Saturday, July 27, 2024
No menu items!
Homeഅവലോകനംട്രിനിറ്റേറിയന്‍ വിശ്വാസം ആഴപ്പെടുന്നതനുസരിച്ച് ഭൂമി സമാധാനപരമായിരിക്കും: ഫാ ഡോ ജോഷി മയ്യാറ്റില്‍

ട്രിനിറ്റേറിയന്‍ വിശ്വാസം ആഴപ്പെടുന്നതനുസരിച്ച് ഭൂമി സമാധാനപരമായിരിക്കും: ഫാ ഡോ ജോഷി മയ്യാറ്റില്‍

ത്രിത്വത്തില്‍ അധിഷ്ഠിതമായ ഏകദൈവവിശ്വാസമാണ് ഭൂമുഖത്ത് മനുഷ്യനു സമാധാനത്തോടെ ജീവിക്കാന്‍ വഴിയൊരുക്കുന്നത് എന്നും വിവിധ മതങ്ങളിലുള്ള ഏകദൈവവിശ്വാസം, ബൈബിള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ഈ യാഥാര്‍ത്ഥ്യം വളരെ വ്യക്തതയോടെ സംസാരിക്കേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നും ഡോ ജോഷി മയ്യാറ്റില്‍ പറഞ്ഞു. കെസിബിസി ജാഗ്രതാ കമ്മീഷന്‍ “ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു പി.ഒ.സി ബൈബിള്‍ ട്രാന്‍സിലേഷന്‍ കോര്‍ഡിനേറ്റര്‍ ഫാ ഡോ ജോഷി മയ്യാറ്റില്‍.

ദൈവത്തെ ഒരു സമ്പൂര്‍ണ്ണ ഏകത്വം (absolute singularity) എന്ന നിലപാട് എടുക്കുന്നിടത്ത് എപ്പോഴും Only എന്ന വാക്കായിരിക്കും മുഖ്യമായി ഉയര്‍ന്നു നില്‍ക്കുക. ഈ വാക്ക് വളരെ അപകടം പിടിച്ചതാണ്. ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ഏകത്വം എന്ന കടുത്ത നിലപാടെടുക്കുന്നവർ Only എന്ന ഈ വാക്കിനെ സകലയിടത്തേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമവും അതിന്‍റെ പിന്നാലെ രൂപപ്പെടുത്തുന്നു. അള്ളാഹു മാത്രം, അറബി ഭാഷ മാത്രം, അറബി സംസ്കാരം മാത്രം, പുരുഷന്‍ മാത്രം, ശരിയത്ത് നിയമം മാത്രം ഇങ്ങനെ Only എന്ന വാക്കിന്‍റെ വ്യാപനം വാളിലേക്കും തീവ്രവാദത്തിലേക്കും വിവിധ രീതികളിലുള്ള ജിഹാദുകളിലേക്കും മുന്നേറുന്നു.

നിന്‍റെ ദൈവസങ്കല്‍പ്പം എന്താണോ അതാണ് നിന്‍റെ പ്രവൃത്തികളെ നിര്‍ണ്ണയിക്കുന്ന്ത. ട്രിനിറ്റേറിയന്‍ ബൈബിള്‍ വിവരിക്കുന്ന ത്രിത്വാധിഷ്ഠിത ഏകദൈവവിശ്വാസം സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേതുമാണ്. അതിനാല്‍ ക്രിസ്തീയവിശ്വാസം എവിടെയെല്ലാം ആഴപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും മതസ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ത്രീ-പുരുഷ സമത്വത്തിനും , തൊഴില്‍ മഹാത്മ്യത്തിനും വേരോട്ടമുള്ളതുമായ സമൂഹങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ട്രിനിറ്റേറിയന്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക വികസനമാണ്.

ദൈവത്തെ പിതാവായും യേശുക്രിസ്തുവിനെ സകലരുടെയും രക്ഷകനായും സഭ എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായും രൂപപ്പെട്ടത് ത്രിത്വവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ട്രിനിറ്റേറിയന്‍ വിശ്വാസം എത്രമേല്‍ ആഴപ്പെടുന്നുവോ അത്രമേല്‍ മനുഷ്യവംശത്തിന് ഭൂമിയില്‍ സമാധാനപരമായി ജീവിക്കാന്‍ സാധിക്കും. “എല്ലാ ഏകദൈവവിശ്വാസങ്ങളും ഒന്നാണ്” എന്ന് സഭ പഠിപ്പിക്കുന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്; ഇത് തികച്ചും തെറ്റായ ധാരണയാണ് – ഫാ ഡോ ജോഷി മയ്യാറ്റില്‍ പറഞ്ഞു.

*** **** **** *** **** *** *** **** ***

ദൈവത്തെ പടിപടിയായി മനുഷ്യന്‍
മനസ്സിലാക്കുകയായിരുന്നു:
ഡോ ജോണ്‍സണ്‍ പുതുശേരി സിഎസ്ടി

ദൈവം ഏകനായതുകൊണ്ട് ദൈവത്തെ മറ്റൊരു ദൈവവുമായി താരതമ്യം ചെയ്യാന്‍ മനുഷ്യന് കഴിയില്ല, അതിനാല്‍ ദൈവത്തെക്കുറിച്ചു മനുഷ്യന്‍ ധരിച്ചുവച്ചിരിക്കുന്ന ചിന്തകളാണ് (ദര്‍ശനം) ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ ഡോ ജോണ്‍സണ്‍ പുതുശേരി സിഎസ്ടി വ്യക്തമാക്കി.

മനുഷ്യന്‍ കാലാകാലങ്ങളില്‍ നടത്തിയ ദൈവാന്വേഷണത്തിന്‍റെ സമഗ്രതയാണ് നാം തേടുന്നത്. ദൈവം എന്ന യാഥാര്‍ത്ഥ്യത്തെ എത്രമേല്‍ സ്വീകാര്യതയോടെയും കൃത്യതയോടെയുമാണ് ബൈബിൾ വ്യക്തമാക്കുന്നത് എന്നതാണ് നാം അന്വേഷിക്കുന്നത്. ദൈവത്തെക്കുറിച്ചു ക്രമാനുഗതമായി ദൈവം വെളിപ്പെടുത്തുന്നു എന്നു പറയുന്നതിനേക്കാള്‍ ദൈവത്തെ പടിപടിയായി നാം മനസ്സിലാക്കി വരുന്നതിന്‍റെ ചരിത്രമാണ് ഉത്പത്തി പുസ്തകം മുതല്‍ വായിക്കുന്നത്. ആരംഭം മുതല്‍ ഒടുക്കം വരെയും നാം കാണുന്ന ദൈവികസ്വഭാവത്തിന്‍റെ പ്രത്യേകത കരുണയാണ് എന്ന യാഥാർത്ഥ്യമാണ് അവിടെയെല്ലാം കാണുന്നത്. ദൈവത്വത്തില്‍ നിറഞ്ഞിരിക്കുന്ന ഈ കരുണയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ കാതല്‍. ഈ കരുണയുടെ ആഴങ്ങളിലേക്ക് മനുഷ്യന് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞത് പടിപടിയായിട്ടായിരുന്നു എന്നു മാത്രം. ഈ കരുണയുടെ പൂര്‍ണ്ണതയാണ് ക്രിസ്തുവില്‍ ദേഹരൂപമായി വെളിപ്പെട്ടത്. ക്രിസ്തുവിന്‍റെ സ്നേഹത്തിനാണ് ക്രൈസ്തവന്‍ സാക്ഷ്യം നല്‍കുന്നത്.

എന്‍റെ കൂടെ നില്‍ക്കാത്തവനെയെല്ലാം നശിപ്പിച്ച് എന്‍റെ മാത്രമൊരു ലോകം സൃഷ്ടിക്കുക എന്നതല്ല ബൈബിളില്‍ വികാസം പ്രാപിക്കുന്ന ദൈവദര്‍ശനം. അപ്രകാരമുള്ള ദൈവദര്‍ശനങ്ങള്‍ ബൈബിളുമായി ചേര്‍ന്നുപോകുന്നവയല്ല -ഡോ ജോണ്‍സണ്‍ പുതുശേരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments