റവ ഡോ ജയിംസ് മാത്യൂ പാമ്പാറ, CMI *
ആമുഖം
2023 ജനുവരി 31-ാം തീയ്യതി കത്തോലിക്കാ തിരുസ്സഭയുടെ പരമോന്നത കോടതി സിഞ്ഞത്തൂര അപ്പസ്തോലിക്ക പുറപ്പെടുവിച്ച, എറണാകുളം അങ്കമാലി അതിരൂപതയിലെ രണ്ട് വസ്തുവകകള്‍ വില്‍ക്കുന്നതു സംബന്ധമായ അന്തിമവിധി (Prot. N. 55722/21 CA: വി പെരുമായനും കൂട്ടരും Vs പൗരസ്ത്യതിരുസ്സംഘം) 2023 മാര്‍ച്ച് 14-ാം തീയ്യതിയിലെ വിധിപ്പകര്‍പ്പോടുകൂടി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, 2023 ഏപ്രില്‍ 3-ാം തീയ്യതി പ്രസ്തുത രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പിതാവിന് അയച്ചുകൊടുത്തതിന്‍റെ പകര്‍പ്പു വായിച്ചപ്പോള്‍ തത്സബംന്ധിയായി നവമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണാജനകമായ പല ദുഷ്പ്രചാരണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പകരം സത്യാന്വേഷികള്‍ക്ക് ശരിയായ അറിവു നല്‍കുന്ന ഒരു ലേഖനത്തിന്‍റെ ആവശ്യകതയേപ്പറ്റിയുള്ള അവബോധമാണ് ഈ ലേഖനത്തിന്‍റെ പശ്ചാത്തലം.
വത്തിക്കാനിലെ കോടതികളില്‍ പരമോന്നതമായ സിഞ്ഞത്തൂരയില്‍ വത്തിക്കാനിലെ കാര്യാലയങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങി മാര്‍പ്പാപ്പ നേരിട്ട് ഇടപെടാത്ത, എന്നാല്‍ മാര്‍പാപ്പായുടെ അധികാരത്താല്‍ ഭരിക്കുന്ന കാര്യാലയങ്ങളുടെ തീരുമാനങ്ങളും തീര്‍പ്പുകല്‍പ്പിക്കലുകളും നിര്‍ദ്ദേശങ്ങളുമാണ് ചോദ്യംചെയ്യാനാവുക. സിഞ്ഞത്തൂര അപ്പസ്തോലിക്കയ്ക്ക് സ്വന്തമായ നിയമവ്യവസ്ഥയും ഭരണഘടനയും മാര്‍പാപ്പ തന്നെ വിളംബരം ചെയ്തു നടപ്പില്‍ വരുത്തിയിട്ടുള്ളതനുസരിച്ചാണ് പ്രസ്തുത കോടതി പ്രവര്‍ത്തിക്കുന്നത്. വത്തിക്കാന്‍ കാര്യാലയങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ കൂടാതെ സഭാകോടതികളിലെ ന്യായാധിപന്മാര്‍ക്കെതിരായ കേസുകളും സിഞ്ഞത്തൂര അപ്പസ്തോലിക്ക പരിഗണിക്കും.
1. സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ സ്ഥാപനവും പ്രവര്‍ത്തനവും
1908 ജൂണ്‍ 29-ാം തീയ്യതി പത്താം പീയൂസ് മാര്‍പ്പാപ്പ സപ്പിയേന്‍ന്തി കൊണ്‍സീലിയോ (SapientiConsilio) എന്ന തിരുവെഴുത്ത് (Apostolic Constitution) വഴിയാണ് “അപ്പസ്തോലിക് ഒപ്പ്” എന്ന് അര്‍ത്ഥം വരുന്ന “സിഞ്ഞത്തൂര അപ്പസ്തോലിക്ക” സ്ഥാപിക്കുന്നത്. ഈ പരമോന്നത കോടതിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് 2008 ജൂണ്‍ 21-ാം തീയ്യതി ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പുറത്തിറക്കിയ പ്രത്യേക നിയമം (Lex Propria) ആണ്. മാര്‍പ്പാപ്പ നിയമിക്കുന്ന ഒരു കര്‍ദ്ദിനാള്‍ പ്രീഫക്ടും മാര്‍പ്പാപ്പ തന്നെ നിയമിക്കുന്ന ഒരുകൂട്ടം കര്‍ദ്ദിനാള്‍മാരും മെത്രാന്‍ പദവിയെങ്കിലുമുള്ള ഒരു സെക്രട്ടറിയും നീതിസംരക്ഷകന്‍ (Promotor of Justice) തുടങ്ങിയ വ്യത്യസ്ത പദവികള്‍ അലങ്കരിക്കുന്നവരുമായ കാനന്‍ നിയമവിദഗ്ധരും അടങ്ങിയതാണ് ഈ പരമോന്നത കോടതി.
പരമോന്നത കോടതിയില്‍ ആര്‍ക്കും അപ്പീല്‍ അഥവാ പരാതി ഫയല്‍ ചെയ്യാമെങ്കിലും ഈ കോടതിയില്‍ കേസ് വാദിക്കാന്‍ കക്ഷികള്‍ക്ക് നേരിട്ട് സാധ്യമല്ല. പകരം ഈ കോടതിയില്‍ കേസ് വാദിക്കുവാന്‍ അംഗീകാരം കിട്ടിയിട്ടുള്ള ഒരു വക്കീല്‍ (Procurator- Advocate) വഴി മാത്രമേ കോടതി പരാതി ഏറ്റെടുത്ത ശേഷം കക്ഷികള്‍ക്ക് കേസ് മുന്നോട്ടു കൊണ്ടുപോകുവാനാകൂ. വത്തിക്കാനിലെ തന്നെ “റോട്ട റൊമാനാ” എന്ന ഉന്നതകോടതിയിലെ അഭിഭാഷകരും അതുപോലെതന്നെ ഓരോ വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അഭിഭാഷകനും ഇതുപോലെതന്നെ സിഞ്ഞത്തൂരയില്‍ കേസ് വാദിക്കുവാന്‍ അനുവാദമുള്ളവരാണ്. അതിനാല്‍തന്നെ ഏതെങ്കിലുമൊരു വത്തിക്കാന്‍ കാര്യാലയത്തിന്‍റെ ഏന്തെങ്കിലുമൊരു തീരുമാനത്തിനോ നിര്‍ദ്ദേശത്തിനോ തീര്‍പ്പാക്കലിനോ എതിരായി അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ള കക്ഷി, തന്‍റെ കേസ് വാദിക്കുവാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തേണ്ടതുമാണ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ കക്ഷികള്‍ കോടതിയെ അറിയിക്കേണ്ടതും കോടതി കക്ഷികളെ അറിയിക്കുന്നതും ഈ അഭിഭാഷകര്‍വഴി മാത്രമായിരിക്കും.
2. സിഞ്ഞത്തൂരയുടെ വിധി:
ഒരു പ്രാഥമിക അവലോകനം
സിഞ്ഞത്തൂരയുടെ വിധി മൂന്നു പേജ് ദൈര്‍ഘ്യമുള്ളതും ആ വിധി 2023 ജനുവരി 31-ാം തീയ്യതി നല്‍കപ്പെട്ടതുമാണ് എന്ന് വിധിന്യായത്തിന്‍റെ അവസാനം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിധിന്യായത്തില്‍ ഒപ്പിട്ടിരിക്കുന്നത് പരമോന്നതകോടതിയുടെ പ്രീഫെക്ട് ആയ കര്‍ദ്ദിനാള്‍ ഡൊമിനിക് മാംബെര്‍ത്തിയും സെക്രട്ടറി അന്‍ഡ്രെയാസ് റീപ മെത്രാനുമാണ്. വിധിയുടെ പകര്‍പ്പ് നോട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് 2023 മാര്‍ച്ച് 14-ാം തീയ്യതിയാണ്. അതേ തീയ്യതിയിലുള്ള സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ സെക്രട്ടറിയുടെ, മാര്‍ ആന്‍ഡ്രൂസ് താഴത്തു പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തും വിധിയുടെ പകര്‍പ്പിനോടൊപ്പം കാണുന്നതില്‍ നിന്നും വിധിക്ക് ശേഷം ഏകദേശം ആറ് ആഴ്ചകള്‍ക്കു ശേഷം മാത്രമാണ് വിധിയുടെ പകര്‍പ്പ് പരമോന്നതകോടതിയില്‍നിന്നും ഇന്ത്യയിലേക്ക് അയയ്ക്കപ്പെട്ടിട്ടുള്ളൂ എന്ന് വ്യക്തം. എന്നാല്‍ ഈ കേസിലെ കക്ഷികളുടെ അഭിഭാഷകര്‍ക്ക് വിധിയുടെ പകര്‍പ്പ് നേരത്തെ തന്നെ കിട്ടിയിരിക്കാം.
പ്രസ്തുത കേസ് എറണാകുളം അങ്കമാലി അതിരൂപതാ സംബന്ധിയായതാണെന്നും കേസിലെ കക്ഷികള്‍ ബഹുമാനപ്പെട്ട വി പെരുമായനും കൂട്ടരും ഒരുവശത്തും മറുവശത്ത് പൗരസ്ത്യ കാര്യാലയവുമാണെന്ന് വിധിന്യായത്തിന്‍റെ തലക്കെട്ടില്‍തന്നെ വ്യക്തമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഈ കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി പിതാവ് ഒരു കക്ഷിയേ ആയിരുന്നില്ല എന്ന് സാരം. കേസ് പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ 2021 ജൂണ്‍ 21-ാം തീയ്യതി എടുത്ത ഒരു തീരുമാനത്തോടും അതിനോടു ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളോടും അതിനോടു ബന്ധപ്പെട്ട് നല്‍കപ്പെട്ട നിയമത്തില്‍നിന്നുള്ള വിടുതല്‍ (dispensation) സംബന്ധിയുമാണ് എന്നും വിധിന്യായത്തിന്‍റെ ആദ്യവാചകത്തില്‍നിന്നു തന്നെ വ്യക്തമാണ്.
പ്രസ്തുത വിധിയുടെ പകര്‍പ്പ് വത്തിക്കാന്‍ പരമോന്നത കോടതിയില്‍നിന്നും താഴത്തു പിതാവിന് അയച്ചത് ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ ഓഫീസിലൂടെയായിരുന്നു. എന്നാണ് ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ ഈ വിധിയുടെ പകര്‍പ്പ് എത്തിച്ചേര്‍ന്നത് എന്നത് വ്യക്തമല്ല. വ്യക്തമായ കാര്യം 2023 ഏപ്രില്‍ 3-ാം തീയ്യതി, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോപ്പോള്‍ദോ ജിറല്ലി പ്രസ്തുത കത്തും വിധിയും തന്‍റെ കത്തോടുകൂടി (covering letter: N. 0186/21/IN) താഴത്തു പിതാവിന് അയച്ചു എന്നതാണ്. ഈ കത്തും വിധിയുടെ പകര്‍പ്പുമാണ് 2023 ഏപ്രില്‍ 16-ാം തീയ്യതി കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വിഷയീഭവിച്ചതും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശകലനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വക്രീകരണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നതും.
ഇത്രയും വിശദമായ വിധിയുടെ തീയ്യതിയും വിധിപ്പകര്‍പ്പിന്‍റെ തീയ്യതിയും അപ്പസ്തൊലിക് ന്യൂണ്‍ഷ്യോ ആന്‍ഡ്രൂസ് താഴത്ത് പിതാവിന് കത്തയച്ച തീയ്യതിയും വ്യക്തമായി പ്രതിപാദിച്ചത് ഏതൊരു പരമോന്നത കോടതിയിലും വരുന്ന കാലതാമസം മാത്രമേ ഈ വിധിയും അപ്പസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ താഴത്തു പിതാവിന്‍റെ കൈകളിലെത്തുവാന്‍ എടുത്തുള്ളൂ എന്ന് സൂചിപ്പിക്കുവാനാണ്. ഈ കാലതാമസത്തില്‍ പോലും ദുരൂഹത കാണുവാന്‍ ശ്രമിക്കുന്നവര്‍ സഭാസംവിധാനങ്ങളുടെ പ്രവര്‍ത്തനരീതിയേപ്പറ്റിയുള്ള അവരുടെ അജ്ഞത വെളുവാക്കുന്നതായി മാത്രം കരുതിയാല്‍ മതിയാകും.
സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ വിധി അവസാനിക്കുന്നത് പൗരസ്ത്യതിരുസ്സംഘം എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിവിവാദ സംബന്ധിയായി കണ്ടെത്തിയ വസ്തുതകളെയും തീര്‍പ്പുകല്‍പ്പിച്ചു നല്‍കിയ നിര്‍ദ്ദേശങ്ങളെയും അംഗീകരിച്ചുകൊണ്ടും പ്രസ്തുത കേസ് പഠിച്ചതില്‍നിന്നും പൗരസ്ത്യകാര്യാലയം 2021 സെപ്റ്റംബര്‍ 24-ാം തീയ്യതി പുറപ്പെടുവിച്ച ഡിക്രിയിലെ തീരുമാനങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അവയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതില്ലായെന്നും പ്രഖ്യാപിച്ചുകൊണ്ടുമാണ് ((The Supreme Tribunal of SignaturaApostolica has decreed that in what have been decided, there is nothing more to be proposed:
translation by author). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പെരുമാനയനച്ചനും കൂട്ടരും കൊടുത്ത അപ്പീല്‍ സിഞ്ഞത്തൂര അപ്പസ്തോലിക്ക പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. അതുപോലെതന്നെ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ എറണാകുളും അങ്കമാലി അതിരൂപതിയിലെ ഭൂമിവിവാദം സംബഹന്ധിച്ച, തീരുമാനങ്ങള്‍ ന്യായവും യുക്തവും നിലനില്‍ക്കുന്നതുമായി തുടരുന്നു. അതുസംബന്ധിയായി കത്തോലിക്കാ തിരുസ്സഭയിലെ ഒരു നീതിപീഠത്തിതനു മുമ്പാകെയും യാതൊരു അധികാരിയുടെയും മുമ്പാകെയും യാതൊരു കേസും പരാതിയും നിലവിലില്ല എന്ന് വ്യക്തം.
3. പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ
ഭൂമിവിവാദ സംബന്ധിയായ
തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും
പൗരസ്ത്യ തിരുസ്സംഘത്തിലേക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി വിറ്റിട്ട് തരാമെന്നു പറഞ്ഞ തുക കിട്ടാതെ വന്നപ്പോള്‍ മാര്‍ ആലഞ്ചേരി പിതാവ് നേരിട്ട് ഇടപെട്ട് ഇടപാടുകാരുടെ കൈയില്‍നിന്നും കിട്ടാത്ത പണത്തിന് പകരമായി കോട്ടപ്പടിയില്‍ 25 ഏക്കര്‍ സ്ഥലവും ദേവികുളത്ത് 17 ഏക്കര്‍ സ്ഥലവും ഈടായി വാങ്ങിയതിനേപ്പറ്റി പല പരാതികളും എത്തിയപ്പോള്‍ ആ പരാതികളെല്ലാം പരിശോധിച്ച് എല്ലാ രേഖകളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും പഠിച്ചിട്ട് പൗരസ്ത്യകാര്യാലയം എത്തിയ കണ്ടെത്തലുകളും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ചുരുക്കമായി താഴപ്പറയുന്നവയാണ്.
1. സ്ഥല വില്‍പ്പനയില്‍ നഷ്ടം വന്നതായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഈടുഭൂമി വിറ്റാല്‍ നഷ്ടം നികത്താവുന്നതേയുള്ളൂ.
2. കോട്ടപ്പടിയിലെയും ദേവികുളത്തെയും ഭൂമി ഈടുഭൂമിയാണ്. അല്ലാതെ അവിടെ ഭൂമി വാങ്ങേണ്ട യാതൊരാവശ്യവും എറണാകുളം അങ്കമാലി അതിരൂപതയ്ക്കില്ല. അതിരൂപത വസ്തു വാങ്ങി വില്‍ക്കുന്ന ഒരു കച്ചവടക്കമ്പനി അല്ലല്ലോ.
3. ഭൂമി വില്‍പ്പനയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വ്യക്തിപരമായി കുറ്റവാളിയല്ല. വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. വ്യക്തിപരമായി രൂപതയ്ക്ക് നഷ്ടവും വരുത്തിയിട്ടില്ല. രൂപതയ്ക്ക് ഉണ്ടായതായി പ്രഥമദൃഷ്ട്യാ കാണുന്ന നഷ്ടം വെറും സാങ്കല്‍പ്പികമാണ് (notional). അത് ഈടുഭൂമി വിറ്റാല്‍ തീരാവുന്നതേയുള്ളൂ. അതിനാല്‍ കോട്ടപ്പടിയിലെയും ദേവികുളത്തെയും ഈടുഭൂമി വിറ്റ് നഷ്ടം നികത്തുക.
4. മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വന്തമായി എടുത്ത തീരുമാനമായിരുന്നില്ല, എറണാകുളത്തെ പ്രസ്തുത ഭൂമി വില്‍ക്കുകയെന്നത്. അത് എല്ലാ നൈയ്യാമിക സമിതികളിലും ചര്‍ച്ച ചെയ്ത് എടുത്ത കൂട്ടുത്തരവാദിത്വത്തിന്‍റെ ഒരു തീരുമാനമായിരുന്നു. അതിനാല്‍തന്നെ അതില്‍ ആലഞ്ചേരി പിതാവിനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും കുറ്റമാണ്; ശിക്ഷാര്‍ഹമാണ്.
5. സ്ഥലം വിറ്റതുകൊണ്ട് ഉണ്ടായ നഷ്ടം നികത്താന്‍ തിരിച്ചടവ് നടത്തേണ്ടത് ആലഞ്ചേരി പിതാവല്ല. പ്രത്യുത, രണ്ട് ഈടുസ്ഥലങ്ങളും വിറ്റുകൊണ്ട് അതിരൂപതയുടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ആര്‍ച്ച് ബിഷപ് ആന്‍റണി കരിയില്‍ പിതാവ് ആണ്.
6. പെര്‍മനന്‍റ് സിനഡ് നിശ്ചയിച്ച വിലയില്‍ താഴാത്ത വിലയ്ക്കായിരിക്കണം രണ്ട് സ്ഥലങ്ങളും വില്‍ക്കേണ്ടത്. പെര്‍മനന്‍റ് സിനഡ് ചൂണ്ടിക്കാണിച്ച വ്യക്തികള്‍ സ്ഥലം വില്‍പ്പനയിലെ നഷ്ടം നികത്തി അതിരൂപതയ്ക്ക് ലാഭം വരുന്ന വിധത്തില്‍ ആ സ്ഥലങ്ങള്‍ വാങ്ങുവാന്‍ സമ്മതം കാണിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക് വില്‍ക്കാവുന്നതാണ്.
7. അതിരൂപതാ ധനകാര്യ സമിതിയുടെയും അതിരൂപതയുടെ ആലോചനാ സമിതിയുടെയും അംഗീകാരം സ്ഥലവില്‍പ്പനയ്ക്ക് ആവശ്യമാണെന്നുള്ള പൗരസ്ത്യ കാനോന സംഹിത (CCEO) യിലെ 1036-ാം കാനോയുടെ ഒന്നാം നമ്പറില്‍ നിന്നും ഈ സ്ഥലകച്ചവടം നടത്തുന്നതിന് ഡിസ്പെന്‍സേഷന്‍ നല്‍കിയിരിക്കുന്നു.
2021 ജൂണ്‍ 21-ാം തീയ്യതിയിലെ പൊതുനിയമത്തില്‍ നിന്നുള്ള ഈ ഒഴിവു നല്‍കല്‍, പൗരസ്ത്യ തിരുസ്സംഘം തന്നെ 2021 സെപ്റ്റംബര്‍ 24-ാം തീയ്യതിയിലെ തങ്ങളുടെ ഡിക്രിവഴി പിന്‍വലിക്കുകയും മറ്റ് തീരുമാനങ്ങളെല്ലാം അതില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയുമാണ് ഉണ്ടായത്.
മുകളില്‍ കൊടുത്തിരിക്കുന്ന പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ കണ്ടെത്തലുകളും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുന്നുവെന്നും അവയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല എന്നുമാണ് 2023 ജനുവരി 31-ാം തീയ്യതി സിഞ്ഞത്തൂര അപ്പസ്തോലിക്ക വിധിച്ചത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് ആയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് എറണാകുളം അങ്കമാലി ഭൂമിവില്‍പ്പന വിവാദത്തില്‍ നിരപരാധിയാണെന്നും അദ്ദേഹം വ്യക്തിപരമായി യാതൊരു തിരിച്ചടവും (restitution) നടത്താന്‍ കടപ്പെട്ടില്ലായെന്നും കണ്ടെത്തിയ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ തീരുമാനത്തെ കത്തോലിക്കാ തിരുസ്സഭയുടെ പരമോന്നത കോടതി ആയ സിഞ്ഞത്തൂര അപ്പസ്തോലിക്ക 2023 ജനുവരി 31-ാം തീയ്യതിയിലെ വിധിയിലൂടെ പൂര്‍ണ്ണമായും ശരിവച്ചിരിക്കുന്നു. അതോടെ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ മറ്റൊരു നിര്‍ദ്ദേശം കൂടി കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയുമാണ്. അതായത്, ആലഞ്ചേരി പിതാവ് വ്യക്തിപരമായി തിരിച്ചടവ് നടത്തണമെന്ന് വത്തിക്കാന്‍റെ വിധിയുണ്ട് എന്ന് അപവാദപ്രചാരണം നടത്തുന്നവര്‍ക്ക് തെറ്റ് തിരുത്തിയില്ലെങ്കില്‍ ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് കൊടുക്കണമെന്നും അതിനു ശേഷവും കുപ്രചാരണം തുടര്‍ന്നാല്‍ അനുയോജ്യമായ കാനോനിക ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നുമുള്ള നിര്‍ദ്ദേശം. അതുപോലെതന്നെ, എല്ലാ വൈദികരും അത്മായരും ഏറ്റവും പ്രത്യേകമായി അതിരൂപത നൈയാമിക സമിതിയിലെ അംഗങ്ങളും പരസ്യപ്രസ്താവനകളും വിമതപ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും അതിന് തയ്യാറാകാത്തവരെ മുന്നറിയിപ്പിനു ശേഷം ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ 2021 ലെ മുകളില്‍ പരാമര്‍ശിച്ച ഡിക്രികളില്‍ വ്യക്തമാക്കിയിരിക്കുന്നത് സിഞ്ഞത്തൂര അപ്പസ്തോലിക്ക ഈ കേസ് തീര്‍പ്പാക്കിയതിലൂടെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ട ഉന്നതാധികാരിയുടെ കല്‍പ്പനയായി മാറിയിരിക്കുകയാണ്.
4. സിഞ്ഞത്തൂര അപ്പസ്തോലിക്കയിലെ കേസിന്‍റെ നാള്‍വഴിയും വിധിയിലെ പ്രസക്തഭാഗങ്ങളും
സിഞ്ഞത്തൂരയുടെ 2023 ജനുവരി 31-ാം തീയ്യതിയിലെ മൂന്നു പേജുള്ള ലത്തീന്‍ ഭാഷയിലുള്ള വിധി വായിക്കുമ്പോള്‍ മനസ്സിലാകുന്ന കേസിന്‍റെ നാള്‍വഴി ഇങ്ങനെയാണ്.
2021 ജൂണ്‍ 21-ാം തീയ്യതി പൗരസ്ത്യ തിരുസ്സംഘം എറണാകുളം അങ്കമാലി സ്ഥലവില്‍പ്പന നടത്തിയതുമായി പ്രസ്തുത കാര്യാലയത്തില്‍ വന്ന പരാതികളില്‍ അന്തിമമായി തീര്‍പ്പാക്കി ഇറക്കിയ ഡിക്രിക്കെതിരേയാണ് വര്‍ഗ്ഗീസ് പെരുമായന്‍ അച്ചനും കൂട്ടരും സിഞ്ഞത്തൂര അപ്പസ്തോലിക്കയില്‍ അപ്പീലുമായി 2021 ഓഗസ്റ്റ് 19-ാം തീയ്യതി എത്തുന്നത്. അതിനു മുമ്പായി 2021 ജൂലൈ 1-ാം തീയ്യതി തന്നെ അവര്‍ പൗരസ്ത്യ തിരുസ്സംഘം കൊടുത്ത ഡിസ്പെന്‍സേഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത തിരുസ്സംഘത്തെയും സമീച്ചിരുന്നുവെന്ന് സിഞ്ഞത്തൂരയുടെ വിധിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൗരസ്ത്യ തിരുസ്സംഘം പ്രസ്തുത അപേക്ഷ പരിഗണിച്ച് 2021 സെപ്റ്റംബര്‍ 24-ാം തീയ്യതി തങ്ങള്‍ കൊടുത്ത ഡിസ്പെന്‍സേഷന്‍ റദ്ദു ചെയ്തുകൊണ്ടും മറ്റ് തീരുമാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടും പുതിയ ഡിക്രി ഇറക്കുന്നു.
സിഞ്ഞത്തൂരയിലെ പെരുമായന്‍ അച്ചന്‍റെയും കൂട്ടരുടെയും പരാതിയില്‍ ആവശ്യപ്പെട്ട കാര്യം പൗരസ്ത്യ തിരുസ്സംഘം തന്നെ സ്വമേധയാ ചെയ്തതിനാല്‍ പ്രസ്തുത പരാതി തീര്‍പ്പാക്കിയതായി 2021 നവംബര്‍ 22-ാം തീയ്യതി സിഞ്ഞത്തൂരയുടെ സെക്രട്ടറി ഉത്തരവിടുന്നു. എന്നാല്‍ പരാതിക്കാര്‍ 2022 ജനുവരി 18-ാം തീയ്യതി, 2021 ജൂണ്‍ 21-ാം തീയ്യതിയിലെ ഉത്തരവില്‍ പറഞ്ഞിട്ടുള്ളതും 2021 സെപ്റ്റംബര്‍ 24-ാം തീയ്യതി റദ്ദുചെയ്യാത്തതുമായ കാര്യങ്ങള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പൗരസ്ത്യ കാര്യാലയത്തെ സമീപിക്കുന്നു. പൗരസ്ത്യ കാര്യാലയത്തില്‍നിന്നും മറുപടിയൊന്നും ലഭിക്കാത്തിതിനാല്‍ പരാതിക്കാര്‍ 2022 മേയ് 30-ാം തീയ്യതി പൗരസ്ത്യ കാര്യാലയത്തിന് 1518-ാം കാനോന ഉദ്ധരിച്ചുകൊണ്ട് വീണ്ടും കത്തയയ്ക്കുന്നു. അതിനും മറിപടി ലഭിക്കാതിരുന്നതിനാല്‍ 2022 ജൂലൈ 14-ാം തീയ്യതി വീണ്ടും സിഞ്ഞത്തൂര അപ്പസ്തോലിക്കയില്‍ 2021 ജൂണ്‍ 21-ാം തീയ്യതിയിലെ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ തീരുമാനത്തിനെതിരേ പരാതി ഫയല്‍ ചെയ്യുന്നു. 2022 നവംബര്‍ 11-ാം തീയ്യതി പരാതിക്കാര്‍, കേസിന്‍റെ നിജസ്ഥിതി ആരാഞ്ഞുകൊണ്ട് വീണ്ടും പരമോന്നത നീതിപീഠത്തിന് എഴുതുന്നു. ഇത്രയുമാണ് ഈ കേസിന്‍റെ പ്രധാന നള്‍വഴി.
എന്തുകൊണ്ടാണ് പരാതിക്കാരുടെ അപേക്ഷ (recourse) തള്ളുന്നത് എന്ന് സിഞ്ഞത്തൂര അപ്പസ്തോലിക്ക തങ്ങളുടെ വിധിയില്‍ വ്യക്തമാക്കുന്നത്, ഇതിലേ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്:
1. പരാതിക്കാര്‍ 2021 ഓഗസ്റ്റ് 19-ാം തീയ്യതി സിഞ്ഞത്തൂര അപ്പസ്തോലിക്കയെ സമീപിച്ചപ്പോള്‍ 2021 ജൂണ്‍ 21-ാം തീയ്യതിയിലെ ഡിക്രിയിലെ ഡിസ്പെന്‍സേഷന്‍ സംബന്ധമായി മാത്രമേ പരാതി പറഞ്ഞുള്ളൂ. ആ ഡിക്രിയിലെ മറ്റ് യാതൊരു തീരുമാനത്തിനുമെതിരേ പരാതിയുള്ളതായി അറിയിച്ചില്ല. ആ പരാതി 2021 സെപ്റ്റംബര്‍ 24-ാം തീയ്യതിയിലെ പൗരസ്ത്യതിരുസ്സംഘത്തിന്‍റെ സ്വയമേയുള്ള ഡിസ്പെന്‍സേഷന്‍ റദ്ദാക്കല്‍ നടപടിയിലൂടെ പരിഹരിക്കപ്പെട്ടതും തത്സംബന്ധിയായി സിഞ്ഞത്തൂര അപ്പസ്തോലിക്ക 2021 നവംബര്‍ 22-ാം തീയ്യതി തന്നെ തീര്‍പ്പാക്കിയതും പ്രസ്തുത ഡിക്രി 2021 നവംബര്‍ 24-ാം തീയ്യതി തന്നെ പരാതിക്കാരുടെ അഭിഭാഷകനെ ഏല്‍പ്പിച്ചതുമായിരുന്നു. പ്രസ്തുത തീര്‍പ്പാക്കലിനെതിരായിട്ട് പരാതിക്കാരോ അവരുടെ അഭിഭാഷകനോ സിഞ്ഞത്തൂര അപ്പസ്തോലിക്കയെ 10 ദിവസത്തിനകം സമീപിക്കണമായിരുന്നു കേസ് മുന്നോട്ടു കൊണ്ടുപോകുവാന്‍. എന്നാല്‍ 10 ദിവസത്തിനകമോ വിധി പ്രസ്താവിക്കുന്ന 2023 ജനുവരി 31-ാം തീയ്യതി വരെയോ അങ്ങനെയൊരു കാര്യം പരാതിക്കാരോ അവരുടെ അഭിഭാഷകനോ ചെയ്തിട്ടില്ല എന്ന് കോടതിവിധി വ്യക്തമാക്കുന്നു. നിയമാനുസരണം, സിഞ്ഞത്തൂരയുടെ 2021 നവംബര്‍ 22-ാം തീയ്യതി തീര്‍പ്പാക്കിയ വിധിക്കെതിരേ അനുവദിച്ച സമയപരിധിയില്‍ പരാതി ഫയല്‍ ചെയ്യാത്തതുകൊണ്ടുതന്നെ, ആ വിഷയത്തില്‍ പിന്നീട് നൈയാമികമായി അപ്പീല്‍ ഫയല്‍ ചെയ്യാനാവില്ല; തീര്‍പ്പാക്കിയ കേസ് വീണ്ടും തുറന്നു കേള്‍ക്കുവാനുമാവില്ല.
2. പരാതിക്കാര്‍ 2022 ജൂലൈ 14-ാം തീയ്യതി വീണ്ടും സിഞ്ഞത്തൂര അപ്പസ്തോലിക്കയെ സമീപിച്ചപ്പോള്‍ 2021 സെപ്റ്റംബര്‍ 24-ലെ പൗരസ്ത്യ കാര്യാലയത്തിന്‍റെ തീരുമാനത്തിനെതിരായി യാതൊരു പരാതിയും ഉന്നയിച്ചില്ല.
3. പരാതിക്കാര്‍ 2022 ജൂലൈ 14-ാം തീയ്യതി സമര്‍പ്പിച്ച പരാതിയിലും 2021 ജൂണ്‍ 21-ാം തീയ്യതിയിലെ പൗരസ്ത്യ കാര്യാലയത്തിന്‍റെ തീരുമാനങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ പരാതിക്ക് യാതൊരു കാരണവും പരാതിയില്‍ സൂചിപ്പിച്ചിട്ടില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, 2022 ജൂലൈ 14-ാം തീയ്യതി പരാതിക്കാര്‍ നല്‍കിയ പരാതിയില്‍, പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ 2021 ജൂണ്‍ 21-ാം തീയ്യതിയിലെ നിര്‍ദ്ദേശങ്ങളെല്ലാം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ട് അത് റദ്ദു ചെയ്യണമെന്ന് അതിന്‍റെ കാരണങ്ങള്‍ ഒന്നും തന്നെ സൂചിപ്പിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍, എറണാകുളം അങ്കമാലി ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൗരസ്ത്യ കാര്യാലയം 2021 ജൂണ്‍ 21-ാം തീയ്യതി തങ്ങളുടെ വിശദമായ ഒരു ഉത്തരവിലൂടെ തീര്‍പ്പാക്കുകയുണ്ടായി. അതനുസരിച്ച് കാനോനിക സമിതികളുടെ അംഗീകാരമില്ലാതെതന്നെ ഈടുകിട്ടിയ സ്ഥലം വില്‍ക്കാമെന്നുള്ള സിഡ്സപെന്‍സേഷന്‍ നല്‍കിയത് അതേ കാര്യാലയം തന്നെ 2021 സെപ്റ്റംബര്‍ 24ലെ ഉത്തരവിലൂടെ റദ്ദാക്കി. 2021 ജൂണ്‍ 21 ലെ ഡിക്രിയിലെ ഡിസ്പെന്‍സേഷന്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ 2021 ഓഗസ്റ്റ് 19-ാം തീയ്യതി സിഞ്ഞത്തൂരയില്‍ സമര്‍പ്പിച്ച പരാതി അതിനാല്‍ തന്നെ 2021 നവംബര്‍ 22-ാം തീയ്യതി സിഞ്ഞത്തൂര തീരുമാനിക്കുകയും ആ വിധി 2021 നവംബര്‍ 24-ാം തീയ്യതിതന്നെ പരാതിക്കാരുടെ അഭിഭാഷകനെ അറിയിക്കുകയും ചെയ്തതാണ്. അതിനെതിരേ പരാതിക്കാരോ അവരുടെ അഭിഭാഷകനോ 10 ദിവസത്തിനുള്ളില്‍ അപ്പീല്‍ പരമോന്നത കോടതിയുടെ “കോണ്‍ഗ്രസ്സോ”യ്ക്ക് (Congresso) സമര്‍പ്പിക്കാതിരുന്നപ്പോള്‍ തന്നെ ആ കേസ് അന്തിമമായി തീര്‍പ്പായതാണ്. എന്നിട്ടും വീണ്ടും 2022 ജൂലൈ 14-ാം തീയ്യതി പരാതിക്കാര്‍ സിഞ്ഞത്തൂരയെ പുതിയ പരാതിയുമായി സമീപിക്കുന്നു. തീര്‍പ്പാക്കിയ അതേ ഡിക്രിക്കെതിരേ: അതായത് പൗരസ്ത്യ കാര്യാലയത്തിന്‍റെ 2021 ജൂണ്‍ 21-ാം തീയ്യതിയിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരേ. എന്നാല്‍ ആ പരാതിയില്‍ എന്തുകൊണ്ട് ആ നിര്‍ദ്ദേശങ്ങള്‍ റദ്ദുചെയ്യണമെന്ന് വാദിച്ചിട്ടില്ല. അതിനാല്‍ത്തന്നെ പൗരസ്ത്യ കാര്യാലയത്തിന്‍റെ ഈ വിഷയസംബന്ധിയായ തീരുമാനങ്ങള്‍ നിലനില്‍ക്കും. അവയ്ക്ക് മാറ്റം വരുത്തേണ്ടതില്ല എന്നതാണ് ഈ അന്തിമവിധി. സിഞ്ഞത്തൂരയുടെ ഈ വിധിക്കെതിരേ മറ്റൊരു അപ്പീലിനു അവസരമില്ലായെന്ന് സൂചിപ്പിക്കുവാനാണ്, പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ ഭാവിയിലെ ഉത്തരവുകള്‍ക്കെതിരേ പരാതിക്കാര്‍ക്ക് ഇനിയും സിഞ്ഞത്തൂരയെ സമീപിക്കാമെന്ന് വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, 2021 ജൂണ്‍ 21-ലെ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ തീരുമാനങ്ങള്‍ക്കെതിരെയോ 2021 സെപ്റ്റംബര്‍ 24-ാം തീയ്യതിയിലെ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ ഉത്തരവിനെതിരെയോ ഇനി യാതൊരുവിധ അപ്പീലിനും വത്തിക്കാന്‍റെ പരമോന്നത നീതിപീഠത്തില്‍ സ്ഥാനമില്ല എന്നര്‍ത്ഥം.
എറണാകുളം അങ്കമാലി അതിരൂപതുയെട ഭൂമി വില്‍പ്പന വിവാദത്തില്‍ പൗരസ്ത്യ തിരുസ്സംഘം വിശദമായ കല്‍പ്പന 2021 സെപ്റ്റംബര്‍ 24-ാം തീയ്യതി ഇറക്കിയത് എത്രയും പെട്ടെന്ന് നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വമാണ് ഇതോടുകൂടി അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററില്‍ നിക്ഷിപ്തമായിരിക്കുന്നത് എന്നു സാരം. അതായത്, “വ്യവഹാരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പുതുതായി ഒന്നും നടപ്പിലാക്കരുത്” (Lite pendente nihil innovetur) എന്ന 1194-ാം കാനോനയിലെ അഞ്ചാം നമ്പറില്‍ കൊടുത്തിരിക്കുന്ന തത്വം ഇനി പ്രാബല്യത്തില്‍ ഇല്ലാത്തതിനാല്‍ എത്രയും വേഗം സ്ഥലം വില്‍പ്പന നടത്തുന്നതിനായുള്ള കാനന്‍ നിയമത്തില്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ താഴത്തു പിതാവിന് ആരംഭിക്കാം.
5. എറണാകുളം അങ്കമാലി അതിരൂപതയും
ഇന്‍കംടാക്സ് പിഴയും
എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥലകച്ചവടുമായി ബന്ധപ്പെട്ട് വിമതനേതാക്കള്‍ ആരോപിക്കുകയും അണികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലക്കച്ചവടത്തില്‍ ആറുകോടി രൂപ അതിരൂപത പിഴയടച്ചു എന്നത്. അങ്ങനെ പിഴയടച്ചുവെങ്കില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് കുറ്റക്കാരനാണെന്നതാണ് സഭാവിരുദ്ധരുടെ ആരോപണം. ഇതേക്കറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ ഇവയാണ്:
5.1 സ്ഥലക്കച്ചവടത്തിന്‍റെ പേരില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ കുറ്റക്കാരനാക്കാന്‍ വിമതവിഭാഗം വൈദികരും അവരുടെ ശിങ്കിടികളും ആസൂത്രിതമായി നടത്തിയ ഒരു പദ്ധതിയുടെ പരിണിതഫലമാണ് ഇന്‍കം ടാക്സ് വിഭാഗം അതിരൂപതയ്ക്ക് പിഴയിടുവാന്‍ കാരണമായിത്തീര്‍ന്നത്. സ്ഥലം വില്‍പ്പനയില്‍ അതിരൂപത ഏജന്‍റുമായാണ് വില നിശ്ചയിച്ചത്. ഏജന്‍റ് തന്‍റെ ഇഷ്ടമനുസരിച്ച് അതിരൂപതുയടെ സ്ഥലങ്ങള്‍ വാങ്ങിയവരുടെ പേരിലെഴുതുകയും ചെയ്തു. ചില സ്ഥലങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയിലും കുറവായാണ് ആധാരത്തില്‍ കാണിച്ചതെന്ന് ആരോപിച്ച് വിമതര്‍ പ്രശ്നം ഇന്‍കം ടാക്സ് വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതുപോലെ സ്ഥലം വില്‍പ്പന നടത്തിയ അതിരൂപത ചാരിറ്റബിള്‍ സ്ഥാപനമാണെങ്കിലും നടത്തിയ സ്ഥലക്കച്ചവടം റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആണെന്ന ആരോപണം ഇന്‍കം ടാക്സില്‍ ഉന്നയിച്ചത് വിമതരാണ്. അതിന്‍റെ തെളിവായി അന്നത്തെ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത് പിതാവ് 2017 മാര്‍ച്ച് എട്ടിന് കൂരിയായിലെ വൈദികര്‍ക്ക് എഴുതിയ ഈ-മെയിലാണ് സമര്‍പ്പിച്ചത് എന്ന് അറിയുന്നു. കോട്ടപ്പടിയില്‍ എഴുപത് ഏക്കര്‍ സ്ഥലം വാങ്ങി പിന്നീടത് മറിച്ചുവില്‍ക്കുന്ന കാര്യമാണ് ആ ഈ-മെയിലിന്‍റെ ഉള്ളടക്കമെന്നാണ് അറിവ്. എന്നാല്‍ അങ്ങനെയൊരു സ്ഥലമിടപാട് ഒരിക്കലും നടന്നിട്ടില്ല. എങ്കിലും ബാങ്കിലെ കടം വീട്ടുന്നതിനായി അതിരൂപതയുടെ സ്ഥലം വിറ്റ നടപടി റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആയി ചിത്രീകരിക്കപ്പെടുവാന്‍ പ്രസ്തുത ഈ മെയില്‍ കര്‍ദ്ദിനാള്‍ വിരുദ്ധര്‍ ഉപയോഗപ്പെടുത്തി. അതിന്‍റെ ഫലമായി നല്ലൊരു തുക അതിരൂപതയ്ക്ക് ടാക്സ് അടയ്ക്കേണ്ടിവന്നു.
5.2 രണ്ടാമതായി, സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ അതിരൂപതാ കൂരിയ വരുത്തിയ കാലതാമസത്തിന് ഇന്‍കംടാക്സ് അതിരൂപതയുടെ മേല്‍ ചുമത്തിയ പിഴയാണ്. പ്രസ്തുത പിഴയ്ക്കെതിരേ അപ്പീലിനു പോകുവാന്‍ സാധ്യതയുണ്ടായിട്ടും അതിനു പോകുവാന്‍ ശ്രമിക്കാതെ ആലഞ്ചേരി പിതാവിനെ കുറ്റക്കാരനായി ചിത്രീകരിക്കുവാനുള്ള അദമ്യമായ ആഗ്രഹത്താല്‍ പ്രേരിതരായ വിമതരുടെ ചട്ടുകമായ ചില കൂരിയാ അംഗങ്ങള്‍ തിടുക്കത്തില്‍ മൂന്നു കോടിയോളം പിഴയടച്ചുവെന്നത് വസ്തുതയാണ്. ഏതായാലും സമചിത്തത കൈവെടിയാത്ത, അതിരൂപതയെ സ്നേഹിക്കുന്ന ആരുടെയൊക്കെയോ പ്രേരണയാല്‍ ഇന്‍കം ടാക്സ് പുതുക്കി നല്‍കിയ പിഴ അടയ്ക്കുന്നതിനു പകരം തുടര്‍ന്ന് യാതൊരു പിഴയുമടയ്ക്കാതെ അപ്പീല്‍ കൊടുത്തിട്ടുണ്ട് എന്നാണ് അറിവ്.
5.3 അതിരൂപതാ കാര്യാലയത്തില്‍നിന്ന് വിമതവിഭാഗത്തിന് രേഖകള്‍ ചോര്‍ത്തിക്കൊടുത്തും അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം വന്നാലും കുഴപ്പമില്ല ആലഞ്ചേരി പിതാവിനെ കുറ്റക്കാരനായി ചിത്രീകരിച്ച് അധിക്ഷേപിച്ച് ഇറക്കിവിടണമെന്നുള്ള വിമതരുടെ ക്രിമിനല്‍ ആഗ്രഹങ്ങളും അതിരൂപതാ കാര്യാലയത്തിലെ അംഗങ്ങളില്‍ ചിലരുടെ രഹസ്യവും പരസ്യവുമായ കൈയൊപ്പുമെല്ലാം ഇതിനോടനുബന്ധിയായി നടത്തിയ അന്വേഷണങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു.
അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ കാനോനിക സമിതി വസ്തു വില്‍പ്പനയ്ക്കായി ചുതലപ്പെടുത്തിയ വൈദികന്‍ തയ്യാറാക്കി ഒപ്പിടുവാനായി കൊണ്ടുവന്ന ആധാരങ്ങളില്‍ വിശ്വസിച്ച് ഒപ്പിടേണ്ടിവന്നതിനാല്‍ പൊതുതീരുമാനപ്രകാരം നടത്തിയ വില്‍പ്പനയില്‍ ഒറ്റപ്പെടുത്തി കുറ്റക്കാരനായി ചിത്രീകരിക്കപ്പെട്ട ആലഞ്ചേരി പിതാവിന്‍റെ പേരില്‍ ഇന്‍കം ടാക്സ് പിഴയുടെ പാപവും വിമതര്‍ ആരോപിച്ചുകൊണ്ടിരിക്കുന്നതിന് ചരിത്രം അവര്‍ക്ക് മാപ്പുകൊടുക്കുമെന്ന് തോന്നുന്നില്ല. അതിന് ഉപോദ്ബലകമായ അവരുടെ വികലമായ ന്യായബോധവും അവരെ അതിനായി പ്രേരിപ്പിക്കുന്ന സഭാവിരുദ്ധരുടെ സാന്നിധ്യവും ഇന്നല്ലെങ്കില്‍ നാളെ പൊതുസമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്യപ്പെടുമെന്നത് തീര്‍ച്ച.
ഉപസംഹാരം
”Roma locuta, causa finita est”എന്നൊരു ചൊല്ലുണ്ട് ലത്തീന്‍ ഭാഷയില്‍. അതിനര്‍ത്ഥം “റോം സംസാരിച്ചിരിക്കുന്നു, അതിനാല്‍ കേസ് അവസാനിച്ചിരിക്കുന്നു” എന്നതാണ്. എറണാകുളം അങ്കമാലി ഭൂമി വില്‍പ്പനവാദം കത്തോലിക്കാ സഭയുടെ പരമോന്നത കോടതി തീര്‍പ്പാക്കിക്കഴിഞ്ഞു. 2021 ജൂണ്‍ 21-ാം തീയ്യതിലെ പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ തത്സംബന്ധിയായ ഉത്തരവിലുണ്ടായിരുന്ന ഡിസ്പെന്‍സഷന്‍ റദ്ദു ചെയ്ത ശേഷം 2021 സെപ്റ്റംബര്‍ 24-ാം തീയ്യതി ഇറക്കിയ ഉത്തരവ് നിലനില്‍ക്കും. അതില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തേണ്ടതായി കാണുന്നില്ല എന്നുള്ള പരമോന്നത നീതിപീഠമായ സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ വിധി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് കുറ്റം ചെയ്തിട്ടില്ല എന്നുള്ള പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ വിധിയാണ് ഊട്ടിയുറപ്പിക്കുന്നത്. ആലഞ്ചേരി പിതാവിന്‍റെ പേര് വിധിയില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല എന്നതു ശരിതന്നെ. എന്നാല്‍ വിധിക്ക് ഉപോല്‍ബലകമായ പരാതി പൗരസ്ത്യതിരുസ്സംഘത്തിന്‍റെ എറണാകുളം അങ്കമാലി ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരാതികളും പരിഗണിച്ചുകൊണ്ട് കര്‍ദ്ദിനാളിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉത്തരവാണ്. ആ ഉത്തരവ് നിലനില്‍ക്കുമെന്ന് പറയുന്നത് കര്‍ദ്ദിനാളിനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നതു തന്നെയാണ്.
ദേവികുളം, കോട്ടപ്പടി വിസ്തുക്കളുടെ വില്‍പ്പനെയപ്പറ്റി സിഞ്ഞത്തൂരയുടെ വിധിയില്‍ ഒന്നും പറയുന്നില്ല എന്നുള്ളതാണ് മറ്റൊരാരോപണം. എന്നാല്‍ സിഞ്ഞത്തൂരയുടെ വിധിയുടെ ആദ്യഖണ്ഡികയില്‍ തന്നെ രണ്ട് ഭൂസ്വത്ത് വില്‍പ്പന സംബന്ധിയായി പൗരസ്ത്യതിരുസ്സംഘം 2021 ജൂണ്‍ 21ന് ഇറക്കിയ ഉത്തരവ് എന്ന് വ്യക്തമായി പറയുന്നുണ്ട്.
നൈയാമികമായി സിഞ്ഞത്തൂര അപ്പസ്തോലിക്ക കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിനെ കുറ്റവിമുക്തമാക്കിയില്ല എന്നു വേണമെങ്കില്‍ വാദിക്കാം. കുറ്റവിമുക്തനാക്കണമെങ്കില്‍ ആദ്യം കുറ്റാരോപണം ഉണ്ടാകണം. അതിനെ തുടര്‍ന്ന് കുറ്റവിചാരണയുണ്ടാകണം. സിഞ്ഞത്തൂര അപ്പസ്തോലിക്കയില്‍ ആലഞ്ചേരി പിതാവിനെതിരേ ഒരു കേസ് പോലും നിയമത്തിന്‍റെ കൃത്യാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസതവം. പരാതിക്കാര്‍ ആലഞ്ചേരി പിതാവിനെതിരായി യാതൊരു കുറ്റവും ആരോപിച്ചതായി സിഞ്ഞത്തൂരയുടെ വിധിയില്‍ സൂചനയില്ല. അവരുടെ ആവശ്യം പൗരസ്ത്യതിരുസ്സംഘത്തിന്‍റെ ഉത്തരവ് പൂര്‍ണ്ണമായും റദ്ദ് ചെയ്യണമെന്ന് മാത്രമായിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് കാരണമായി യാതൊരു വാദങ്ങളും അവരുടെ പരതായില്‍ എഴുതിച്ചേര്‍ത്തിരുന്നില്ല എന്നുമാണ് വിധിന്യായം വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.
ഒരിക്കല്‍ സിഞ്ഞത്തൂര അപ്പസ്തോലിക്ക തീര്‍പ്പാക്കിയ വിഷയത്തില്‍ യാതൊരു നിയമസാധ്യതകളും ഇല്ലെന്നറിഞ്ഞിട്ടും വീണ്ടും ഒരുതവണകൂടി അതേ വിഷയത്തില്‍ സിഞ്ഞത്തൂര അപ്പസ്തോലിക്കയെ പരാതിക്കാര്‍ സമീപിച്ചതും അതും തങ്ങളുടെ ആവശ്യത്തെ സമര്‍ത്ഥിക്കുന്ന യാതൊരു വാദവും മുന്നോട്ടു വയ്ക്കാതിരുന്നതും പരാതിക്കാരെ നിയമവ്യവസ്ഥ അറിയാവുന്നവരുടെ മുന്നില്‍ പരിഹാസപാത്രമാക്കുവാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്നതാണ് വസ്തുത. എന്നാല്‍ സത്യാനന്തര കാലഘട്ടത്തില്‍ തങ്ങളുടെ പിണിയാളുകളുടെ മുന്നില്‍ തങ്ങള്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍ ജനിപ്പിക്കുവാന്‍ ഇത്തരം കപടനടപടികള്‍ ഒരു പരിധിവരെ ഉപകരിച്ചിട്ടുണ്ടാവാം. അതുപോലെതന്നെ 2021-ല്‍ നടക്കേണ്ടിയിരുന്ന രണ്ട് ഭൂമി വില്‍പ്പനകളും രണ്ട് വര്‍ഷത്തോളമെങ്കിലും നീട്ടിക്കൊണ്ടുപോകുവാനും അതുവഴി അതിരൂപതയുടെ നഷ്ടം കുറേക്കൂടി വര്‍ദ്ധിപ്പിക്കുവാനും അവര്‍ക്ക് സാധിച്ചു. അതിരൂപതയുടെ രക്ഷകരായി സ്വയം ചമഞ്ഞിറങ്ങിത്തിരിച്ചിരിക്കുന്ന ഈ പരാതിക്കാരുടെ കാപട്യം ആ അതിരൂപതാ തനയര്‍ വ്യക്തമായി മനസ്സിലാക്കുന്ന സമയം അധികം വിദൂരത്തിലല്ല എന്ന് പ്രത്യാശിക്കുക മാത്രം കരണീയം.
———————————————–
* Rev. Dr. ജെയിംസ് മാത്യു പാമ്പാറയച്ചൻ സി.എം.ഐ സഭയുടെ കോട്ടയം പ്രവശ്യ അംഗവും പുതുപ്പള്ളിയിലുള്ള “സെന്റർ ഫോർ കാനോനിക്കൽ സെർവിസിന്റെ ഡയറക്ടറുമാണ്. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനോൻ നിയമത്തിൽ ലൈസെന്റിയറ്റും ഡോക്ടറേറ്റും നേടിയ അച്ചൻ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന ഒരു കാനോൻ നിയമ പണ്ഡിതനാണ്. സി.എം.ഐ സഭയുടെ റോമിലെ പോസ്റ്റുലേറ്റർ ജനറൽ ആയും ബാംഗ്ലൂരിലെ കാനോൻ ലോ ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുള്ള അച്ചൻ ഇപ്പോളും തന്റെ സെന്റർ വഴിയായി കാനോനിക സംബന്ധിയയുള്ള കേസുകളിയിൽ ഇന്ത്യയിലും വെളിയിലുമുള്ള മെത്രന്മാരെയും സന്യാസാധികാരികളെയും സഹായിച്ചുകൊണ്ടിരിക്കുന്നു.
His email: james.pampara@gmail.com.