവംശത്തിന് സദാകാലത്തേക്കുമുള്ള ധാർമ്മികതയുടെ ഉദാത്ത മാതൃകയായിരുന്നു ക്രിസ്തു. മനുഷ്യാവതാര കാലത്തു മാത്രമല്ല, പുനഃരുത്ഥാനത്തിനു ശേഷവും മനുഷ്യ ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന ദൈവപുത്രൻ എക്കാലത്തെയും മനുഷ്യനെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വമായി മനുഷ്യചരിത്രത്തിൽ നിലകൊള്ളുന്നു.

**** **** ****

ഉത്ഥിതനായ ഉടനെ ഈശോ മശിഹാ കല്ലറവിട്ട് പുറത്തിറങ്ങിയില്ല. തന്നെ ചുറ്റിയിരുന്ന ശീലകളും തലയിൽ ചുറ്റിയിരുന്ന തൂവാലയും എല്ലാം പ്രത്യേകം മടക്കി മാറ്റി വച്ചിട്ടാണ് അവിടുന്ന് കല്ലറയിൽ നിന്നും പുറത്തിറങ്ങിയത് (യോഹ. 20:7,8). മൃതദേഹത്തെ പൊതിഞ്ഞിരുന്ന ശീലകളെല്ലാം പ്രത്യേകം മടക്കി വച്ചിരിക്കുന്നതു കണ്ട ശിഷ്യന്മാർ, ഗുരു ഉത്ഥാനം ചെയ്തു എന്ന് ഉറപ്പായി വിശ്വസിച്ചു. മൂന്നര വർഷക്കാലം ഗുരു തങ്ങളോടൊത്ത് താമസിച്ച കാലങ്ങളിൽ, ഉറക്കമുണർന്നയുടൻ എല്ലാം ചിട്ടയായി മടക്കി വയ്ക്കുന്ന പതിവ് ശിഷ്യന്മാർ ഓർത്തു കാണും. പുന:രുത്ഥാനത്തിനു ശേഷം തൂവാലയും മറ്റ് ശീലകളും മടക്കി വച്ചിരിക്കുന്നത് കണ്ട ശിഷ്യന്മാർക്ക്, ഗുരു ഉയിർത്ത് എഴുന്നേറ്റു എന്നതിൽ ഒട്ടും സംശയം തോന്നിയില്ല.

“ഭക്തിയും അടുക്കും ചിട്ടയുമുള്ള ജീവിതവും ഒരുമിച്ചു പോകേണ്ടതാണെന്ന” (cleanliness is next to godliness) ക്രൈസ്തവ സന്ദേശം ഉത്ഥിതനായ ക്രിസ്തുവിൽ നിന്നാണ് നാം പഠിക്കുന്നത്.

**** **** ****

കോഴി കൂവും മുമ്പേ മൂന്നു പ്രാവശ്യം പത്രോസ് തന്നേ തളളിപ്പറയുമെന്ന് ഈശോ മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും ദുർബല മനുഷ്യനായ പത്രോസ് ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നത് ലൂക്ക 22:54 -62 വാക്യങ്ങളിൽ കാണാം. മൂന്നാം പ്രാവശ്യവും ഗുരുവിനെ തളളിപ്പറഞ്ഞയുടൻ കോഴി കൂവി; “അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു”.

ഈശോ തൻ്റെ ശിഷ്യനായ പത്രോസിൻ്റ അകവും പുറവും ഒരുപ്പോലെ അറിഞ്ഞിരുന്നു. തൻ്റെ പുനഃരുത്ഥാന വാർത്ത ശിഷ്യരെ അറിയിക്കാൻ നിയോഗിച്ച ദൂതൻ, സുഗന്ധദ്രവ്യങ്ങളുമായി വന്ന സ്ത്രീകളോടു പറയുന്നു “നിങ്ങള്‍ പോയി, അവന്റെ ശിഷ്യന്‍മാരോടും പത്രോ സിനോടും പറയുക” (മര്‍ക്കോസ്‌ 16 : 7).

ശിഷ്യഗണത്തിലെ ഒരുവനായിരുന്നു പത്രോസ് എങ്കിലും, തന്നേ തള്ളിപ്പറഞ്ഞതിൻ്റെ പേരിൽ മറ്റു ശിഷ്യന്മാരേക്കാൾ ഏറെ ദു:ഖിതനായിരിക്കുന്നത് പത്രോസ് ആയിരിക്കുമെന്ന് ഈശോ അറിഞ്ഞിരുന്നു. അതിനാൽ പുനഃരുത്ഥാന വാർത്ത പത്രോസിനെ പ്രത്യേകം പേരെടുത്തു പറഞ്ഞാണ് ഈശോ അറിയിച്ചത്. “ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല (ഏശയ്യാ 42 :3). തളർന്നവനെ ധൈര്യപ്പെടുത്തുന്ന ക്രിസ്തു സദാകാലത്തേക്കുമുളള മാതൃകയാണ്.

**** **** ****

തൻ്റെ ക്രൂശീകരണത്തിനു ശേഷം വളളവും വലയുമായി പഴയ തൊഴിലിനിറങ്ങിയ ശിഷ്യന്മാരെ തിബേരിയാസ് കടപ്പുറത്തുവച്ച് ഈശോ മശിഹാ കണ്ടുമുട്ടുന്ന രംഗം യോഹന്നാൻ 21-ൽ വായിക്കുന്നു. മൂന്നര വർഷം ദൈവരാജ്യം സംബന്ധിച്ച് വിശ്വഗുരുവിൽ നിന്നു പഠിപ്പിച്ചിട്ടും ഗുരുവിൻ്റെ അസാന്നിധ്യം അവരെ പഴയ തൊഴിലിലേക്ക് പോകാൻ പ്രേരിപ്പിച്ചു. പിന്മാറിപ്പോയ ശിഷ്യന്മാരേ അവിടുന്ന് ശാസിച്ചില്ല. കടപ്പുറത്ത് അവർക്കായി അവിടുന്ന് പ്രാതൽ ഒരുക്കി. കരയിലേയ്ക്ക് വന്ന ശിഷ്യന്മാർ “തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും കണ്ടു” (യോഹന്നാന്‍ 21:9).

കുരിശുമരണത്തിലൂടെ മനുഷ്യാവതാര കാലത്തിനു സമ്പൂർണ വിരാമം കുറിച്ചുകൊണ്ട്, ദൈവത്വത്തിൻ്റെ പദവിയിലേക്ക് മടങ്ങിയെങ്കിലും ഈശോ തൻ്റെ ശിഷ്യന്മാർക്കു വേണ്ടി അപ്പവും മീനും ഉപയോഗിച്ച് പ്രാതലുണ്ടാക്കി കാത്തിരിക്കുന്ന ചിത്രം അവിശ്വസനീയമാണ്! സ്വർഗ്ഗത്തോളം ഉയർന്ന ഈശോ മശിഹായുടെ താഴ്മ നമ്മെ ആശ്ചര്യപ്പെടുത്തുന്നു; അതോടൊപ്പം അധ്വാനിച്ച് തളർന്നു വരുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണെന്ന പ്രായോഗികതയും തൊഴിലാളികളോടുള്ള തൻ്റെ അനുകമ്പയും ദൈവപുത്രൻ ഇവിടെ വെളിപ്പെടുത്തുന്നു.

**** **** ****

ഉത്ഥാനം ചെയ്ത ഈശോ അഞ്ഞൂറോളം വ്യക്തികൾക്ക് പ്രത്യക്ഷനായി എന്ന ചരിത്രപരമായ തെളിവാണ് 1 കൊരിന്ത്യർ 15:6ൽ വായിക്കുന്നത്. എന്നാൽ ഈ സന്ദർഭങ്ങളിൽ ഒരിക്കൽ പോലും അവിടുന്ന് പ്രതികാരബുദ്ധിയോടെ തന്നെ ക്രൂശിച്ച റോമൻ ഭരണാധികാരികളുടെ മുന്നിലോ യഹൂദമത നേതാക്കളുടെ മുന്നിലോ പ്രത്യക്ഷനായില്ല; അവരോട് ഏറ്റുമുട്ടിയില്ല!

പ്രതികാരം നമുക്കുള്ളതല്ല. “ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ” (റോമാ 8 : 28 ). ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന സുവിശേഷ സന്ദേശമാണ് ഉത്ഥിതനായ ക്രിസ്തു ഇവിടെ നമ്മെ പഠിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments