Thursday, May 30, 2024
No menu items!
Homeഅവലോകനംമെത്രാച്ചന്‍റെ കുസൃതിത്തരങ്ങൾ

മെത്രാച്ചന്‍റെ കുസൃതിത്തരങ്ങൾ


യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്ന് സോഷ്യല്‍മീഡിയാ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദൈവജനത്തോടൊത്ത് കഷ്ടമനുഭവിക്കുന്ന മെത്രാന്‍ എന്നതിനാലല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂലിത്തൊഴിലാളി എന്ന ലേബലിലാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്. ക്രൈസ്തവ സഭ കടുത്ത സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഈ മെത്രാച്ചന്‍ കമ്മൂണിസ്റ്റ് കുപ്പായമിട്ട് കളത്തിലിറങ്ങി വിശ്വാസ സമൂഹത്തെ കൊഞ്ഞനംകുത്തി കാണിക്കുന്നത്.

“യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ക്രൈസ്തവസമൂഹം സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരു പിന്നോക്ക സമൂഹം ആണോ?” ഇതാണ് മെത്രാച്ചന്‍ ഈയിടെ ഉയര്‍ത്തിയിരിക്കുന്ന മില്യണ്‍ ഡോളര്‍ പ്രതിഫലമുള്ള ചോദ്യം! ന്യൂനപക്ഷ സംവരണവുമായി ബന്ധപ്പെട്ട വിധിവന്നതോടെ ചോദ്യം ചോദിക്കാതെ മെത്രാച്ചന് ഇരിക്കപ്പൊറുതി ഇല്ലാതായി!

വിഷയത്തെക്കുറിച്ച് വേണ്ടരീതിയില്‍ പഠിക്കാതെയാണ് ഇദ്ദേഹം ഇത്തരം നിരുത്തരവാദപരമായ ചോദ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. അദ്ദേഹം ഉള്‍പ്പെട്ടു നില്‍ക്കുന്ന യാക്കോബായ സഭ കൂറിലോസ് മെത്രാച്ചൻ്റെ ഈ കുസൃതിച്ചോ ചോദ്യങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. “ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയ”മാണെന്നാണ് യാക്കോബായ സഭ പ്രതികരിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയുമെല്ലാം നിലപാടും ഇതുതന്നെയാണ്. എന്നാല്‍ കൂറിലോസ് മെത്രാച്ചന്‍ മനസ്സിലാക്കിയിരിക്കുന്നത് “ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള സവര്‍ണ്ണശ്രമങ്ങളുടെ ഭാഗമാണ്” ന്യൂനപക്ഷ സംവരണവിഷയം രംഗത്തു വന്നിരിക്കുന്നത് എന്നാണ്.

ഇന്ത്യന്‍ ജനസംഖ്യയില്‍ വെറും രണ്ട് ശതമാനം മാത്രമുള്ള, തികച്ചും ന്യൂനപക്ഷമായ ക്രൈസ്തവര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയത്തി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ “യേശുക്രിസ്തു ചിരിക്കുന്നുണ്ടാകും” എന്നാണ് അദ്ദേഹം പറയുന്നത്.

തിരുവിതാംകൂറിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക അവസ്ഥയല്ല മലബാര്‍ മേഖലയിലെ ക്രൈസ്തവര്‍ക്കുള്ളത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാച്ചനും അദ്ദേഹത്തിന് പിആര്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കും ഇത് മനസ്സിലായി എന്ന് വരില്ല. പട്ടിണിയും പരിവട്ടവുമായി ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്ന നൂറുകണക്കിന് ക്രൈസ്തവര്‍ ഇന്നും മലബാര്‍ മേഖലയിലുണ്ട്. മലബാറിലെ ഉന്നത വിദ്യാഭ്യാസമേഖലയിലും ഉദ്യോഗത്തിലുമൊന്നും തിരുവിതാംകൂറിലെപ്പോലെ ക്രൈസ്തവര്‍ക്ക് യാതൊരു പ്രാമുഖ്യവുമില്ല. മാര്‍ കൂറിലോസ് പറയുന്ന പരിവര്‍ത്തന ക്രൈസ്തവര്‍ മാത്രമല്ല, മുഖ്യധാരാ ക്രൈസ്തവര്‍തന്നെ ഇവിടെ കടുത്ത സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്.

സഭാജനത്തേക്കാള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയോടുള്ള വിധേയത്വമാണ് അദ്ദേഹത്തെ ഈ നിലയില്‍ ചോദ്യങ്ങളുയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത് എന്നത് പകല്‍പോലെ വ്യക്തമാകുന്ന കാര്യമാണ്. ന്യൂനപക്ഷ വിഷയത്തിലുള്ള കോടതിവിധിയുടെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന് അല്‍പ്പം ആശ്വാസം കിട്ടുമെങ്കില്‍ അങ്ങനെയാകട്ടെ എന്നതാണ് അദ്ദേഹത്തിൻ്റെ ഈ പ്രസ്താവനയുടെ പിന്നിലെ ചോതോവികാരം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏതെങ്കിലും ഒരു പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു പ്രസംഗം തരപ്പെടുത്തുക എന്നതിനപ്പുറം ഈ ആക്ടീവിസം കൊണ്ട് വലിയ നേട്ടമൊന്നുമുണ്ടാകില്ല. കാറല്‍ മാര്‍ക്സിന്‍റെ “ദാസ് കാപ്പിറ്റല്‍” വായിക്കാതെ ബൈബിള്‍ വായിച്ചാല്‍ ഒന്നും മനസ്സിലാകില്ല എന്നു പറഞ്ഞ ഒരു മെത്രാച്ചന്‍ കല്‍ദായ സഭയ്ക്കുണ്ടായിരുന്നു. “ചിന്ത വാരിക”യില്‍ കുറെ എഴുതാനും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒന്നു പ്രസംഗിക്കാനും അവസരം കിട്ടി. ഇന്ന് ഇദ്ദേഹത്തെ കമ്യൂണിസ്റ്റുകള്‍ ആരെങ്കിലും ഓര്‍മിക്കുന്നുണ്ടോ ആവോ? കൂറിലോസ് മെത്രാന്‍ പൗലോസ് മാര്‍ പൗലോസിന്‍റെ വഴിക്കാണെന്ന് തോന്നുന്നു.

ശ്രേഷ്ഠമായ ആത്മീയാധികാരങ്ങള്‍ കൈയാളുന്നവര്‍ എന്ന നിലയില്‍ മെത്രാന്മാർ ഏറെ ആദരണീയരായാണ് ക്രൈസ്തവസഭ കാണുന്നത്. ക്രൈസ്തവര്‍ക്ക് സമൂഹത്തില്‍ മേല്‍ക്കോയ്മയുള്ളതിനാല്‍, സഭ നല്‍കുന്ന ഈ ബഹുമാനം സമൂഹവും നല്‍കുന്നു. ഈശോമശിഹായുടെ പന്ത്രണ്ട് അപ്പൊസ്തൊലന്മാരെ പിന്തുടര്‍ന്നുകൊണ്ട് ദൈവവചനത്തിന്‍റെ കാലികമായ വ്യാഖ്യാനവും പഠിപ്പിക്കലും മെത്രാന്മാരില്‍ നിക്ഷിപ്തമാണെന്ന് സഭ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തില്‍ സഭ നല്‍കുന്ന ശ്രേഷ്ഠപദവികള്‍ വിസ്മരിച്ചുകൊണ്ടാണ് വിശ്വാസികളെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളുമായി അദ്ദേഹം എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ലോകത്തില്‍ നിരവധി സഭാസമൂഹങ്ങള്‍ ഉണ്ടെങ്കിലും കിഴക്കിന്‍റെ ആത്മീയപാരമ്പര്യമുള്ള സുറിയാനിസഭയാണ് രക്തസാക്ഷികളുടെ സഭയായി അറിയപ്പെടുന്നത്. മെത്രാനെന്നോ പട്ടക്കാരനെന്നോ വിശ്വാസിയെന്നോ വ്യത്യാസമില്ലാതെ ഇന്നും ഈ സഭ പീഡനങ്ങളിലൂടെ കടന്നുപോവുകയാണ്. മെത്രാന്‍റെ കുപ്പായത്തിലെ ചുവപ്പുനിറം ഈ രക്തസാക്ഷിത്വത്തെ അനുസ്മരിപ്പിക്കുവാനുള്ളതാണ്. വിശ്വാസത്തിനുവേണ്ടി പീഢസഹിക്കേണ്ടിവരുമ്പോള്‍ പ്രഥമസ്ഥാനത്ത് കാണപ്പെടുമെന്ന നിത്യവൃതമാണ് മെത്രാന്‍സ്ഥാനത്തിന്‍റെ പ്രത്യേകത. സിറിയയില്‍നിന്ന് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ഇന്നും കണ്ടെത്താന്‍ കഴിയാത്ത സിറിയന്‍, ഗ്രീക്ക് മെത്രാന്മാരെക്കുറിച്ച് ലോകം ഇപ്പോള്‍ നിശ്ശബ്ദമാണ്. അവര്‍ക്ക് എന്തു സംഭവിച്ചു? ദൈവജനത്തോടൊപ്പം കഷ്ടമനുഭവിക്കാന്‍ മുന്നിട്ടിറങ്ങിയവരായിരുന്നു ഈ ബിഷപ്പുമാര്‍. ബിഷപ്പിനെ തട്ടിക്കൊണ്ടുപോകുന്ന നാട്ടില്‍ വിശ്വാസികള്‍ എത്രയോ വലിയ പീഡനങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. “സഹദായുടെ രക്തം സഭയുടെ വിത്ത്” എന്നാണ് പറയുക. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതിന് മുമ്പ് സഹദയന്മാരേ സ്മരിക്കുന്ന ഒരു ഗാനംപോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രൈസ്തവസഭ ലോകത്താകമാനം ഇന്ന് പീഡനങ്ങളിലൂടെ കടന്നുപോവുകയാണ്. ഇന്ന് സഭയെ പീഡിപ്പിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് ഇസ്ലാമിക തീവ്രവാദികളും കമ്യൂണിസ്റ്റുകളുമാണ്. ചുവന്ന കുപ്പായമിട്ട കൂറിലോസ് മെത്രാനേ കാണുമ്പോള്‍ സഭയുടെ വേട്ടക്കാരായ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തുന്ന ചെങ്കൊടിയുടെ അര്‍ത്ഥമാണോ തന്‍റെ കുപ്പായത്തിന് അദ്ദേഹം നല്‍കിയിരിക്കുന്നത് എന്ന് സംശയിച്ചുപോകുന്നു. കമ്യൂണിസത്തിന്‍റെയും ഇസ്ലാമിക തീവ്രവാദത്തിന്‍റെയും കൂട്ടുകെട്ടില്‍, രക്തസാക്ഷികളായ ലക്ഷക്കണക്കിന് സഭാമക്കളെ വിസ്മരിച്ചുകൊണ്ടുള്ള പുരോഗമനം പറച്ചില്‍ ഒരു മെത്രാച്ചന് ചേര്‍ന്നതല്ല എന്നേ പറയേണ്ടുതുള്ളൂ. കമ്യൂണിസ്റ്റ് സന്യാസിയായ ”ഷിബുസ്വാമി” എന്ന സന്ദീപാനന്ദഗിരിക്കു പഠിക്കുന്ന മെത്രാനായി അങ്ങ് സ്വയം തരംതാഴരുതേ എന്ന് അഭ്യര്‍ത്ഥിക്കട്ടെ.

ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ ഒരു മഹാനായ കൂറിലേസ് തിരുമേനിയെ നാം കാണുന്നുണ്ട്. യാക്കോബായ സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ അഞ്ചാം തുബ്ദേനില്‍, നിദ്രപ്രാപിച്ച ആത്മീയപിതാക്കന്മാരേയും മല്‍പ്പാന്മാരേയും സ്മരിച്ചുകൊണ്ട് പറയുന്നു “വചനമായ ദൈവം ശരീരിയായിത്തീര്‍ന്നുവെന്ന് നമ്മുടെ കര്‍ത്താവീശോമശിഹായുടെ മനുഷ്യാവതാരത്തെക്കുറിച്ച് സ്പഷ്ടമായി തെളിയിച്ചവനും സത്യവാനും ഉന്നതഗോപുരവുമായ പ്രസിദ്ധനായ മാര്‍ കൂറിലോസ്” സഭയെ സത്യവിശ്വാസത്തില്‍ നയിക്കുന്നതില്‍ മുമ്പന്തിയില്‍ നിന്ന മാര്‍ കൂറിലോസ് തിരുമേനിയുടെ പേര്‍ വഹിക്കുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലേസ് മെത്രാന്‍ ഇനിയെങ്കിലും തന്‍റെ പേരിനോടും സ്ഥാനത്തോടും കൂറുപുലർത്തണം. ക്രൈസ്തസഭ കടന്നുപോകുന്ന ഈ ഗുരുതരമായ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments