Saturday, July 27, 2024
No menu items!
Homeഅവലോകനംലൗജിഹാദ്: എസ്തേറിൻ്റെ പുസ്തകത്തിൽ നിന്നും ഒരു ചിന്ത

ലൗജിഹാദ്: എസ്തേറിൻ്റെ പുസ്തകത്തിൽ നിന്നും ഒരു ചിന്ത


ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്‍റെ മകള്‍ മറ്റൊരു മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ ചര്‍ച്ചചെയ്യപ്പെട്ട സമയമായിരുന്നു 1990കളുടെ അവസാന കാലഘട്ടം. മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യം നൽകിയ സംഭവമായിരുന്നു അത്. അക്കാലത്ത് ഇറങ്ങിയ ഒരു മലയാളം പ്രസിദ്ധീകരണത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ഒരു മലയാളി കോളമിസ്റ്റ് ഇപ്രകാരം എഴുതി:
“അവന്‍ ഷണ്ഡനല്ലെങ്കില്‍ അവളെ ഗര്‍ഭിണിയാക്കട്ടെ, അവള്‍ മച്ചിയല്ലെങ്കില്‍ പെറട്ടെ, അതിന് ഞാനെന്തുവേണമെടാ കൂവേ?”

ശരിയാണ്, പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും കല്യാണം കഴിക്കുന്നതിൽ നാട്ടുകാർക്ക് എന്താ ഇത്ര പ്രശ്നം? ഇവിടെ ആർക്കും യാതൊരു പ്രശ്നവുമില്ല. അവർ സന്തോഷത്തോടെ ജീവിക്കട്ടെ, സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവരുടെ തലമുറ ഭൂമുഖത്ത് നിലനിൽക്കട്ടെ!

എന്നാൽ മതംമാറ്റണമെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണം എന്ന നിഗൂഡലക്ഷ്യത്തോടെ നൂറുകണക്കാന് പെൺകുട്ടികളെ വിദ്യാഭ്യാസം പോലും പൂർത്തിയാക്കുന്നതിനു മുമ്പേ, പ്രേമക്കെണിവച്ച് തട്ടിയെടുക്കുന്ന സംഘടിത ശ്രമങ്ങളുണ്ടല്ലോ, അതിനെ അത്ര നിസ്സാരമായി കാണേണ്ടതുണ്ടോ ? പറ്റത്തില്ലെടാ കൂവേ!

“ലൗജിഹാദ്” തിന്മയാണ്. സമൂഹത്തോടു ചെയ്യുന്ന കൊടിയ അപരാധമാണ്. മാന്യന്മാരായ മാതാപിതാക്കളുടെ അരുമസന്താനങ്ങളെ തട്ടിയെടുത്ത് സിറിയയിലും അഫ്ഘാനിലും ആടുമേയ്ക്കാനും പൊട്ടിത്തെറിക്കാനും കൊണ്ടുപോയതിൻ്റെ ചരിത്രം ആരും മറന്നിട്ടില്ല. രണ്ടും മൂന്നും മക്കളായ ശേഷം പുയ്യാപ്ല മൊഴിചൊല്ലി വഴിയാധാരമായതിൻ്റെ പേരിൽ മുഖം മറച്ച് കാമറയുടെ മുന്നിൽ കണ്ണിരും കൈയുമായി വന്നു നിൽക്കുന്ന പഴയകാല ഹൂറികളുടെ ചിത്രവും ആരും വിസ്മരിക്കരുത്. ഇതു പോലുളള നൂറുകണക്കിന് തെളിവുകളെ അവഗണിച്ച് പോലീസും നീതിപീഠവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാം ഒരേ സ്വരത്തിൽ “ലൗ ജിഹാദ് ഇല്ല” എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാലും അതൊന്നും ഇവിടെ വിലപ്പോവില്ല.

ലൗജിഹാദ് ഒരു മതത്തിന്‍റെയോ മതങ്ങള്‍ തമ്മിലോ ഉള്ള വിഷയമല്ല, ഇതൊരു സമൂഹത്തിന്‍റെ പ്രശ്നമാണ്. വിവാഹം, കുടുംബം എന്ന കെട്ടുറപ്പുള്ള സമൂഹിക വ്യവസ്ഥിതിയെ തകർത്ത് സമൂഹത്തിൻ്റെ സ്വാഭാവിക ഗതിയെ വഴിതിരിച്ചുവിടുകയാണിവിടെ. ഇത് ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്നത് ഗുരുതരമായ സാമൂഹിക അരക്ഷിതാവസ്ഥയായിരിക്കും. ഈ യാഥാര്‍ത്ഥ്യം ഇന്ന് തിരിച്ചറിയാത്ത രാഷ്ട്രീയക്കാരും അധികാരികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാംസ്കാരിക നായകരും വാസ്തവത്തില്‍ സമൂഹത്തിന്‍റെ തകർച്ചയ്ക്ക് ആക്കംകൂട്ടുകയാണ്.

ടീനേജ് കാലത്തെ വൈകാരികതൃഷ്ണകളാണ് പല പെണ്‍കുട്ടികളെയും “ലൗജിഹാദ് ” എന്ന സാമൂഹിക ദുരന്തത്തിന്‍റെ ഇരകളാക്കുന്നത്. പ്രണയം നടിച്ച് മതംമാറ്റി വിവാഹം കഴിക്കുകയും ഒന്നോ രണ്ടോ കുട്ടികള്‍ ജനിച്ചശേഷം ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്താല്‍ ഈ പെണ്‍കുട്ടി ജീവിക്കാന്‍ എന്തു ചെയ്യും? പടിഞ്ഞാറന്‍ നാടുകളിലെപ്പോലെ സാമൂഹിക സുരക്ഷ ലഭ്യമല്ലെങ്കില്‍ ഇവരുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? ഭര്‍ത്താവ് ഉപേക്ഷിക്കുകയും സ്വന്തം മാതാപിതാക്കള്‍ കൈയൊഴിയുകയും ചെയ്താല്‍ എന്തു ചെയ്യും? വിദ്യാഭ്യാസമോ തൊഴില്‍ പരിചയമോ തൊഴിലോ ഇല്ലാത്തവൾ എന്തു ചെയ്യും? ലൗജിഹാദിനെ പിന്താങ്ങുന്നവര്‍ ഇന്ന് ഉത്തരം തരേണ്ടത് ഇത്തരം കാര്യങ്ങള്‍ക്കാണ്. ലൗജിഹാദിന് ഇരകളാകുന്ന പെൺകുട്ടികൾ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ സമൂഹം കാണാൻ പോകുന്നതേയുള്ളൂ.

ലൗജിഹാദ് എന്ന ഈ നൂതന ആശയം ഇന്ന് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കുന്നത് തീവ്രമതബോധമുള്ള ചില ഇസ്ലാം സംഘടനകളാണ്. വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഉന്നതബോധ്യമുള്ള ആയിരക്കണക്കിന് മുസ്ലിം സഹോദരങ്ങളുണ്ട്. പെണ്‍കുട്ടികള്‍ നഷ്ടപ്പെടുന്നവരുടെ മാതാപിതാക്കളെപ്പോലെ അവരെല്ലാം ഈ വിഷയത്തില്‍ തീര്‍ത്തും നിസ്സഹായരാണെന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. എങ്കില്‍പോലും സമൂഹം ഒന്നടങ്കം നേരിടാന്‍ പോകുന്ന പ്രതിസന്ധികളും അതിൻ്റെ പരിണിതഫലങ്ങളും ആരേയും ഒഴിവാക്കില്ല. അതിനാൽ ആരുടെയോ നികൃഷ്ട ബുദ്ധിയിൽ ഉദിച്ച ഈ പൈശാചികതയെ എല്ലാവരും തള്ളിപ്പറയണം. ഇന്ന് ഇത് ക്രിസ്ത്യാനിയുടെയും ഹിന്ദുവിൻ്റെയും പ്രശ്നമാണെങ്കിൽ നാളെ ഇത് മുസ്ളീമിൻ്റെയും പ്രശ്നമായി മാറും എന്ന് ഓർമിക്കുന്നത് നന്ന്.

എം.എം. അക്ബറിൻ്റെ “നിച്ച് ഓഫ് ട്രൂത്ത്” ഒരു കാലത്ത് കേരളം മുഴുവന്‍ കോളാമ്പികെട്ടി ഇതരമതങ്ങളെ പുലഭ്യം പറഞ്ഞു കേമത്തരം കാണിച്ചിരുന്നു. അതിലൂടെ അവര്‍ ഇന്ന് എന്തു നേടി എന്നു ചോദിച്ചാല്‍ “കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു” എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ എളുപ്പം മനസ്സിലാകും. ഇതേ ഫലമായിരിക്കും ലൗജിഹാദിന്‍റെ പേരിലും സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത്. ഇന്ന് ഇസ്ലാമതത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ് ലൗജിഹാദ് എന്ന ആശയം തീവ്രമായി നടപ്പാക്കുന്നത്. ഈ നൂതനമാര്‍ഗ്ഗം ഇതര മതങ്ങളിലെ യുവാക്കളും ഏറ്റെടുത്തു കഴിഞ്ഞാല്‍ സംഗതി ആകെ കുഴയും. “ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു” എന്നു പറയേണ്ടി വരും. ഇതിനുള്ള ചില സൂചനകള്‍ ലഭിക്കുന്നുണ്ട് എന്നു മാത്രം പറയട്ടെ.

സ്ത്രീസ്വാതന്ത്ര്യം എന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യുപ്പെടുന്ന വസ്തുതയാണ്. കേരളത്തില്‍ ഉയരുന്ന സ്ത്രീസമത്വ, സ്ത്രീ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ സമൂഹത്തില്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികളില്‍ ഏറെ നഷ്ടം നേരിടാന്‍ പോകുന്നത് ഇന്ന് ലൗജിഹാദിന് ഒത്താശ ചെയ്യുന്നവര്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന മത വിഭാഗങ്ങൾക്കും അറിയിരിക്കും. ഇതിനിടയില്‍ ക്രിസ്റ്റ്യന്‍/ ഹിന്ദു വിഭാഗങ്ങളില്‍നിന്ന് കുറേ പെണ്‍കുട്ടികളുടെ ജീവിതം നേർച്ച ക്കോഴികളെപ്പോലെ നശിക്കും. അതില്‍ കവിഞ്ഞ് ആത്യന്തികമായി ആരും ഒന്നും നേടില്ല. എന്നാല്‍ ഇത് ഉളവാക്കുന്ന സാമൂഹിക ആഘാതം പ്രവചിക്കാനാവാത്തതായിരിക്കും. ഇപ്പോള്‍ ലൗജിഹാദ് സമൂഹത്തിലെ ഒരു ട്രെന്‍റാണ്. ഈ ട്രെന്‍റ് ക്രമേണ സമൂഹം മുഴുവന്‍ വ്യാപിക്കും. വാസ്തവത്തില്‍, ലൗജിഹാദ് എന്നത് കുപ്പിതുറന്നുവിട്ട ഭൂതമായിരുന്നു എന്ന് പലരും തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ എന്ന് ചുരുക്കം.

ലൗജിഹാദിലൂടെ ഒരു കുടുംബത്തിന്മേല്‍ ഒരു ദുരന്തംപോലെ സംഭവിക്കുന്ന വേദനയില്‍ പോലും കൂതറ രാഷ്ട്രീയം കളിക്കുന്ന കുറെ അവസരവാദികളുണ്ട്. കുടുംബത്തിലെ വളര്‍ത്തുദോഷമാണെന്നാണ് ഇവര്‍ പറഞ്ഞുപരത്തുന്നത്. കഴിഞ്ഞ ദിവസം വടക്കേമലബാറില്‍ ഒരു പെണ്‍കുട്ടി ലൗജിഹാദില്‍ നഷ്ടപ്പെട്ടപ്പോള്‍ അവളുടെ മാതാപിതാക്കളുടെ ദയനീയമായ അവസ്ഥയ്ക്ക് സാക്ഷികളായവര്‍ പറഞ്ഞത് ഹൃദയഭേദകമായ രംഗമായിരുന്നു അത് എന്നാണ്. ആര്‍ക്കും ആ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. മാതാപിതാക്കളുടെ ഈ ദുഃഖത്തിനു കാരണം വളര്‍ത്തുദോഷത്തിന്‍റെ ഫലമാണെന്നാണ് ഷിബു ബേബി ജോണിനുണ്ടായ വെളിപ്പാട്. ഇത് വളര്‍ത്തുദോഷമില്ല സുഹൃത്തെ, ഇവിടെ പെൺകുട്ടിയും അവളുടെ മാതാപിതാക്കളും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. പ്രണയം നടിച്ച് ഒരു പെണ്‍കുട്ടിയെ ചിലർ ചതിച്ചിരിക്കുകയാണ്.

ക്രിസ്തീയ കുടുംബജീവിതത്തെ ഉപമിച്ചിരിക്കുന്നത് ”ക്രിസ്തുവും സഭയും തമ്മിലുള്ള നിര്‍വ്യാജസ്നേഹത്തോടണ്”. അത്രമേല്‍ പവിത്രമാണ് ക്രിസ്തീയകുടുംബജീവിത ദര്‍ശനം. ടീനേജില്‍ നില്‍ക്കുന്ന ലോകവിവരമില്ലാത്ത ഒരു പെണ്‍കുട്ടിക്കു മുന്നില്‍ പ്രണയം അഭിനയിച്ച് അവളെ മയക്കുകയും തട്ടിയെടുക്കുകയും ചെയ്തിട്ട് അതിന്‍റെ കുറ്റം മുഴുവന്‍ അവളുടെ നിഷ്കളങ്കരായ മാതാപിതാക്കളുടെ മേല്‍ കെട്ടിവയ്ക്കുന്നത് താങ്കൾ വെറും സ്വാർത്ഥമായി ചിന്തിക്കുന്നതിനാലാണ്.

ലൗജിഹാദ് വിഷയത്തില്‍ കേരളത്തിലെ ശരാശരി രാഷ്ട്രീയക്കാരെല്ലാം ഷിബു ബേബിജോണിന്‍റെ മനസ്സുള്ളവരാണ്. ഇലക്ഷനില്‍ വോട്ടു കിട്ടുക എന്നതിന് അപ്പുറത്തേക്ക് ഇവര്‍ക്ക് ആരോടും യാതൊരു കടപ്പാടുമില്ല.
കേരളത്തിലെ സകലമാന ക്രൈസ്തവസഭകളും സഭാനേതൃത്വങ്ങളും ഒന്നടങ്കം ലൗജിഹാദ് എന്ന സാമൂഹിക വിഷയത്തെ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറച്ചു പിടിച്ച് വളർത്തുദോഷമെന്നു പറയുന്നത് അങ്ങേയറ്റം ഹീനമാണ്.

ലൗജിഹാദിന്‍റെ പേരില്‍ നെഞ്ചുപൊട്ടിക്കരയുന്ന മാതാപിതാക്കളെ അപമാനിക്കുകയും അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ബൈബിളിലെ “എസ്തേറിന്‍റെ പുസ്തകം” ഒന്നു വായിക്കണം. അതില്‍ ചിന്തോദ്ദീപകമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. യഹൂദ വനിതയായ എസ്തേർ അഹശ്വേരശ് രാജാവിന്‍റെ രാജ്ഞിയായിരുന്നു. രാജാവു കഴിഞ്ഞാൽ പ്രധാനിയായിരുന്ന അഗാഗ്യനായ ഹാമാന്‍ യഹൂദരെ ഉന്മൂലനം ചെയ്യുവാന്‍ പദ്ധതി തയാറാക്കിയപ്പോള്‍ എസ്തേറിനോട് അവളുടെ അമ്മാവനായ മോര്‍ദേഖായി പറയുന്ന ഒരു കാര്യമുണ്ട്.

“നീ രാജകൊട്ടാരത്തില്‍ മറ്റു യഹൂദരെക്കാള്‍ അല്‍പമെങ്കിലും കൂടുതല്‍ സുരക്ഷിതയായിരിക്കുമെന്നു കരുതേണ്ടാ. ഇതുപോലൊരു സമയത്ത് നീ മൗനം പാലിച്ചാല്‍ യഹൂദര്‍ക്കു മറ്റൊരിടത്തുനിന്ന് ആശ്വാസവും മോചനവും വരും. പക്ഷേ, നീയും നിന്‍െറ പിതൃഭവനവും നശിക്കും”

ചിന്തിക്കുന്നവര്‍ക്ക് ഏറെ ദൃഷ്ടാന്തമുള്ള ഒരു വാക്യമാണിത്. സത്യവും അസത്യവും തമ്മിലും ധര്‍മവും അധര്‍മ്മവും തമ്മിലും സംഘര്‍ഷമുണ്ടാകുമ്പോള്‍ നീതിയുടെയും സത്യത്തിന്‍റെയും പക്ഷത്തു നിലയുറപ്പിക്കുക. ഇതിന്‍റെ ഫലമായി എല്ലാം നഷ്ടമായി എന്നു തോന്നിയേക്കാം, എന്നാല്‍ അതെല്ലാം താല്‍ക്കാലികയിരിക്കും. സത്യത്തെയും നീതിയെയും ആര്‍ക്കും കുഴിച്ചുമൂടി ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ ചതിയില്‍പെട്ട വ്യക്തികള്‍ക്കും കുടുംബത്തിനും വേണ്ടി ശബ്ദിക്കേണ്ടിടത്ത് മൗനംപാലിക്കുന്നവരും അവസരംകിട്ടുമ്പോഴെല്ലാം അസത്യത്തെ വെള്ളപൂശി സത്യമാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കും ശാശ്വതമായ നഷ്ടമേ ഉണ്ടാവുകയുള്ളൂ.

ക്രിസ്ത്യാനികളുടെ പെണ്‍മക്കള്‍ വഞ്ചിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഈ ഗുരുതരമായ പ്രതിസന്ധി അധികനാള്‍ തുടരില്ല, ക്രൈസ്തവസമൂഹം ഇതിനെയും അതിജീവിക്കും. ഒരു മഴയും തോരാതിരുന്നിട്ടില്ലല്ലോ. എന്നാൽ ഈ പൈശാചികതയെ ന്യായീകരിക്കുന്നവരേ ഓർക്കുമ്പോഴാണ് യഥാർത്ഥത്തിൽ ദു:ഖം തോന്നുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments