Thursday, May 30, 2024
No menu items!
Homeആനുകാലികംഅനുകമ്പയുടെ സഞ്ചാരപഥങ്ങൾ

അനുകമ്പയുടെ സഞ്ചാരപഥങ്ങൾ


അബ്ദുള്‍ സത്താര്‍ ഈദിയെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വായിച്ചപ്പോഴായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 1957ല്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് ഏഷ്യ മുഴുവന്‍ വ്യാപിച്ച “ഏഷ്യന്‍ ഫ്ളൂ ബാധയില്‍” രോഗികളെയും മരണപ്പെട്ടവരെയും സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പലരിൽ നിന്നും ലഭിച്ച സംഭാവനയും ചിലരോടെങ്കിലും യാചിച്ചുകൊണ്ടും സ്വരൂപിച്ച പണവുമായി അദ്ദേഹം ഒരു ആംബുലന്‍സു വാങ്ങി. രോഗികള്‍ക്കും മരണപ്പെട്ടവർക്കുമായി ഈ ആംബുലന്‍സിൽ അദ്ദേഹം ഏറെ പ്രവർത്തന നിരതനായി. ഈദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച മനുഷ്യ സ്നേഹികൾ ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും സാധുജന സേവനത്തിനായി വലിയ തുകകള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. തന്‍റെ പ്രവര്‍ത്തനമേഖല വിപുലപ്പെട്ടതോടെ അദ്ദേഹം “ഈദി ഫൗണ്ടേഷന്‍” എന്ന പേരില്‍ ഒരു ചാരിറ്റി സംഘടന രൂപീകരിച്ചു. 2016ല്‍ അദ്ദേഹം മരിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ ഈദി ഫൗണ്ടേഷന് 1,800 ആംബുലന്‍സുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. 20,000-ത്തിലധികം കുട്ടികള്‍ക്ക് ഇവർ ആലംബമാവുകയും നൂറുകണക്കിന് വീടുകള്‍ വച്ച് ഭവനരഹിതര്‍ക്ക് നല്‍കുകയും ചെയ്തു.

മതതീവ്രത മുറ്റിനില്‍ക്കുന്ന പാക്കിസ്ഥാനി സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിന്‍റെ മുഖമുദ്രയായിരുന്നു ഈദി. താനൊരു മതവാദിയോ മതവിരുദ്ധനോ അല്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാടുകള്‍. പാക്കിസ്ഥാനിലെ മുസ്ലിംകള്‍ക്ക് തുല്യമായി അവിടുത്തെ ഹിന്ദുക്കള്‍ളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും അദ്ദേഹം പരിഗണിച്ചു. “പ്രവൃത്തിയില്ലാതെ ശൂന്യമായ വാക്കുകളും നീളന്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളും ദൈവത്തെ സന്തോഷിപ്പിക്കില്ല” എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആപ്തവാക്യം. സാധുജനസഹായത്തിനായി കോടിക്കണക്കിന് രൂപ ഈദി ഫൗണ്ടേഷന് വര്‍ഷംതോറും ലഭിക്കുമെങ്കിലും ഒരു രൂപപോലും അദ്ദേഹം ശമ്പളമായി സ്വീകരിച്ചിരുന്നില്ല. രണ്ടു ജോഡി വസ്ത്രമേ ഒരു സമയത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഈദി ഫൗണ്ടേഷന്‍റെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രണ്ടു മുറികളുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു മരണം വരെയും അദ്ദേഹം ജീവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ ആംബുലന്‍സ് ശൃംഖലയുടെ തലവനായിരിക്കുമ്പോഴായിരുന്നു ഈദി ഈ മാതൃകാപരമായ എളിമയുടെ ജീവിതം നയിച്ചത്. “പാക്കിസ്ഥാനിലെ ഏറെ ആദരണീയനും വിശുദ്ധനുമായ വ്യക്തി” എന്നാണ് അബ്ദുള്‍ സത്താര്‍ ഈദിയെക്കുറിച്ച് ബിബിസി അദ്ദേഹത്തിന്‍റെ മരണത്തോടനുബന്ധിച്ച് പറഞ്ഞത്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനുവരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

ഈദി ഫൗണ്ടേഷനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മിച്ചത് “നെയ്യാറ്റിന്‍കര സംഭവ”ത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. തലചായ്ക്കാന്‍ വാടകവീട്ടില്‍ പോലും ഒരിടം നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍ ഒരു കുടുംബനാഥന്‍ തന്‍റെ ഭാര്യയെ ചേര്‍ത്ത് പിടിച്ച് തന്‍റെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം കൈയില്‍ കത്തിച്ചുപിടിച്ച ലൈറ്ററുമായി പോലീസിനോടു സംസാരിക്കുകയും, പോലീസ് ലൈറ്റര്‍ തട്ടിമാറ്റുമ്പോള്‍ ഇരുവരുടെയും ദേഹത്ത് തീ പടരുകയും ആ ദമ്പതികൾ മരിക്കുകയും ചെയ്ത ദുരന്തം നമ്മള്‍ കണ്ടു. ഒരുപക്ഷേ, 2020ല്‍ കേരളത്തില്‍ നടന്ന ഏറെ വേദനാജനകമായ ഒരു സംഭവമായിരുന്നിരിക്കണം ഇത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് വീടുവച്ചുകൊടുക്കുവാനും അവരുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും സര്‍ക്കാരും വിവിധ വ്യക്തികളും അവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളും മുമ്പോട്ടു വന്നു. റോഡിലെ അപകടാവസ്ഥ മുൻകൂട്ടി മനസ്സിലാക്കാതെ, വലിയൊരു അപകടം നടന്നശേഷം അപകടകാരണം കണ്ടെത്തുകയും അതു പരിഹരിക്കുകയും ചെയ്യുന്ന സർക്കാരിൻ്റെ മുറപോലെയുള്ള നടപടികള്‍പോലെ വലിയൊരു ദുരന്തം ആ കുടുംബത്തിന് നേരിട്ടശേഷമാണ് അവരുടെ അവസ്ഥ സർക്കാരും പുറംലോകവും തിരിച്ചറിഞ്ഞത്. ഇപ്പോൾ സർക്കാർ ഉൾപ്പെടെ പലരും സഹായവുമായി വരുന്നുവെങ്കിലും അത് അനുഭവിക്കാൻ അവസരം ലഭിക്കാതെ മക്കളെ തനിച്ചാക്കി രാജനും അമ്പിളിയും യാത്രയായിരിക്കുന്നു!

ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശക്തമായ അവബോധം ഇനിയും കടന്നുവന്നിട്ടില്ലാത്ത ഒരു സമൂഹമാണ് മലയാളി സമൂഹം. സഹായിക്കാന്‍ മനസ്സുള്ള ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിലും കേരളത്തിന് പുറത്തുമുണ്ട്. പ്രളയകാലങ്ങളില്‍ നാം ഇതു കണ്ടതാണ്. എന്നാല്‍ സഹായിക്കാനുള്ള മനുഷ്യന്‍റെ താല്‍പര്യങ്ങളെ വേണ്ടുവിധം സംഘടിപ്പിക്കാനും അത് സമൂഹത്തിൻ്റെ വികസനത്തിനായി ഉപയോഗിക്കാനും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അഭാവം മലയാളിയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള വികസനത്തിന് സര്‍ക്കാരില്‍ കണ്ണും നട്ടിരിക്കുക എന്ന മലയാളിയുടെ പൊതുബോധം മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് നല്‍കാന്‍ കഴിയുന്നതിന് തുല്യമായോ അതിൽ അധികമായോ സഹായം നല്‍കാന്‍ മാത്രം മലയാളികള്‍ ശക്തരായിരിക്കുന്നു എന്നതാണ് വസ്തുത.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും സംഘടനകളുടെയും ഈറ്റില്ലമാണ് പടിഞ്ഞാറന്‍ നാടുകള്‍. യൂറോപ്യന്‍ രാജ്യങ്ങളും ഇംഗ്ലണ്ടും അമേരിക്കയും മനുഷ്യത്വത്തിന്‍റെ പേരില്‍ വിദേശ രാജ്യങ്ങളിലേക്ക് ഒഴുക്കുന്ന പണം എത്രയോ കോടികളാണെന്നത് അറിഞ്ഞാല്‍ ഏവരും അതിശയിച്ചുപോകും. സര്‍ക്കാര്‍ നല്‍കുന്ന സഹായം കൂടാതെ ഇവിടങ്ങളിലെ മനുഷ്യസ്നേഹികള്‍ സംയുക്തമായി രൂപംനല്‍കിയിരിക്കുന്ന വിവിധ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍സ് ദാനധര്‍മ്മത്തിനായി ഓരോ കൊല്ലവും പിരിച്ചെടുക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നതും അവിശ്വസനീയമായ തുകകളാണ്.

ഓരോ പൗരനെയും ദീനാനുകമ്പയുടെ ആവശ്യകത ബോധ്യപ്പെടുത്താനും അതിനായി കൊടുക്കുവാനും പ്രേരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇംഗ്ലണ്ടില്‍ നഴ്സറി തലം മുതല്‍ കാണപ്പെടുന്നത്. ഈ ബോധ്യത്തോടെ വളര്‍ന്നുവരുന്ന ഓരോ കുട്ടിയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രചാരകനായിട്ടാണ് കാലാന്തരത്തിൽ മാറുന്നത്. ആർദ്രഹൃദയരായ ഈ ജനങ്ങളുടെ പിന്തുണയോടെ ആയിരക്കണക്കിന് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളാണ് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുകയും പണം സ്വരൂപിക്കുകയും ഈ രാജ്യത്തും വിദേശങ്ങളിലുമായി സാര്‍വ്വത്രികസ്നേഹത്തോടെ ചെലവഴിക്കുകയും ചെയ്യുന്നത്.

സര്‍വ്വകലാശാലകളിലെ പഠനത്തിനും മെഡിസിന്‍ തുടങ്ങിയ കോഴ്സുകള്‍ക്കും അപേക്ഷിക്കുമ്പോൾ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തി എന്നത് അനിവാര്യമായ ഒരു യോഗ്യതയായിട്ടാണ് കണക്കാക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍/ മാസത്തില്‍ ഒരിക്കല്‍ നോണ്‍ യൂണിഫോം ഡേയുണ്ട്. അന്ന് യൂണിഫോമല്ലാത്ത വസ്ത്രം ധരിച്ച് സ്കൂളില്‍ വരുമ്പോള്‍ അതിന് ചെറിയൊരു സംഭാവന ഓരോ കുട്ടിയും നല്‍കണം. ഇങ്ങനെ ശേഖരിക്കുന്ന പണം അവികസിത രാജ്യങ്ങളിലെ കുട്ടികളുടെ പഠനത്തിനാണ് വിനിയോഗിക്കുന്നത്. സ്കൂള്‍ ലീഡറാകാന്‍ ഉള്ളതിനേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ചാമ്പ്യനാകാനാണ് ഇഷ്ടം.

എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും ചാരിറ്റി പണശേഖരമുണ്ട്. സ്ഥാപനത്തിലെ എല്ലാ ജോലിക്കാരില്‍നിന്നുമായി ഓരോ വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനത്തിനായി ശേഖരിക്കേണ്ട തുക എത്രയാണെന്നും അത് ഏത് ചാരിറ്റി പ്രവർത്തനത്തിനാണ് കൈമാറുന്നതെന്നും വര്‍ഷാരംഭത്തില്‍ ജോലിക്കാരെല്ലാം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഈ പണം സ്വരൂപിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളും ഇവർ കണ്ടെത്തും.

ഇംഗ്ലണ്ടിലെ കാന്‍സര്‍ ഗവേഷണരംഗം ഏറെ ആശ്രയിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ് “കാന്‍സര്‍ റിസേര്‍ച്ച് യു.കെ” 2017/18 കാലഘട്ടങ്ങളില്‍ കാന്‍സര്‍ റിസേര്‍ച്ച് യുകെ 634 മില്യണ്‍ പൗണ്ടാണ് ശേഖരിച്ചത്. (ഒരു മില്യണ്‍ എന്നത് പത്ത് ലക്ഷം പൗണ്ടാണ്, ഒരു പൗണ്ടിന് ഇന്ത്യന്‍ രൂപയുമായി ഈ ലേഖനം എഴുതുമ്പോഴുള്ള മൂല്യം 99രൂപ 63 പൈസയാണ്). എല്ലാ മാസവും നിശ്ചിത തുക നല്‍കുന്നവരും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭാവന നല്‍കുന്നവരും പ്രാദേശികമായി സംഭാവനകള്‍ ശേഖരിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുന്ന വന്‍കിട സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയതില്‍നിന്നാണ് ഓരോ വര്‍ഷവും ഇത്രവലിയ തുക കാന്‍സര്‍ ഗവേഷണത്തിനായി ഇവര്‍ കണ്ടെത്തുന്നത്. 6000 -ഓളം വ്യക്തികള്‍ തങ്ങളുടെ വില്‍പത്രത്തില്‍ കാന്‍സര്‍ റിസര്‍ച്ച് യു.കെയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നു പറയുമ്പോള്‍ ഈ ചാരിറ്റബിള്‍ പ്രസ്ഥാനം സമൂഹത്തില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനശക്തി ഊഹിക്കാവുന്നതേയുള്ളൂ. ഹര്‍പാല്‍ കുമാര്‍ എന്ന ഇന്ത്യന്‍ വംശജനായിരുന്നു ഈ അടുത്തകാലം വരെയും കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നത്.

ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഉദാരമനസ്കരെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന മറ്റൊരു ചാരിറ്റബിള്‍ സംഘടനയാണ്. ഇവര്‍ ആഹ്വാനം ചെയ്തതിന്‍ പ്രകാരം 2019ല്‍ ലണ്ടന്‍ മുതല്‍ ബ്രൈറ്റന്‍ വരെ സംഘടിപ്പിച്ച സൈക്കിള്‍ യാത്രയിലൂടെ 27 ലക്ഷം പൗണ്ടാണ് ഹൃദ്രോഗ ഗവേഷണ, ചികിത്സാ രംഗത്തേക്ക് ഈ സംഘടന ശേഖരിച്ചത്. വ്യക്തികള്‍ നല്‍കുന്ന പഴയ വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, പെയിന്‍റിംഗുകള്‍ എന്നിവ വില്‍ക്കുന്ന ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍റെ ചാരിറ്റബിള്‍ ഷോപ്പുകള്‍ ഇംഗ്ലണ്ടിലെ ഏതു ഗ്രാമത്തിലും കാണാന്‍ സാധിക്കും.

ബ്രിട്ടനില്‍ ഓക്സ്ഫോര്‍ഡില്‍ 1942ല്‍ ആരംഭിച്ച ”ഓക്സ്ഫാം” എന്ന സംഘടന ലോകത്തിലെ 90 രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ശുദ്ധജലം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗത്ത് ഓക്സ്ഫാം പ്രവര്‍ത്തിക്കുന്നു.

സേവ് ദ ചില്‍ഡ്രന്‍ ഇന്‍റര്‍നാഷണല്‍, മാക്മിലന്‍ കാന്‍സര്‍ സപ്പോര്‍ട്ട്, പ്രോസ്റ്റേറ്റ് കാന്‍സര്‍ യു.കെ., ആല്‍ഷിമേഴ്സ് സൊസൈറ്റി, ബിബിസി നേതൃത്വം നല്‍കുന്ന “ചില്‍ഡ്രന്‍ ഇന്‍ നീഡ്”, പ്രാദേശിക ആശുപത്രികളെ സഹായിക്കുന്ന സെന്‍റ് ജമ്മാസ് ഹോസ്പിക്സ് ചാരിറ്റി, സൂ റൈഡര്‍, മാനസികരോഗികളുടെ ചികിത്സയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള “മൈന്‍ഡ്”, വീടില്ലാത്തവരെ സഹായിക്കുന്ന “ഷെല്‍റ്റര്‍”, രോഗികളും അംഗവൈകല്യം വന്നവരുമായ പട്ടാളക്കാരെ സഹായിക്കുന്ന “ബ്രിട്ടീഷ് ലീജിയന്‍”, റെഡ് ക്രോസ്, സാൽവേഷൻ ആർമി എന്നിവ കൊടുക്കാന്‍ സന്മനസ്സുള്ളവരാല്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റികളാണ്.

കേരളത്തില്‍ ഇനിയും ശക്തിയാര്‍ജ്ജിക്കാത്ത ഒരു പ്രവര്‍ത്തനമേഖലയാണ് ചാരിറ്റബിള്‍ ഓർഗനൈസേഷനുകൾ. ഇത്തരം നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും ശക്തമായ നേതൃത്വവും വ്യക്തമായ പ്ലാനുകളും പ്രോജക്ടുകളുമായി എത്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു? ഇംഗ്ലണ്ടിലുള്ള എല്ലാ ആവശ്യങ്ങളും കേരളത്തിലും ഉണ്ട് എന്ന തിരിച്ചറിവാണ് നമുക്കു വേണ്ടത്. കുട്ടികള്‍, വിധവമാര്‍, അംഗവൈകല്യം വന്നവര്‍, മാനസികരോഗികള്‍, ഭവനരഹിതര്‍, രോഗികളും ആലംബഹീനരുമായ മുന്‍ സൈനികര്‍ എന്നിങ്ങനെ എല്ലാ മേഖലയിലും സഹായഹസ്തങ്ങള്‍ തുറക്കേണ്ടതിന് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. മെഡിക്കൽ രംഗത്തെ ഗവേഷണസ്ഥാപനങ്ങളെ സഹായിക്കുന്നതിനും സർക്കാർ ആശുപത്രികളുടെ വികസനത്തിനും മറ്റുമായി ബാങ്കുകൾ, മാധ്യമ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയാൽ പണമിടപാടുകളിലെ സുതാര്യത “കൊടുക്കുവാൻ” ജനങ്ങൾക്ക് ധൈര്യം നൽകും.

കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രമുഖരായ നിരവധി വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഗോപിനാഥ് മുതുകാട്, ബോബി ചെമ്മണ്ണൂര്‍, ഫിറോസ് കുന്നുംപറമ്പില്‍ എന്നീ വ്യക്തികള്‍ കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ അഭിമാനിക്കാവുന്ന വ്യക്തിത്വങ്ങളാണ്. എന്നാല്‍, ചാരിറ്റികള്‍ വ്യക്തികേന്ദ്രീകൃതമാകുമ്പോള്‍ അതില്‍ പൊതുസമൂഹത്തിന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. വ്യക്തികളോടുള്ള താല്‍പര്യക്കുറവോ അവര്‍ അതില്‍ പേരെടുക്കുന്നു എന്നതോ ഒക്കെയാവാം പൊതുജനത്തിൻ്റെ വൈമുഖ്യത്തിന് കാരണം. എന്നാല്‍, പ്രത്യേക ലക്ഷ്യത്തോടെ സംഘടനാ രൂപത്തില്‍ സുതാര്യമായും മതേതര ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സ്ഥാപനങ്ങളോടു സ്വാഭാവികമായും സമൂഹത്തിന് താല്‍പര്യം വർദ്ധിക്കും. ഫിറോസ് കുന്നുംപറമ്പിലിനെതിരേ കഴിഞ്ഞ നാളുകളില്‍ ഉണ്ടായ ആരോപണങ്ങള്‍ വ്യക്തിഗത ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നു എന്നതിന് തെളിവാണ്. അതിന്‍റെ അനന്തരഫലമോ, കൊടുക്കുവാനുള്ള സമൂഹത്തിന്‍റെ താല്‍പര്യങ്ങളെ അത് കെടുത്തിക്കളയുകയും എന്നതാണ്.

ക്രിസ്റ്റ്യന്‍ ചാരിറ്റികളായ കാരിത്താസ് ഇന്ത്യ, വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി, ഗുഡ്ന്യൂസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ദീപിതി സ്പെഷല്‍ സ്കൂള്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍ എന്നിവ നാളുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. “കൊടുക്കുക” എന്നത് ഇപ്പോഴും മലയാളിയുടെ ശീലമായി മാറിയിട്ടില്ല എന്നതിനാല്‍ ഈ സംഘടനകള്‍ക്കൊന്നും ശക്തമായി മുന്നേറാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളി സമൂഹത്തിന്‍റെ സാമ്പത്തിക ശക്തിയുടെ വെളിച്ചത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പലതും ചെയ്യാന്‍ സാധിക്കുമെങ്കിലും സ്കൂള്‍ തലം മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ബോധവത്കരണം സംഭവിക്കാത്തതിനാല്‍ പണം നല്‍കി പിന്തുണ അറിയിക്കുന്ന സഹാനുഭൂതിയുടെ പ്രായോഗികത പലര്‍ക്കും അന്യമാകുന്നു. അനുകമ്പയോടെ നോക്കി നിൽക്കുന്നതിനപ്പുറം പണം നൽകിയും സഹായിക്കാൻ കഴിയണം.

ഇല്ലായ്മയുടെ ദുഃഖത്തില്‍ വേദനിക്കുന്നവരോടു പക്ഷം ചേരുമ്പോഴാണ് നാം ജീവിച്ചു എന്നതിന് അര്‍ത്ഥമുണ്ടാകുന്നത്. കേരളം “ചാരിറ്റിയുടെ സ്വന്തം നാട് ” ആയിത്തീരുമ്പോള്‍ മാത്രമാണ് ഇത് ”ദൈവത്തിന്‍റെ സ്വന്തം നാട്” ആയിത്തീരുകയുള്ളൂ.

“നാം ദൈവത്തിന്റെ കരവേലയാണ്‌;
നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌” (എഫേ 2 :10) 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments