Thursday, May 30, 2024
No menu items!
Homeഅവലോകനംഫാദർ ഗബ്രിയേൽ അമോർത്തിൻ്റെ നിരീക്ഷണങ്ങളുടെ കാലിക പ്രസക്തി

ഫാദർ ഗബ്രിയേൽ അമോർത്തിൻ്റെ നിരീക്ഷണങ്ങളുടെ കാലിക പ്രസക്തി

കത്തോലിക്കാ സഭയിലെ ഒരു വൈദികനായി അറുപതിലേറെ വര്‍ഷങ്ങള്‍ ശുശ്രൂഷ ചെയ്ത ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് (Fr Gabriele Amorth) റോമാ രൂപതയുടെ ഔദ്യോഗിക ഭൂതോഛാടകൻ എന്ന പേരിലാണ് ഏറെ പ്രസിദ്ധനായത്. തന്‍റെ ശുശ്രൂഷാകാലത്ത് 1,60,000 ഭൂതോച്ഛാടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഫാ അമോര്‍ത്ത് അവകാശപ്പെട്ടത്. ഭൂതോച്ഛാടനവുമായി ബന്ധപ്പെട്ടുള്ള തന്‍റെ അനുഭവങ്ങളെ ആസ്പദമാക്കി ഫാ അമോര്‍ത്ത് എഴുതിയ ഒരു ഗ്രന്ഥമാണ് “An Exorcist: More Stories ” ഈ ഗ്രന്ഥത്തിലെ ഒരു പരാമര്‍ശം (Page 12 ) വളരെ കൗതുകമുളവാക്കുന്നതാണ്. Two evils are often tied to satanic rites; the legalization of abortion and the spread of illegal drugs. (രണ്ട് തിന്മകള്‍ സാത്താന്യ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതും നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ വ്യാപനവുമാണത്).

ഭൗതിക ശാസ്ത്രത്തിന്‍റെയും ചിന്തകളുടെയും വ്യാപനം ഏറെ പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഫാദര്‍ അമോര്‍ത്തിന്‍റെ വാദഗങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ രസകരമായ കാര്യം, ഗ്രഹനില നോക്കി (horoscope) ഭാവിതേടുന്നവരുടെ എണ്ണം പടിഞ്ഞാറന്‍ നാടുകളിലാണ് ഏറെയുള്ളത് എന്നതാണ്. ആത്മാക്കളേ വിളിച്ചു വരുത്തി ഭാവിയെന്തെന്ന് അന്വേഷിക്കുന്നവരും മന്ത്രവാദികളും ഇവിടെ ഇഷ്ടംപോലെയുണ്ട്. എന്നാല്‍ മനുഷ്യനുമേല്‍ പിടിമുറുക്കുന്ന ദൂരാത്മലോകത്തെക്കുറിച്ച് പറയുമ്പോള്‍ പുഛിക്കുന്നവരായിരിക്കും ഏറെയും. ക്രൈസ്തവ സഭയിലും സ്ഥിതി വ്യത്യസ്തമല്ല. “തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്തവിധം സഭയിലെ നിരവധി മോറല്‍ തിയോളജിയന്മാര്‍ വരെ കഷ്ടപ്പെടുന്നു” എന്നും ഫാ അമോര്‍ത്ത് ആശങ്കപ്പെടുന്നുണ്ട്.

ക്രിസ്ത്യന്‍ ആത്മീയത എന്നതു ഭൗതികതയ്ക്ക് അതീതമായി നിലകൊള്ളുന്ന വീക്ഷണങ്ങളും ചിന്തകളുമാണ്. ആത്മാവ്, ആത്മാക്കളുടെ ലോകം, മരണം, മരണാനന്തര ജീവിതം, സ്വര്‍ഗ്ഗം, നരകം, ന്യായവിധി, നിത്യത എന്നിങ്ങനെ സകല മാനുഷിക ബുദ്ധിയെയും അതിലംഘിക്കുന്ന തലത്തിലേക്ക് കടന്നുപോകുന്ന വിശ്വാസബോധ്യങ്ങളാണ് ക്രിസ്ത്യന്‍ ആത്മീയത. മനുഷ്യന്‍ ഒരു ഭൗതികജീവി മാത്രമല്ല, മനുഷ്യനില്‍ ഒരു അതിഭൗതികജീവന്‍ കുടികൊള്ളുന്നു എന്ന ശക്തമായ വിശ്വാസമാണ് ക്രൈസ്തവവിശ്വാസത്തില്‍ ഉടനീളം നിര്‍ലീനമായിരിക്കുന്നത്. “ദൈവം ആത്മാവാണ്” എന്നതാണ് എല്ലാ ക്രൈസ്തവ ആത്മീയബോധ്യങ്ങളുടെയും അടിസ്ഥാനം. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് പൗലോസ് ശ്ലീഹാ ചോദിക്കുന്നത് “നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലയോ” എന്ന്. വാസ്തവത്തില്‍ ഈ ചോദ്യം പലരും കേട്ടിട്ടുപോലുമില്ല. വചനം പഠിച്ചവര്‍ പോലും ഭൗതിക ശാസ്ത്രത്തിന്‍റെ ശക്തി, സ്വാധീനം മൂലം ഈ വസ്തുതകള്‍ അംഗീകരിക്കാന്‍ മടിക്കുന്നു. മതപരമായ ആചാരങ്ങളുടെ ഭാഗമായി വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും പലരും പങ്കെടുക്കുന്നുവെങ്കിലും മനുഷ്യന് ഇന്ദ്രിയാതീതമായ ലോകവുമായുള്ള ബന്ധം ക്രൈസ്തവര്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംഗതിയാണെന്നു തോന്നിപ്പോകുന്നു.

ദൃശ്യലോകവും അദൃശ്യലോകവും എന്ന രണ്ട് വ്യത്യസ്ത വീക്ഷണം വിശുദ്ധഗ്രന്ഥം മുമ്പോട്ടുവയ്ക്കുന്നു. അപ്പൊസ്തൊലിക വിശ്വാസം കൈമാറി നല്‍കിയ ക്രൈസ്തവ വിശ്വാസത്തിൽ ഈ അദൃശ്യലോകത്തെക്കുറിച്ചുള്ള നിരവധി അറിവുകളുണ്ടായിരുന്നു. ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്ന ആധ്യാത്മിക (മിസ്റ്റിക്) ബോധത്തിന്‍റെ പ്രത്യക്ഷ തെളിവുകളാണ് നിഖ്യാ വിശ്വാസപ്രമാണത്തില്‍ വായിക്കുന്നത്. “ആകാശത്തിന്‍റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സൃഷ്ടാവുമായ സത്യ ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” പടിഞ്ഞാറന്‍ സഭ തത്വചിന്തയിലൂടെ ദൈവാന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ കിഴക്കന്‍ സഭകളും പിതാക്കന്മാരും ധ്യനാത്മകമാര്‍ഗ്ഗങ്ങളിലൂടെ ആയിരുന്നു ആത്മീയതയെ നിര്‍വ്വചിച്ചത്. ഭൗതികലോകത്തെ ദര്‍ശിക്കുന്ന വിധത്തില്‍ അവര്‍ക്ക് ആത്മലോകം അത്രമേൽ സുവ്യക്തമായിരുന്നു. ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും വലിയ മിസ്റ്റിക് ആയിരുന്ന പൗലോസ് കൊളോസ്യ ലേഖനത്തില്‍ ഇപ്രകാരം എഴുതി ”ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍” (കൊളോ 3:2). അദൃശ്യലോകത്തിന്‍റെ കേന്ദ്രം ക്രിസ്തുവസിക്കുന്ന ഉന്നതമാണെന്ന വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു പൗലോസിന്‍റെ ദൈവാന്വേഷണങ്ങള്‍. “ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍” ഈ അന്വേഷണത്തിന്‍റെ പരിസമാപ്തിയിലേക്കുള്ള കുതിപ്പുകളായിരുന്നു ശ്ലീഹായുടെ ഭൗമികജീവിതത്തിലെ ഓരോ നിമിഷവും.

കാണപ്പെടുന്ന ലോകത്തില്‍നിന്നും കാണപ്പെടാത്ത ലോകത്തിലേക്കുള്ള പ്രയാണമാണ് ക്രൈസ്തവജീവിതം എന്ന അടിസ്ഥാനത്തിന്മാലാണ് എല്ലാ വിശ്വാസഭവനങ്ങളും പണിതുയര്‍ത്തുന്നത്. എന്നാല്‍ കാണപ്പെടാത്ത ലോകം എന്നത് മതപരമായ അജ്ഞതയാണെന്ന് യുക്തിവാദികള്‍ വാദിക്കുന്നു. സഭയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സദൂക്യപക്ഷവും ഈ വാദങ്ങളാണ് ഉന്നയിക്കുന്നത്. ഭൗതിക ശാസ്ത്രജ്ഞര്‍ പോലും തങ്ങള്‍ക്ക് ദൃശ്യവേദ്യമല്ലാത്ത ഒരു അദൃശ്യലോകം ഈ പ്രപഞ്ചത്തിലുണ്ട് എന്ന് സമ്മതിക്കുന്നില്ലേ?

ദൃശ്യലോകത്തേക്കാള്‍ പതിന്മടങ്ങ് വ്യാപ്തിയുള്ളതാണ് അദൃശ്യലോകം എന്നത് ശാസ്ത്രം സമ്മതിക്കുന്ന വസ്തുതയാണ്. ഈ പ്രപഞ്ചത്തിലെ നക്ഷത്രസമൂഹങ്ങളും ധൂളീപടലവും വാതകമേഘങ്ങളും നെബുലകളും ഗ്രഹകുടുംബങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ദ്രവ്യം (baryonic matter) പ്രപഞ്ചത്തിന്‍റെ വെറും 4.9 ശതമാനം മാത്രമാണെന്നാണ് ശാസ്ത്രം പറയുന്നത്. പ്രപഞ്ചത്തിലെ 26.8 ശതമാനം ദ്രവ്യവും ദൃശ്യവേദ്യമാകാത്ത അവസ്ഥയില്‍ ദുരൂഹമായ ഘടനയുള്ള ശ്യാമദ്രവ്യം അഥവാ ”ഡാര്‍ക് മാറ്റര്‍” എന്ന അവസ്ഥയിലാണുള്ളത്. അവശേഷിക്കുന്ന പ്രപഞ്ചത്തിലെ 68.3 ശതമാനം പ്രപഞ്ചവും ഡാര്‍ക് എനര്‍ജി എന്ന അദൃശ്യമായ ഘടനയിലാണെന്നും ശാസ്ത്രം പ്രസ്താവിക്കുന്നു. ഈ ഭൗതിക പ്രപഞ്ചത്തിലെ 95 ശതമാനവും അദൃശ്യപ്രപഞ്ചമാണ് എന്ന വസ്തുത ഉള്‍ക്കൊള്ളുന്നവര്‍ പോലും അദൃശ്യപ്രപഞ്ചത്തെക്കുറിച്ച് വിശുദ്ധ ബൈബിള്‍ നല്‍കുന്ന വിവരണങ്ങള്‍ പലതും അറിഞ്ഞിട്ടില്ല.

“ദൈവത്തിന്‍െറ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു” (ഹെബ്രായര്‍ 11:3). ബൈബിള്‍ ശാസ്ത്രഗ്രന്ഥമല്ല, എന്നാല്‍ ശാസ്ത്രസത്യങ്ങള്‍ ബൈബിളില്‍ കാണുവാന്‍ കഴിയും. ഇതില്‍ പ്രധാനമാണ് ബൈബിള്‍ അദൃശ്യലോകത്തേക്കുറിച്ച് പറയുന്ന വസ്തുതകള്‍. കാണപ്പെടുന്നവയെല്ലാം കാണപ്പെടാത്ത ലോകത്തില്‍നിന്നാണ് ഉണ്ടായത് എന്ന യാഥാര്‍ത്ഥ്യം വിശ്വാസംമൂലം മാത്രം അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രീയമായി ഈ അദൃശ്യലോകത്തെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നു. കാണപ്പെടാത്ത ലോകത്തിന്‍റെ ശക്തിവിശേഷങ്ങള്‍ എപ്രകാരമാണ് കാണപ്പെടുന്ന ലോകത്തെ നിയന്ത്രിക്കുന്നത് എന്നറിയാന്‍ ശാസ്ത്രലോകം ഏറെ പഠനങ്ങള്‍ നടത്തുന്നു. ഇവിടെയാണ് ക്രൈസ്തവവിശ്വാസം ഊന്നല്‍നല്‍കുന്ന ആത്മലോകം വീണ്ടും ചര്‍ച്ചയാകുന്നത്.

ആത്മലോകം മനുഷ്യനുമേല്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്ന വിഷയത്തില്‍ ആയിരുന്നല്ലോ ഈ ലേഖനം ആരംഭിച്ചത്. ഗര്‍ഭഛിദ്രവും ലഹരി വ്യാപനവും സാത്താന്യലോകത്തിന്‍റെ സ്വാധീനഫലമാണെന്ന ഫാ അമോര്‍ത്തിന്‍റെ കണ്ടെത്തലുകള്‍ ഇന്ന് കേരള ക്രൈസ്തവ സമൂഹത്തിലും ചര്‍ച്ചയാകേണ്ടതുണ്ട്. ഗര്‍ഭഛിദ്രം പടിഞ്ഞാറന്‍ നാടുകളെപ്പോലെ ഇവിടെ അത്രമേല്‍ വ്യാപകമല്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിനോടെന്നപോലെ കുട്ടികളോടു വര്‍ദ്ധിച്ചുവരുന്ന കാമഭ്രാന്തുകള്‍ കേരളത്തിലേതുപോലെ ഏതെങ്കിലും പാശ്ചാത്യരാജ്യത്ത് കേള്‍ക്കുമോ? ഒരിക്കലുമില്ല. ഇത് പൈശാചികതയുടെ സ്വാധീനമല്ലാതെ മറ്റെന്താണ്? പാശ്ചാത്യലോകത്ത് ഒരു കുട്ടി എവിടെയെങ്കിലും പീഡിപ്പിക്കപ്പെട്ടാല്‍ അത് ആഗോള വാര്‍ത്തയാകും. എന്നാല്‍ കേരളത്തിൽ പതിവായി കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വാര്‍ത്തയാകുന്നില്ല, സര്‍ക്കാര്‍ പ്രതിവിധി ഉണ്ടാക്കുന്നില്ല. ഇത് പൈശാചികതയല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?

ലഹരി മരുന്നുപയോഗം കേരളത്തില്‍ എത്രമേല്‍ ശക്തമായി വ്യാപിക്കുന്നു എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട സംഗതിയല്ല. കോടിക്കണക്കിന് രൂപയുടെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുമാണ് ഇപ്പോള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. അതില്‍ ഒരംശം മാത്രം പിടിക്കപ്പെടുന്നു. ഇത്രമേല്‍ ബാലപീഡനവും മയക്കുമരുന്നു വ്യാപനവും പ്രബലപ്പെടുന്ന കാലത്ത്, ക്രൈസ്തവസഭകള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്.

സമൂഹത്തിൽ ദുരാത്മലോകത്തിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവരുമ്പോള്‍ ആ വസ്തുത തിരിച്ചറിയാതെ ഇതിനെ ബോധവല്‍ക്കരണ സൈക്കിള്‍ റാലി, ഡീ അഡിക്ഷന്‍ കാമ്പയിനുകള്‍ എന്നിവയിലൂടെ മാത്രം പരിഹാരം കണ്ടെത്താന്‍ കഴിയുകയില്ല. ദുരാത്മാക്കളുടെ സ്വാധീനമേഖലകളില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ പോരാടാന്‍ ക്രിസ്തുവിന്‍റെ സഭ തയ്യാറാകാത്തിടത്തോളം ഈ ശക്തി കേരളത്തില്‍ വ്യാപിക്കുകയേയുള്ളൂ എന്ന വസ്തുത നാം തിരിച്ചറിയണം.

ക്രിസ്ത്യാനിയുടെ യുദ്ധം ഭൗതികലോകത്തിലെ ഏതെങ്കിലും സര്‍ക്കാരുകള്‍ക്കെതിരേയോ വ്യവസ്ഥിതികള്‍ക്കെതിരേയോ അല്ല. നമ്മുടെ പോരാട്ടം ആര്‍ക്കെതിരേ ആയിരിക്കണമെന്ന് വചനം വ്യക്തമാക്കുന്നു. എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്ക് എതിരായിട്ടുമാണ് പടവെട്ടുന്നത്. എഫേസ്യ ലേഖനം ആറാം അധ്യായത്തിലാണ് ഈ ആത്മീയപോരാട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു വ്യാഖ്യാനം നല്‍കിയിരിക്കുന്നത് ലിവിംഗ് ബൈബിളാണ്. For we are not fighting against people made of flesh and blood but against persons without bodies.

ശരീരമില്ലാത്ത മനുഷ്യര്‍ക്കെതിരേയുള്ള പോരാട്ടമെന്നതാണ് ആത്മീയ യുദ്ധത്തിന്‍റെ പ്രത്യേകത. അതാണ് ക്രൈസ്തവന്‍റെ ആത്മീയ യുദ്ധത്തെ വ്യത്യസ്തമാക്കുന്നത്. ലോകത്തിലെ ഒരു പോലീസിനും പട്ടാളത്തിനും പോരാടാന്‍ കഴിയാത്ത ഒരു യുദ്ധത്തിന് വിളിക്കപ്പെട്ട ദൈവത്തിന്‍റെ പടജനമാണ് ക്രൈസ്തവസഭ. സഭയുടെ പോരാട്ടത്തിന് ഉപയോഗിക്കുന്നത് ജഡികമോ ഭൗതികമോ ആയുള്ള ആയുധങ്ങളുമല്ല. “സാത്താന്‍റെ ദുര്‍ഗ്ഗമങ്ങളായ കോട്ടകളെ തര്‍ക്കാന്‍ കഴിയുന്ന ദൈവദത്തമായ ആയുധങ്ങളാണ്” സഭയുടെ ശക്തി (2 കൊരി 10:3,4). പ്രാര്‍ത്ഥനയും ഉപവാസവുമാണ് ഈ ആയുധങ്ങൾ.

പ്രാര്‍ത്ഥനയും ഉപവാസവും എന്ന അതിശക്തമായ ആയുധം ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധത്തിനാണ് എല്ലാ ക്രൈസ്തവരും ഇന്ന് തയ്യാറാകേണ്ടത്. ലൗജിഹാദ് പോലുള്ള വെല്ലുവിളികള്‍, ലഹരിമരുന്നിന്‍റെ അതിതീവ്രമായ വ്യാപനം, ക്രൈസ്തവസഭകളുടെ ഉള്ളില്‍നിന്ന് ഉയരുന്ന വിമതവെല്ലുവിളികള്‍, സഭകള്‍ തമ്മിലുള്ള മത്സരബുദ്ധി എന്നിങ്ങനെ ക്രൈസ്തവ വിശ്വാസത്തിനു നേരേ ഉയരുന്ന എല്ലാ വെല്ലിവുളികളേയും ഉപവാസവും പ്രാര്‍ത്ഥനയും എന്ന ആയുധം ധരിച്ചുകൊണ്ട് നേരിടാന്‍ കഴിയുമ്പോള്‍ മാത്രമേ സഭയ്ക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ. ആള്‍ബലംകൊണ്ടോ പണംകൊണ്ടോ കുതന്ത്രങ്ങള്‍കൊണ്ടോ ഈ ലോകത്തില്‍ സഭയ്ക്ക് വിജയിക്കാന്‍ കഴിയില്ല. ദുഷ്ടാത്മസേനകളുടെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ്, ഇതൊരു ആത്മീയപോരാട്ടമാണ് എന്ന സത്യം ഉള്‍ക്കൊണ്ടു വേണം സഭ മുന്നോട്ടു പോകാന്‍.

തന്‍റെ ശിഷ്യന്മാര്‍ക്ക് ബഹിഷ്കരിക്കാന്‍ കഴിയാതിരുന്ന ഒരു ഭൂതബാധിതനെ ഈശോമശഹിഹാ സുഖപ്പെടുത്തുന്ന രംഗം മര്‍ക്കോസ് ഒമ്പതാം അധ്യായത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഒടുവില്‍ ശിഷ്യന്മാര്‍ ഈശോയോടെ ചോദിക്കുന്നു, എന്തുകൊണ്ട് തങ്ങള്‍ക്ക് ഭൂതോഛാടനം കഴിഞ്ഞില്ലയെന്ന്. അപ്പോള്‍ അവിടുന്നു പറയുന്നു “പ്രാര്‍ത്ഥനകൊണ്ടല്ലാതെ ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല” (മര്‍ക്കോസ് 9:29) എന്ന്. ഉപവാസവും പ്രാര്‍ത്ഥനയും എന്ന ആയുധത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍ വൈകുന്തോറും നാം കൂടുതല്‍ പ്രതിരോധത്തിലാവുകയേയുള്ളൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments