Wednesday, November 6, 2024
No menu items!
Homeഅവലോകനംഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിചാരണതുടരണം: ജസ്റ്റിസ് (റിട്ട) കുര്യന്‍ ജോസഫ്

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിചാരണതുടരണം: ജസ്റ്റിസ് (റിട്ട) കുര്യന്‍ ജോസഫ്

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ പേരിലുള്ള കേസിന്‍റെ വിചാരണ തുടര്‍ന്നാല്‍ മാത്രമേ അദ്ദേഹം കുറ്റവാളി ആയിരുന്നോ അല്ലയോ എന്ന് തെളിയിക്കപ്പെടുകയുള്ളൂവെന്ന് ജസ്റ്റിസ് (റിട്ടയേര്‍ഡ്) കുര്യന്‍ ജോസഫ്. കെ.സി.ബി.സി വിജിലന്‍സ് ആന്‍ഡ് ഹാര്‍മണി കമ്മീഷന്‍റെയും ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിന്‍റെയും സഹകരണത്തോടെ “ഫാ സ്റ്റാന്‍സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല്” എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്.

കുറ്റാരോപിതനായി ജയിലില്‍ അടയ്ക്കപ്പെട്ട ഒരു വ്യക്തി മാത്രമായിരുന്നു ഫാ സ്റ്റാന്‍ സ്വാമി. ജയിലില്‍ കഴിയുമ്പോള്‍ തനിക്ക് നീതിയും അന്തസ്സും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ടുവെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുമായി ബന്ധപ്പെട്ട കേസുകള്‍ ഇല്ലാതെയാകും. ഇപ്പോഴത്തെ നമ്മുടെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പ്രകാരം മരിച്ചുകഴിഞ്ഞ വ്യക്തിയുടെ വിചാരണ മുന്നോട്ടു കൊണ്ടുപോകുവാന്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ വിചാരണ തുടരേണ്ടിയിരിക്കുന്നു. നീതി നിഷേധിച്ച് ജയിലിലടയ്ക്കപ്പെട്ട വ്യക്തികള്‍ മരണപ്പെട്ടാല്‍ അവരുടെ കേസുകള്‍ തുടരാനുള്ള പ്രത്യേക ഉത്തരവ് ഭരണഘടനാ കോടതിയില്‍നിന്ന് ഉണ്ടാകേണ്ടതാണ് -ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

പൗരന് ഭരണഘടന നല്‍കുന്ന അവകാശമാണ് നീതി. “രാജ്യത്തെ ജനങ്ങളായ ഞങ്ങള്‍” എന്നു പറഞ്ഞുകൊണ്ടാണ് ഭരണഘടന ആരംഭിക്കുന്നത്. പൗരന്‍ രാജ്യത്തിന്‍റെ ഭാഗവും രാജ്യം പൗരന്‍റേതുമാണ്. പൗരന്‍ രാജ്യത്തിന്‍റെ അവിഭാജ്യഘടകമാണ്. ഭരണഘടനാ മൂല്യങ്ങള്‍ എല്ലാ ഭാരതീയനും ഉറപ്പാക്കേണ്ടത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണ്. അതിനാല്‍, ഫാ സ്റ്റാന്‍സ്വാമിക്കും അദ്ദേഹത്തിന്‍റെ ഒപ്പം ജയിലില്‍ കഴിയുന്നവര്‍ക്കും നീതി നഷ്ടപ്പെട്ടപ്പോള്‍ നമ്മളാണ് പരാജയപ്പെട്ടത്. ഇത് സര്‍ക്കാരിന്‍റെയോ നീതിപീഠത്തിന്‍റെയോ നിയമനിര്‍മാണ സഭയുടെയോ മാത്രം പരാജയമല്ല, ഇന്ത്യയിലെ ജനങ്ങളാണ് പരാജയപ്പെട്ടത് -ഇതാണ് എന്‍റെ വിലയിരുത്തല്‍, അദ്ദേഹം പറഞ്ഞു.

അറിവുള്ളവരുടെ നിശ്ശബ്ദതയാണ് അറിവില്ലാത്തവരുടെ അക്രമത്തേക്കാള്‍ ജനാധിപത്യത്തില്‍ ഏറെ ഭയാനകമാകുന്നത്. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. അറിവുള്ളവര്‍ സംസാരിച്ചാല്‍ സംസാരിച്ചവനെ അടിച്ചമര്‍ത്തുന്ന സംസ്കാരമാണ് ഇന്ന് ഇന്ത്യയില്‍ വളരുന്നത്. 1967ലെ “അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് ” (യുഎപിഎ ആക്ട്) ഉപയോഗിച്ചാണ് ഇപ്പോള്‍ ഭീകരതാണ്ഡവം നടക്കുന്നത്. നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് സമാധാനവും ജനജീവിതത്തിന് ക്രമവും ഉണ്ടാകാന്‍ വേണ്ടിയാണ്. എന്നാല്‍ ഇതേ നിയമങ്ങളെ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഒരുതരം ഭീകരത ഇന്ന് നടമാടുന്നുണ്ട്. നിയമങ്ങളുടെ ദുരുപയോഗമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സുപ്രീംകോടതിക്ക് ഈ വസ്തുത ഇപ്പോള്‍ ബോധ്യമായിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. വിയോജിച്ച് അഭിപ്രായം പറയുന്നവരുടെ നീതി നിഷേധിക്കുന്ന ഭീകരതയിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സ്റ്റാന്‍സ്വാമി എന്ന വൈദികന്‍റെ രക്തസാക്ഷിത്വം. അദ്ദേഹം രക്തംചൊരിഞ്ഞത് ആദിവാസികള്‍ക്കുവേണ്ടിയും ആ രക്തം തടവറ വിലയ്ക്കു വാങ്ങുകയുമായിരുന്നു.

ഫാ സ്റ്റാന്‍സ്വാമി നിലകൊണ്ടത് ഭരണഘടന വാഗ്ദാനംചെയ്യുന്ന നീതി എല്ലാവര്‍ക്കും ലഭ്യമാകുവാന്‍ വേണ്ടിയായിരുന്നു. നീതിനിഷേധിക്കുന്നവനുവേണ്ടി നിലകൊള്ളുവാനും അതിന് വേണ്ടി ഏതറ്റംവരെയും പോകുവാനും എന്ത് വിലകൊടുക്കാനും അദ്ദേഹം തയാറായിരുന്നു. ഇപ്രകാരം വിലകൊടുക്കാന്‍ തയാറുള്ളവരുടെ എണ്ണമാണ് ഇന്ന് കുറഞ്ഞുവരുന്നത്. ഈ എണ്ണത്തെ കുറയ്ക്കുവാന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങളും ശബ്ദിക്കുന്നത് ഗുരുതരമായ കുറ്റവുമായി കണ്ടുകൊണ്ട് അവനെ പേടിപ്പിച്ച് നിശ്ശബ്ദനാക്കാനുള്ള നീക്കങ്ങളുമാണ് നടക്കുന്നത്.

സ്റ്റാന്‍സ്വാമി അച്ചന്‍റെ കേസില്‍ ഏറ്റവുമധികം പരാജയപ്പെട്ടത് ഞാന്‍ ഉള്‍പ്പെടെ സേവനമനുഷ്ഠിച്ച ജുഡീഷ്യറിയാണെന്ന് വേദനയോടെ പറയട്ടെ. കോടതിയാണ് ഭരണഘടനയുടെ സംരക്ഷകന്‍. സംരക്ഷകന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ വളരെ വേദനിപ്പിക്കുകയും ഞെട്ടലുളവാക്കുകയും ചെയ്യുന്നതാണ്. സംരക്ഷിക്കേണ്ടവര്‍ ജാഗ്രതയോടെ ഇരുന്നുവെങ്കില്‍ ഈരാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും വളരെയേറേ സംരക്ഷിക്കപ്പെടുമായിരുന്നു. ജീവന്‍ വിലകൊടുത്ത് വാങ്ങിത്തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷകരായിരിക്കേണ്ടവര്‍ വേണ്ടവിധത്തില്‍ ജാഗ്രതപുലര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷേ വലിയ വ്യത്യാസം രാജ്യത്ത് വരുമായിരുന്നു. ഈ അടുത്തകാലത്തായി സുപ്രീംകോടതി ഈ കാര്യത്തില്‍ വളരെ ബോധവാന്മാരാകുന്നു എന്നു കാണുന്നതില്‍ സന്തോഷമുണ്ട്.

വെള്ളംകുടിക്കാന്‍ ഒരു സ്ട്രോ ചോദിച്ച ഫാ സ്റ്റാന്‍സ്വാമിക്ക് അത് നിഷേധിച്ചു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പാര്‍ക്കിന്‍സണ്‍ രോഗിയായ അദ്ദേഹം തന്‍റെ ബാഗില്‍ എപ്പോഴും കരുതിയിരുന്ന ഒരു പ്രത്യേകതരം കപ്പ് ജയിലധികൃതര്‍ അനുവദിച്ചില്ല. തടവുകാരോട് നിയമം ഇത്രമേല്‍ ക്രൂരമാകേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജയില്‍ നിയമങ്ങള്‍ പുനഃര്‍വ്യാഖ്യാനം ചെയ്യേണ്ടതുണ്ട്.

അന്തസ്സോടെ ജീവിക്കാനും മരിക്കാനും ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട് എന്നത് ഭരണഘടന നല്‍കുന്ന ഉറപ്പാണ്. ഈ സ്വാന്ത്ര്യമാണ് ഫാ സ്റ്റാന്‍ സ്വാമിക്ക് നിഷേധിക്കപ്പെട്ടത്. പാര്‍ക്കിന്‍സണ്‍സും ശ്വാസകോശ രോഗവും കേള്‍വിക്കുറവുമുള്ള ശരീരം ക്ഷയിച്ച എണ്‍പത്തിനാല് വയസുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇപ്രകാരമുള്ള ഒരു വ്യക്തിക്ക് സാധാരണ ജയിലില്‍ കിട്ടേണ്ടിയിരുന്ന മിനിമം അടിസ്ഥാനസൗകര്യങ്ങള്‍ പോലും അദ്ദേഹത്തിന് ലഭിച്ചില്ല. ജയിലിലെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ധാരാളം വിധികളുണ്ട്. എന്നാല്‍ സ്റ്റാന്‍സ്വാമി അച്ചന്‍റെ കാര്യത്തില്‍ അതെല്ലാം നിഷേധിക്കപ്പെട്ടു. ജയിലില്‍ അദ്ദേഹത്തിന്‍റെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണം നടന്നില്ല – ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2,361 കേസുകളാണ് യു.എ.പി.എ ആക്ട് പ്രകാരം 2019വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 113 കേസുകള്‍ മാത്രമേ വിചാരണ ചെയ്യപ്പെട്ടിട്ടുള്ളു. ഇതില്‍ 33 കേസുകള്‍ക്ക് മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. 64 കേസുകള്‍ വെറുതെവിടുകയായിരുന്നു. അതായത്, 29.2 ശതമാനം കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. കുറ്റംചുമത്തപ്പെടുന്ന വ്യക്തിക്ക് അറുപത് ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്ന് സിആര്‍പിസി വ്യവസ്ഥകള്‍ ഒന്നും യുഎപിഎ ആക്ട് പ്രകാരം അറസ്റ്റുചെയ്യപ്പോടുന്ന വ്യക്തികള്‍ക്ക് ബാധകമാകുന്നില്ല. എത്രനാളുകള്‍ വേണമെങ്കിലും ഒരുവിചാരണ തടവുകാരനായി യുഎപിഎ ചുമത്തി ജയിലിടയ്ക്കാം എന്നതാണ് ഈ നിയമത്തിന്‍റെ ഭീകരത – ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാണിച്ചു.

ഫാ സ്റ്റാന്‍സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാല്‍ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് ആരോപിക്കുമ്പോള്‍ ആരാണ് മാവോയിസ്റ്റുകള്‍ എന്ന് തിരിച്ചറിയണം. മാവോയിസ്റ്റുകള്‍ കോടതിയിലോ നിയമനിര്‍മാണത്തിലോ നിയമവ്യാഖ്യാനത്തിലോ നിയമനടത്തിപ്പിലോ വിശ്വസിക്കുന്നില്ല. കോടതിയില്‍ വിശ്വാസമുണ്ടെങ്കില്‍ അവര്‍ മാവോയിസ്റ്റുകള്‍ ആകില്ലായിരുന്നു. നിയമവും കോടതിയും പരാജയപ്പെട്ടുവെന്ന തോന്നലില്‍ അവര്‍ അവരുടേതായ ഒരു നീതി നടപ്പാക്കുകയാണ്. അവരുടെ സംവിധാനത്തില്‍ കോടതിയും നിയമങ്ങളുമില്ല. എന്നാല്‍ ഫാ സ്റ്റാന്‍സ്വാമി എന്താണ് ചെയ്തത്, വിചാരണകൂടാതെ തടവില്‍ കഴിയുന്ന ചെറുപ്പക്കാരായ ആദിവാസി യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലും സെഷന്‍സ് കോടതിയിലും നിരവധി ജാമ്യാപേക്ഷകൾ സമര്‍പ്പിച്ചിരുന്നു. അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത് ”എനിക്ക് കോടതിയില്‍ വിശ്വാസമുണ്ട് ” എന്നായിരുന്നു. അദ്ദേഹം മാവോയിസ്റ്റായിരുന്നു എങ്കില്‍ അദ്ദേഹം കോടതിയിലേക്ക് പോകില്ലായിരുന്നു. എന്നാല്‍ കോടതയിലുള്ള രണ്ടായിരത്തിലധികം കേസുകളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇത് അന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ ഗൂഡാലോചനയുടെയെല്ലാം പിന്നിലുള്ള കാരണങ്ങള്‍ പുറത്തു വരേണ്ടിയിരിക്കുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വെബിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ മൂന്നു കര്‍ദിനാള്‍മാരും സ്റ്റാന്‍സ്വാമിയുടെ മോചനത്തെക്കുറിച്ച് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ സാമൂഹികപ്രതിബദ്ധതയുടെ പ്രതീകമായിരുന്നു ഫാ സ്റ്റാന്‍സ്വാമി. മഹാന്മാര്‍ക്ക് മരണമില്ലെന്നു പറയുന്നതുപോലെ അവരുടെ ജീവിതവും സാക്ഷ്യവും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും സ്വാതന്ത്ര്യവും സുവിശേഷവും പ്രസംഗിക്കുന്നതിനാണ് ഈശോ അഭിഷേകം ചെയ്യപ്പെട്ടത്. ഈശോയുടെ വഴിയായിരുന്നു ഫാ സ്റ്റാന്‍ സ്വാമിയുടേതും. സ്റ്റാന്‍സ്വാമി അച്ചന്‍ തുടങ്ങിവച്ച നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ അനേകര്‍ മുന്നോട്ടു വരട്ടെ – മാര്‍ ആലഞ്ചേരി പറഞ്ഞു.

കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്യോസ് മോഡറേറ്റര്‍ ആയിരുന്നു. സുവിശേഷ സന്ദേശങ്ങളുടെ ചൈതന്യം ജീവിതത്തില്‍ ഏറ്റുവാങ്ങിയ മഹാനായ മനുഷ്യസ്നേഹിയാണ് ഫാ സ്റ്റാന്‍സ്വാമിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ക്രിസ്തുസ്നേഹത്തിന് വര്‍ത്തമാനകാല അര്‍ത്ഥവും സാംഗത്യവും നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം – മാര്‍ ഇഗ്നാത്യോസ് പറഞ്ഞു.

ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് പോളി കണ്ണൂക്കാരന്‍, ബിഷപ് ജോസഫ് കരിയില്‍, ബിനോയ് വിശ്വം എംപി, ഡോ ഫാ ബിനോയ് പിച്ചിലക്കാട്ട് എസ്ജെ, ഡോ വിനോദ് കെ ജോസ്, ഡോ എംകെ ജോര്‍ജ് എസ്ജെ, ഡോ ജാന്‍സി ജയിംസ് എന്നിവര്‍ സംസാരിച്ചു. കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ വെബിനാറിന് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments