Thursday, May 30, 2024
No menu items!
Homeഅവലോകനംജബ്ബാര്‍ മാഷേ, തരത്തിൽ പോയി കളിക്കുന്നതല്ലേ നല്ലത് ?

ജബ്ബാര്‍ മാഷേ, തരത്തിൽ പോയി കളിക്കുന്നതല്ലേ നല്ലത് ?


പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ ജബ്ബാര്‍മാഷിനും പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. എത്രമേല്‍ രൂക്ഷമായി വിമര്‍ശിച്ചാലും ആരും അങ്ങയെ ആക്രമിക്കാനോ കോടതി കയറ്റുവാനോ വരികയില്ല. ഭയരഹിതനായി അങ്ങേക്ക് ബൈബിള്‍ വിമര്‍ശനം എത്രവേണമെങ്കിലും നടത്താം. അഭിപ്രായസ്വാതന്ത്ര്യമെന്നതിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും ഉപയോഗിച്ചുകൊണ്ട് അങ്ങ് ബൈബിളിനെ വിമര്‍ശനവിധേയമാക്കുക, എല്ലാവിധ ആശംസകളും ആദ്യമേ അറിയിക്കുന്നു.

ബൈബിള്‍ വിമര്‍ശന മേഖലയിലേക്ക് വരുമ്പോള്‍ അങ്ങ് അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്ന് വ്യക്തമാക്കട്ടെ. മദ്രസാ ബാല്യങ്ങളോട് അങ്ങ് നടത്തുന്ന സംവാദക മികവുകൊണ്ടോ ഖുറാന്‍ വിമര്‍ശിക്കുന്ന യുക്തിബോധംകൊണ്ടോ ബൈബിളിനെ സമീപിച്ചാല്‍ ഇവിടെ ശോഭിക്കില്ല എന്ന് ഒന്നാമതായി തിരിച്ചറിയുക. മതവിമര്‍ശനത്തില്‍ ഒരു തുല്യത വരുത്തുകയാണ് അങ്ങയുടെ ഉദ്ദേശ്യമെങ്കില്‍ അതിന് സമയം പാഴാക്കേണ്ടതില്ല, തരത്തില്‍ കളി തുടരുന്നതാണ് നല്ലത്. കഴിഞ്ഞ 19 നൂറ്റാണ്ടുകള്‍ക്കുള്ളില്‍ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്‍റെയും ശിഷ്യന്മാര്‍ മുതല്‍ ഇങ്ങേയറ്റത്ത് റിച്ചാര്‍ഡ് ഡോക്കിംഗ്സ് വരെ ബൈബിളിനെ വിമര്‍ശിച്ചു നോക്കിയെങ്കിലും അവരെല്ലാം മുട്ടുമടക്കിയ ഒരു ചരിത്രം നമുക്കു മുമ്പിലുണ്ടല്ലോ. അതിനാല്‍ പുതിയ എന്തെങ്കിലും വാദഗതികളുമായി വരുന്നതായിരിക്കും അഭികാമ്യം. നൂറ്റാണ്ടുകളായി ആസിഡ് ടെസ്റ്റുകള്‍ പലതും നേരിട്ട ഒരു ഗ്രന്ഥത്തെയും അതുയര്‍ത്തുന്ന ദൈവശാസ്ത്രത്തെയും അതില്‍ നിര്‍ലീനമായിരിക്കുന്ന തത്വചിന്തയേയുമാണ് സമീപിക്കുന്നത് എന്ന ബോധ്യത്തോടെ അങ്ങ് ബൈബിള്‍ വിമര്‍ശനം നടത്തുക, അങ്ങയുടെ പുതിയ കണ്ടെത്തലുകള്‍ക്കായി ക്രൈസ്തവലോകം കാത്തിരിക്കുന്നു.

ഏതൊരു ശാസ്ത്രശാഖയേക്കാളും പൗരാണികവും സുദൃഢവുമാണ് ക്രൈസ്തവ ദൈവശാസ്ത്ര ശാഖ. ക്രിസ്തു ശിഷ്യത്വത്തിലേക്ക് കടന്നുവന്ന ഗ്രീക്ക് തത്വജ്ഞാനികളാല്‍ ഊടും പാവും നെയ്തെടുക്കപ്പെട്ടതാണ് ഈ ശാസ്ത്രശാഖയും ഇതിലെ ഓരോ അടരുകളും. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലൂടെ വികാസംപ്രാപിച്ച ക്രൈസ്തവ ദൈവശാസ്ത്രം ലോകത്തിലെ ഏറ്റവും സമുന്നതമായ സര്‍വ്വകലാശാലകളില്‍ പഠനവിഷയമാണ്. ഇപ്രകാരമൊരു വിഷയത്തെ വെറുമൊരു വായനയുടെ പിന്‍ബലത്തില്‍ വിമര്‍ശിച്ച് പരാജയപ്പെടുത്താമെന്നാണ് ശ്രീ ജബ്ബാര്‍ മാഷ് ചിന്തിക്കുന്നതെങ്കില്‍ അതിനേക്കാള്‍ വലിയ മണ്ടത്തരം വേറൊന്നുമില്ല എന്ന് മനസ്സിലാക്കുക. എം.എം. അക്ബര്‍, മുജാഹിദ് ബാലുശേരി തുടങ്ങിയ ഇസ്ലാമിസ്റ്റുകളായ ക്രൈസ്തവ വിമര്‍ശകര്‍ അതിവേഗം കയറിപ്പിടിച്ച് വിമര്‍ശിച്ച് വിരുതു തെളിയിക്കുന്ന ലോത്തിന്‍റെയും പെണ്‍മക്കളുടെയും വിവരണങ്ങളോ ദാവീദിന് മരണക്കിടക്കയിലും കുളിരകറ്റാന്‍ കൂടെക്കിടന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥകളോ സോളമന്‍റെ എഴുന്നൂറ് ഭാര്യമാരെയും മുന്നൂറു വെപ്പാട്ടി സമൂഹങ്ങളെക്കുറിച്ചുമെല്ലാം വിജ്രംബിതനായി പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ബൈബിള്‍ വിമര്‍ശനമാകുമെന്ന് ധരിക്കരുത്. ഇത്തരം കഥാപ്രസംഗങ്ങളാണ് ബൈബിള്‍ വിമര്‍ശനമെന്ന് ബഹുമാനപ്പെട്ട ജബ്ബാര്‍ മാഷും ധരിച്ചിരിക്കുന്നുവെങ്കില്‍ താങ്കൾ ബൈബിള്‍ വിമര്‍ശനം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല എന്നേ പറയാനുള്ളൂ. വാസ്തവമായി ബൈബിള്‍ വിമര്‍ശനമാണ് അങ്ങയുടെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ പുതിയ നിയമഗ്രന്ഥങ്ങളിലേക്ക് കടന്നു വരണം. ക്രൈസ്തവ ദൈവശാസ്ത്രം വിവിധ കൈവഴികളായിപ്പിരിഞ്ഞ് വികാസംപ്രാപിച്ച വിവിധ മാര്‍മ്മികവിഷയങ്ങളുടെ ആഴങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രവേശിക്കണം.

യൂട്യൂബ് വീഡിയോകളിലെ കാഴ്ചക്കാരുടെ എണ്ണം പ്രതീക്ഷിച്ചുകൊണ്ട്, ഉപരിപ്ലവമായ ചില വായനയുടെ വെളിച്ചത്തില്‍ നടത്തുന്ന ക്രൈസ്തവ വിമര്‍ശനങ്ങള്‍ വെറും സമയംകൊല്ലികളാണ്. വരുമാനം പ്രതീക്ഷിച്ചുകൊണ്ട് എത്രയോ വീഡിയോകള്‍ എസ്സെന്‍സ് യുക്തിവാദി രവിചന്ദ്രനും കൂട്ടരും പോസ്റ്റ് ചെയ്തിരിക്കുന്നു; അത്തരമൊരു വിവരണത്തെയാണ് അങ്ങ് ബൈബിള്‍ വിമര്‍ശനമെന്ന് വിളിക്കുന്നതെങ്കില്‍ സമയം കളയണമെന്നില്ല, അങ്ങയുടെ കഴിവിനൊത്തുള്ള ഇസ്ലാമിക വിമര്‍ശനത്തില്‍ തുടരുന്നതാണ് നല്ലത്. തരത്തില്‍ കളിക്കുന്നതാണല്ലോ ഗോളടിക്കാനും വിജയിക്കാനും നല്ലത്.

ബൈബിള്‍ എന്നത് ദൈവം കൈകൊണ്ടെഴുതി നൂലില്‍ കെട്ടിയിറക്കിക്കൊടുത്ത ഒരു ഗ്രന്ഥമായി ക്രൈസ്തവര്‍ വിശ്വസിക്കുന്നില്ല. വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങളുടെ മാനുഷിക രചയിതാക്കളെ ദൈവം പ്രചോദിപ്പിക്കുകയും അവരുടെ കഴിവുകുളും പരിമിതകളും നിലനിര്‍ത്തി, അതിനെ ഉപയോഗിച്ചുകൊണ്ട് നിത്യരക്ഷയുടെ ദൂത് മാനവരാശിക്ക് എഴുതി നല്‍കി. ദൈവം അവരിലും അവരില്‍ക്കൂടിയും പ്രവര്‍ത്തിച്ചു. എഴുതാന്‍ തൂലികയേന്തിയവര്‍ തന്നെയായിരുന്നു ഗ്രന്ഥകാരന്മാര്‍ എന്നറിയപ്പെട്ടതും. തങ്ങൾ നോക്കിനില്‍ക്കുമ്പോള്‍ ആത്മീയദര്‍ശനമായി മുന്നിൽ കണ്ടതിനെ രേഖപ്പെടുത്തിയ എസെക്കിയേലിനെയും ദാനിയേലിനെയും യോഹന്നാനെയും പോലുള്ള ഗ്രന്ഥകാരന്മാരും, “എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി എഴുതിയ” ലൂക്കയെപ്പോലുള്ള എഴുത്തുകാരുമുണ്ട്. പ്രാദേശിക ക്രൈസ്തവ സമൂഹത്തിന്‍റെ സഭാജീവിതം, സാമൂഹികജീവിതം, വിശ്വാസം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പൗലോസിന്‍റെ ലേഖനങ്ങളും ഇതിലുള്‍പ്പെടുന്നു.

മാനവരക്ഷകനായി അവതരിച്ച ദൈവപുത്രന്‍റെ ജീവിതം, പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള ദൃക്സാക്ഷിവിവരണങ്ങള്‍ എന്ന നിലയില്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരെഴുതിയ സുവിശേഷങ്ങള്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ ഹൃദയം എന്നാണ് അറിയപ്പെടുന്നത്. ആയതിനാല്‍ ബൈബിളിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ ബൈബിളിന്‍റെ ഹൃദയത്തില്‍നിന്നുതന്നെ അന്വേഷണം തുടങ്ങണം. മനുഷ്യജീവിതത്തിന്‍റെ ദൈനംദിന വ്യവഹാരങ്ങളോടു തൊട്ടുരുമ്മി നില്‍ക്കുന്നത് പുതിയനിയമത്തിലെ 27 ഗ്രന്ഥങ്ങളാണ്. ആയതിനാല്‍ ഈ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി വേണം ബൈബിള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍. ജബ്ബാര്‍ മാഷ് പുതിയനിയമ ഗ്രന്ഥങ്ങളില്‍ അങ്ങയുടെ വിമര്‍ശനബുദ്ധി പ്രകടമാക്കും എന്നു കരുതട്ടെ.

ബൈബിളിന്‍റെ എല്ലാ അവകാശവാദങ്ങളെയും പരിശോധിക്കുവിന്‍ എന്ന് ബൈബിള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. “എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍” (1 തെസ 5:21). ബൈബിള്‍ പ്രതിപാദ്യങ്ങള്‍ വിശ്വാസയോഗ്യവും യുക്തിഭദ്രവുമാണോ എന്നു പരിശോധിക്കാനുള്ള ലളിതമായ ഈ മാനദണ്ഡം ഉപയോഗിച്ചു തൃപ്തരായ ജനകോടികളാണ് ഈ ഗ്രന്ഥവും ഇതിലെ ആത്മീയദര്‍ശനങ്ങളെയും തികഞ്ഞ ആത്മവിശ്വാസത്തോടെ എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. ബൈബിള്‍ സംഭവങ്ങളും ഇതിലെ ചരിത്രവിഷയങ്ങളും “ലോകത്തിന്‍റെ ഒരു ഒഴിഞ്ഞകോണില്‍ സംവിച്ച കാര്യങ്ങളല്ല” (അപ്പ പ്രവൃത്തി 26:26) ചരിത്രം സാക്ഷിനില്‍ക്കുന്നതും മാനവചരിത്രത്തില്‍ നിറവേറിയതും നിറവേറിക്കൊണ്ടിരിക്കുന്നതുമായ സംഭവങ്ങളുടെ കൃത്യതയാണ് ബൈബിളിന്‍റെ നിസ്തുല്യതയെ അടിവരയിട്ട് ഉറപ്പിക്കുന്നത്.

ക്രിസ്തുശിഷ്യനായ പത്രോസിന്‍റേതായി ഒരു പ്രഖ്യാപനം ഇപ്രകാരമായിരുന്നു, “…ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്‍െറ ശക്തിപ്രഭാവത്തിന്‍െറ ദൃക്സാക്ഷികളായതുകൊണ്ടാണ് ” (1 പത്രോസ് 2:16). നാടോടിക്കഥകളുടെയും കിഴവിക്കഥകളുടെയും ചേരുവകള്‍ ചേര്‍ത്ത് തട്ടിക്കൂട്ടിയുണ്ടാക്കിയ ഭാവനാസൃഷ്ടിയല്ല ബൈബിള്‍ പ്രതിപാദ്യങ്ങള്‍. വിശ്വാസവിഷയങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്നതില്‍ അഗ്രഗണ്യനായിരുന്ന സെന്‍റ് പോള്‍, യേശുക്രിസ്തുവിന്‍റെ ജീവിതത്തെയും പുനഃരുത്ഥാനത്തെയും ഒരു കല്‍പ്പിത കഥയായിട്ടല്ല സ്വീകരിച്ചത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട് അഞ്ഞൂറിലധികം ദൃക്സാക്ഷികളുടെ മൊഴികളും ക്രിസ്തുശിഷ്യന്മാരുടെ സാക്ഷ്യങ്ങളും പഴയനിയമ പ്രവചനങ്ങളും അദ്ദേഹം പരിശോധിച്ച് ഉറപ്പാക്കിയിരുന്നു. എല്ലാറ്റിലുമുപരി തന്‍റെ ജീവിതത്തില്‍ അനുഭവേദ്യമായ ക്രിസ്തുദര്‍ശനം അദ്ദേഹത്തെ ക്രൈസ്തവികതയുടെ മുന്നണിപ്പോരാളിയാക്കി. ഉത്ഥിതനെ കണ്ടവരില്‍ “ഏതാനും പേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്” എന്നാണ് 1 കൊരിന്ത്യ 15:6 ല്‍ എഴുതിയിരിക്കുന്നത്. സംസ്കാരസമ്പന്നരായ റോമാക്കാരുടെയും മതതീഷ്ണമതികളായ യഹൂദന്മാരുടെയും ചുറ്റുപാടുകളില്‍ നടന്ന ബൈബിള്‍ സംഭവങ്ങള്‍ക്കെല്ലാം അനേകായിരം ദൃക്സാക്ഷികളാല്‍ കൃത്യത വന്നിരുന്നു; ഇതാണ് ബൈബിള്‍ കൈയിലേന്തുന്ന ഓരോ വ്യക്തിക്കും അഭിമാനമുളവാക്കുന്ന സംഗതി.

“ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം” (1 കൊരി 15:14). ഇത്രമേല്‍ ഉറപ്പുള്ള വിശ്വാസ അടിത്തറയിലാണ് ക്രൈസ്തവന്‍ നിൽക്കുന്നത്. അത് പ്രസംഗിച്ചവര്‍ക്കും അത് വിശ്വസിക്കുന്നവര്‍ക്കും എക്കാലത്തും ഈ ആത്മവിശ്വാസമുണ്ട്. അതിനാല്‍ “സുവിശേഷത്തെക്കുറിച്ച് ഞങ്ങള്‍ ലജ്ജിക്കുന്നില്ല”. (റോമ 1:16). സുവിശേഷത്തിലെ പ്രതിപാദ്യങ്ങളുടെ പേരില്‍, യേശുക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെയും പഠിപ്പിക്കലുകളുടെയും പേരില്‍, ബൈബിള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അത്യുന്നതമായ ധാര്‍മിക നിയമങ്ങളുടെ പേരില്‍, മനുഷ്യാവകാശങ്ങളുടെ പേരില്‍… കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയുന്നു.

“നക്ഷത്രങ്ങള്‍ക്ക് ചൂടുണ്ടോ?” എന്ന് ഏഴു വയസുകാരനായ ഒരു കനേഡിയന്‍ ബാലന്‍ ഒരിക്കല്‍ തന്‍റെ മാതാപിതാക്കളോടു ചോദിച്ചു. “ഉണ്ട്” എന്ന് മാതാപിതാക്കള്‍ അവന് ഉത്തരം നല്‍കി. “എന്തുകൊണ്ട് നക്ഷത്രങ്ങള്‍ക്ക് ചൂടുണ്ടാകുന്നു” എന്ന് ആ കുഞ്ഞ് ചോദിച്ചപ്പോള്‍ അതിന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അന്നു മുതല്‍ ഗോളാന്തര വിഷയത്തിൽ അന്വേഷണം തുടങ്ങിയ ആ കുട്ടിയാണ് Hugh Ross എന്ന ലോകപ്രസിദ്ധ ആസ്ട്രോഫിസിസ്റ്റ്: (Astrophysicist വാനശാസ്ത്രജ്ഞന്‍). Why the Universe is the way it is എന്ന തൻ്റെ ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി “After months of intensive investigation, I couldn’t escape the stunning (and unique) consistency of the biblical texts with scientists emerging disoveries about the universe, with natural history, and even with current events in human history. Finally I had to acknowledge the obvious: no human mind or collection of minds alone could have produced the books of the bible. These books contained information their writers couldn’t have known and conepts they couldn’t have to imagine apart from supernatural inspiration”. (Page 19) പ്രകൃത്യാതീത ശക്തിവിശേഷമായ ദൈവത്തിന്‍റെ പ്രചോദനം ഇല്ലായിരുന്നുവെങ്കില്‍ ബൈബിള്‍ ഗ്രന്ഥകാരന്മാര്‍ക്ക് ഇപ്രകാരമൊരു ഗ്രന്ഥത്തെ രൂപപ്പെടുത്തുന്നതിനോ ഇതിലെ പ്രതിപാദ്യവിഷയത്തെ സമഗ്രമായി വിവരിക്കുന്നതിനോ കഴിയുമായിരുന്നില്ല എന്നാണ് Hugh Ross എഴുതുന്നത്.

ബൈബിളില്‍ പരിലസിക്കുന്ന ഈ പ്രകൃത്യാതീത ശക്തിവിശേഷത്തിന്‍റെ അവാച്യമായ ഇടപെടലുകളെയാണ്
“ദൈവനിവേശിതം” എന്ന് വിളിക്കുന്നത്. 1800 വര്‍ഷത്തെ കാലയളവുകൊണ്ട്, നാല്‍പതിലേറെ എഴുത്തുകാര്‍ മൂന്നു ഭൂഖണ്ഡങ്ങളില്‍ ഇരുന്നുകൊണ്ട് വിവിധ ഭാഷകളില്‍ എഴുതിയ ഗ്രന്ഥങ്ങളുടെ സാകല്യമാണ് വിശുദ്ധ ബൈബിള്‍. എഴുത്തുകാരില്‍ രാജാക്കന്മാര്‍ മുതല്‍ ആട്ടിടയന്മാരും മുക്കുവന്മാരും ഉള്‍പ്പെടുന്നു. മഹാപണ്ഡിതന്മാര്‍ മുതല്‍ കേവലവിദ്യാഭ്യാസം മാത്രമുള്ളവരുമുണ്ട്. ഗ്രന്ഥകാരന്മാരായ ആദ്യത്തെ വ്യക്തിയും ഒടുവിലത്തെ വ്യക്തിയും തമ്മലില്‍ അറിയില്ല, പലരും മറ്റുള്ളവരുടെ എഴുത്തുകള്‍ പോലും കണ്ടിട്ടില്ല. ഗ്രന്ഥകാരന്മാര്‍ തമ്മില്‍ ഇത്തരമൊരു അകലവും അന്തരവും നിലനില്‍ക്കുമ്പോഴും മാര്‍മ്മിക വിഷയത്തിൻ്റെ പ്രതിപാദ്യത്തിലോ അതിൻ്റെ പരിസമാപ്തിയിലോ യാതൊരു വൈരുദ്ധ്യങ്ങളുമില്ല! വിഷയങ്ങളുടെ സമഗ്രതയിലും അതിന്‍റെ സങ്കീര്‍ണ്ണതയിലും അനന്യമായി ബൈബിള്‍ നിലകൊള്ളുന്നു. മഹാദൈവം കേവലമനുഷ്യരെ പ്രചോദിപ്പിച്ചുകൊണ്ട് നിത്യരക്ഷയുടെ ദൂത് തന്‍റെ ഇംഗിതത്തിനനുസരിച്ച് എഴുതി എന്നതിന്‍റെ ജീവസ്സുറ്റ തെളിവാണ് ബൈബിള്‍. ബൈബിള്‍ പ്രതിപാദ്യങ്ങളുടെ ഉത്ഭവത്തിലും രൂപീകരണത്തിലും ഉപദേശങ്ങളിലും മാത്രമല്ല അത് ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളിലും ധാര്‍മ്മികതയിലും ചരിത്രവസ്തുകകളിലും പ്രവചനങ്ങളുടെയും വെളിപ്പാടുകളുടെയും കൃത്യതയിലും സാഹിത്യഭംഗിയിലും തത്വചിന്തയിലും എല്ലാം ഈ ഔന്നിത്യം നിലനില്‍ക്കുന്നു.

ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്‍റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്. What if Jesus had never been born? എന്ന ഗ്രന്ഥത്തിന്‍റെ രചിയിതാവ് ജയിംസ് കെന്നഡി പറഞ്ഞത് “ക്രിസ്ത്യാനിറ്റിക്ക് മുമ്പുള്ള ലോകം റഷ്യന്‍ തുന്ത്രാ പ്രദേശം പോലെ തണുത്തുറഞ്ഞ് വാസയോഗ്യമല്ലാത്തതായിരുന്നു” എന്നാണ്. ക്രിസ്തു നിറഞ്ഞുനില്‍ക്കുന്ന വിശുദ്ധ ബൈബിള്‍ ലോകത്തെ അത്രമേല്‍ വാസയോഗ്യമാക്കി. ഈ പ്രസ്താവന ശരിയോ എന്ന് അറിയണമെങ്കില്‍ ബൈബിൾ തടയപ്പെട്ട ഇസ്ലാമിക, കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഏതെങ്കിലും ചിലത് പഠനവിധേയമാക്കിയാൽ മതിയല്ലോ.

ബൈബിള്‍ സന്ദേശത്തെ ഉള്‍ക്കൊണ്ടവര്‍ക്കു ജീവിതത്തിലുണ്ടായ അത്ഭുതകരമായ പരിവര്‍ത്തനമാണ് ബൈബിളിനെ ദൈവവചനമായി അംഗീകരിക്കാന്‍ ജനകോടികളെ പ്രാപ്തരാക്കിയ മറ്റൊരു കാര്യം. ബൈബിളിലെ പതിനാല് ഗ്രന്ഥങ്ങളുടെ രചയിതാവായ അപ്പൊസ്തൊലനായ പൗലോസാണ് സുവിശേഷ സന്ദേശത്തിന്‍റെ മാസ്മരികപ്രഭയില്‍ ജീവിതപരിവര്‍ത്തനത്തിന് വിധേയനായ ആദ്യമനുഷ്യന്‍. സാവൂള്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെ പ്രത്യേകത അപ്പസ്തൊല പ്രവൃത്തി 9:1ല്‍ വിവരിക്കുന്നു. ക്രൈസ്തവരോടുള്ള വെറുപ്പും വിദ്വേഷവും മൂര്‍ദ്ധന്യാവസ്ഥയിലെത്തി, “ശ്വാസത്തില്‍പോലും മരണം നിശ്വസിച്ചവൻ” ആയിരുന്നു സാവൂള്‍. അദ്ദേഹം ക്രിസ്തുശിഷ്യനായപ്പോള്‍ ഉണ്ടായ മാറ്റം “അപ്പൊസ്തൊല പ്രവൃത്തികള്‍” എന്ന ഗ്രന്ഥത്തില്‍ വായിക്കാം. എന്നാല്‍ ഇക്കാലത്ത് മറ്റ് ചില മതഗ്രനഥങ്ങള്‍ വായിക്കുന്നവരുടെ അവസ്ഥ എന്താണ്? നല്ലവരായ പലരും കൊലപാതകികളായി, അക്രമികളായി, ലോകത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരായി മാറുന്നു! എന്നാല്‍ നിത്യസമാധാനത്തിന്‍റെ മാര്‍ഗ്ഗമായി, ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന പരിശുദ്ധ ബൈബിളും അതിന്‍റെ സന്ദേശവുമെല്ലാം ഭൂമിയെ ഏറെ മനുഷ്യവാസയോഗ്യമാക്കുന്നു, ഇത് ജബ്ബാർ മാഷ് നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.

യുക്തിവാദി എന്ന നിലയില്‍ അറിയപ്പെടുന്ന ബഹുമാനപ്പെട്ട ജബ്ബാര്‍ മാഷിനോട് ഒന്നേ പറയാനുള്ളൂ, ഈ ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന വിശുദ്ധ ബൈബിളിനെ വിമര്‍ശിക്കുന്നതിന് മുമ്പ്, ബൈബിളിനെയും ക്രൈസ്തവികതയെയും ചരിത്രത്തില്‍നിന്ന് പൂര്‍ണ്ണമായി എടുത്തു മാറ്റിയാല്‍ പിന്നെ അവശേഷിക്കുന്നത് എന്തൊക്കെയാണെന്ന് ഒന്ന് ചിന്തിക്കുക. ആ ശൂന്യതയെ നിറയ്ക്കാന്‍ എന്തിനു കഴിയുമെന്ന് പരിശോധിക്കുക. അപ്പോള്‍ അങ്ങേക്ക് ബൈബിളിന്‍റെ യഥാര്‍ത്ഥ മൂല്യം തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments