Saturday, July 27, 2024
No menu items!
Homeഅവലോകനംഇ.ഏ ജബ്ബാര്‍ മാഷിന്‍റെ കൊട്ടത്താപ്പ് വിമര്‍ശനം

ഇ.ഏ ജബ്ബാര്‍ മാഷിന്‍റെ കൊട്ടത്താപ്പ് വിമര്‍ശനം


ഇസ്ലാമത വിമര്‍ശകനായ ശ്രീ ഇ.എ ജബ്ബാര്‍ മാഷ് ജൂലൈ 8ന് പോസ്റ്റ് ചെയ്തിരിക്കുന്ന യൂട്യൂബ് വീഡിയോയില്‍ അദ്ദേഹം വിശുദ്ധ ബൈബിളിനേക്കുറിച്ചു നടത്തുന്ന ഒരു പരാമര്‍ശമാണ് ഇവിടെ പരിശോധിക്കുന്നത്. “ഇസ്ലാമോ പേടിയും ആരാന്‍റെ മുതലും” എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഇസ്ളാമത സ്ഥാപകനായ മുഹമ്മദിന്‍റെ മതജീവിത ദിനചര്യകളില്‍ (അഥവാ ഹദീസ്) പറയപ്പെടുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിന്‍റെ ധാര്‍മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം പ്രസ്തുത വീഡിയോയില്‍ വിമര്‍ശനബുദ്ധ്യാ ചർച്ച ചെയ്യുന്നത്. ബുഹാരി എന്ന ഹദീസ് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്ന മുഹമ്മദിന്‍റേതായ അഞ്ച് പ്രസ്താവനകൾ അദ്ദേഹം എടുത്തു പറയുന്നു. ഈ പ്രസ്താവനകൾ ഒന്നിൽ മുഹമ്മദ് പറയുന്നു “ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എന്നെ അനുവദിച്ചിരിക്കുന്നു, എനിക്ക് മുമ്പ് ആര്‍ക്കും അത് അനുവദിച്ചിരുന്നില്ല”

മുഹമ്മദിന്‍റെ ഈ പ്രസ്താവനയെ ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ജബ്ബാര്‍ മാഷ് വിവരിക്കുന്നുണ്ട്. യുദ്ധാര്‍ജ്ജിത ധനം അഥവാ യുദ്ധത്തോടനുബന്ധിച്ച് ശത്രുവിഭാഗങ്ങളില്‍നിന്ന് പിടിച്ചെടുക്കുന്ന കൊള്ളമുതലിനെ “ഗനീമത്ത് ” എന്നാണ് വളിക്കുന്നത്. ഖുറാനിലും ഗനീമത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്നും ജബ്ബാര്‍ മാഷ് പറയുന്നു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ യുക്തിക്കും നീതിബോധത്തിനും നിരക്കുന്നതാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിന്‍റെ ശേഷം ജബ്ബാര്‍ മാഷ് പറയുന്നു:

“ഗോത്രകാലത്ത് ഇതൊക്കെ ശരിയാണ്, ബൈബിളിലൊക്കെ ഇപ്രകാരം കൊള്ളയടിച്ച കാര്യം പറയുന്നുണ്ട്. മറ്റ് ഗോത്രങ്ങളെ കൊള്ളയടിച്ച് പുട്ടടിക്കുന്ന കാര്യം ബൈബിളിലൊക്കെ പറയുന്നുണ്ട്. ബൈബിള്‍ കഥകള്‍ നടക്കുന്ന കാലഘട്ടത്തിലെ ഗോത്രമനുഷ്യരുടെ സംസ്കാരം ഇതായിരുന്നു. അന്നത്തെ മനുഷ്യന്‍റെ നീതിബോധം ഇതായിരുന്നു” (വീഡിയോ 15,16 മിനിറ്റുകളില്‍ പറയുന്നു).

ബൈബിള്‍ സംഭവങ്ങളെ ഖുറാനുമായി ചേര്‍ത്തുവച്ചുള്ള ജബ്ബാര്‍ മാഷിന്‍റെ ഈ കൊട്ടത്താപ്പ് വിമര്‍ശനമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ഗനീമത്തിന് ഖുറാൻ നല്‍കുന്ന പ്രാധാന്യവും ഇസ്ലാമകി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ അതിന് നല്‍കുന്ന വ്യാഖ്യാനവും ബൈബിളിനും യോജിച്ചതാണ് എന്ന് കേള്‍വിക്കാര്‍ക്ക് തോന്നുമാറാണ് അദ്ദേഹം സംസാരിക്കുന്നത്.

യുക്തിവാദിയായ ജബ്ബാര്‍ മാഷ് ഖുറാന്‍ വിമര്‍ശനം നടത്തുന്ന പല സന്ദര്‍ഭങ്ങളിലും, ഖുറാനിലുള്ളതെന്ന് അദ്ദേഹം വിവക്ഷിക്കുന്ന നീതിനിഷേധവും അധാര്‍മ്മികതയും ബൈബിളിലും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. ഈ ഇരുഗ്രന്ഥങ്ങളെയും ഒരുപോലെ ചേര്‍ത്തുവച്ചു സംസാരിക്കുന്ന പല സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്‍റെ വീഡിയോകളില്‍ ഉണ്ടായിട്ടുണ്ട്.

ഗോത്രസംഘര്‍ഷങ്ങളും യുദ്ധങ്ങളും കീഴ്പ്പെടുത്തലുകളും കൊള്ളയുമാണ് ഖൂറാനിലെന്നതുപോലെ ബൈബിളിന്‍റെയും ഉള്ളടക്കങ്ങളും മുഖ്യ പ്രതിപാദ്യവിഷയങ്ങള്‍ എന്നുമാണ് പലപ്പോഴും ജബ്ബാര്‍ മാഷ് പറഞ്ഞുവയ്ക്കാറ്. എന്നാല്‍ ഒരു കാര്യം പറയട്ടെ, പഴയനിയമ ബൈബിള്‍ സംഭവങ്ങളെയും പുതിയനിയമ ബൈബിള്‍ സന്ദേശത്തേയും ജബ്ബാര്‍ മാഷും അനുയായികളും അല്‍പ്പംകൂടി വ്യക്തതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബൈബിളിന്‍റെ ഉള്ളടക്കവും പഴയ-പുതിയനിയമ ഗ്രന്ഥങ്ങളുടെ കാലഘട്ടങ്ങളുടെ പ്രത്യേകത എന്നിവയും പരിശോധിക്കാതെ തെങ്ങിനും കമുകിനും ഒരേ തളപ്പിടന്ന ഈ ശൈലി ഒരു യുക്തിവാദി എന്ന നിലയില്‍ ജബ്ബാര്‍ മാഷിന് ചേരില്ല എന്ന് പറയട്ടെ.

രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ബൈബിളിനെ പഴയനിയമമെന്നും പുതിയനിയമമെന്നും വേര്‍പ്പെടുത്തിയാണ് ക്രൈസ്തവരും ക്രൈസ്തവേതരുമായ പണ്ഡിന്മാരും സാധാരണ വിശ്വാസികളും പരിശോധിക്കുകയും പഠിക്കുകയും ചെയ്യാറുള്ളത്. ഇപ്രകാരം രണ്ട് കാലഘട്ടങ്ങളുടെ വേര്‍തിരിവില്‍ മനസ്സിലാക്കുമ്പോഴും ഒരേലക്ഷ്യത്തിനായി വിരചിതമായ സമഗ്രതയുള്ള ഏക ഗ്രന്ഥമായി ബൈബിള്‍ നിലകൊള്ളുന്നു. ഇതില്‍ പഴയനിയമഗ്രന്ഥങ്ങള്‍ ഇന്നേക്ക് 3400 കൊല്ലങ്ങള്‍ക്ക് മുമ്പ് എഴുതിത്തുടങ്ങിയതാണ്, യേശുക്രിസ്തു ജനിക്കുന്നതിന് നാനൂറ് വര്‍ഷം മുമ്പാണ് അതിലെ ഒടുവിലത്തെ ഗ്രന്ഥമായ മലാക്കി എഴുതിയത്.

അബ്രഹാം കനാനിലെത്തുന്ന ബിസി 1850നും ജോഷ്വായുടെ നേതൃത്വത്തില്‍ ബിസി 1200നു ഇസ്രായേല്‍ ജനം കനാനില്‍ പ്രവേശിക്കുന്നതും ഇടയിലുള്ള കാലഘട്ടത്തിലെ യുദ്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളിലാണ് പോരാട്ടങ്ങളും ഗോത്രസംഘര്‍ഷങ്ങളും പ്രതിപാദിച്ചിരിക്കുന്നത്. എന്നാല്‍ ഇവയൊന്നും പിന്നീടുവരുന്ന യഹൂദ ജനത്തിന് പിന്‍പറ്റുവാനുള്ള നിത്യനിയമമായി ബൈബിളില്‍ കല്‍പ്പിച്ചിട്ടില്ല. മറ്റ് ഗോത്രങ്ങളെ ഇപ്രകാരം കീഴടക്കി അവര്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശങ്ങളും ബൈബിളില്‍ ഇല്ല.

ദാവീദിന്‍റെയും സോളമന്‍റെയും കാലഘട്ടങ്ങളിലേക്ക് വരുമ്പോള്‍ സാംസ്കാരികമായും നീതിബോധത്തിലും ബഹുദൂരം മുന്നേറിയ യഹൂദവിഭാഗത്തെയാണ് നാം കാണുന്നത്. നീതി, നീതിമാന്‍, നീതപാത എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ദാവീദിന്‍റെയും സോളമന്‍റെയും എഴുത്തുകളായ സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാപ്രസംഗി എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളില്‍ 270ലേറെ തവണയാണ് ഉപയോഗിച്ചിരിക്കുന്നത്. “സമാധാനം” എന്ന വാക്ക് പഴയനിയമത്തില്‍ മാത്രം 220ലേറെ തവണയാണ് ഉപയോഗിച്ചിരിക്കുന്നത്. “നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും” എന്ന വചനം ആമോസ് (5:24) എഴുതിയത് BC 700 ലാണ് എന്ന് ഓര്‍ക്കണം.

യുദ്ധങ്ങളും കീഴ്പ്പെടുത്തലുകളും കൊള്ളയും പ്രതിപാദിച്ചിരിക്കുന്ന ഗോത്രവര്‍ഗ്ഗ സംഘര്‍ഷ സംസ്കാരത്തില്‍നിന്ന് എത്രയോ വേഗമാണ് ആധുനികസമൂഹം വച്ചുപുലര്‍ത്തുന്ന ഉന്നതമായ നീതിബോധത്തിന്‍റെയും സത്യസന്ധതയുടെയും സമാധാനത്തിന്‍റെയും നിലവാരത്തിലേക്ക് യഹൂദസമൂഹം കടന്നുവന്നത് എന്നതിനു പഴയനിയമ ബൈബിള്‍ സാക്ഷിയാണ്. തങ്ങള്‍ സേവിക്കുന്നതും തങ്ങളെ വഴിനടത്തുന്നതുമായ യഹോവയായ ദൈവം നീതിമാനാണെന്നും നീതിയുടെ പാതയില്‍ നടക്കേണ്ടവരാണ് തങ്ങളെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. നീതിയും ന്യായവും അടിസ്ഥാനമാക്കിയ സിംഹാസനത്തില്‍ (സങ്കീര്‍ 89:14) വസിക്കുന്ന ദൈവം എന്നത് യഹൂദബോധ്യങ്ങളെ എന്നും പ്രോജ്വലമാക്കിയിരുന്നു. ബിസി 2000 ൽ, ഗോത്രവര്‍ഗ്ഗ സംസ്കാരം നിറഞ്ഞുനിന്ന കാലഘട്ടങ്ങളില്‍ അബ്രഹാം എന്നൊരു വ്യക്തിയെ തെരഞ്ഞെടുത്ത് ആരംഭിച്ച ആത്മീയമുന്നേറ്റം ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടെ സാംസ്കാരികമായും നീതിബോധത്തിലും ശക്തമായി വളര്‍ന്നുവെന്നത് അനിഷേധ്യമായ സത്യമാണ്.

യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിനും പുന:രുത്ഥാനത്തിനും ശേഷം ഇന്നേക്ക് 1900 വര്‍ഷം മുമ്പാണ് പുതിയനിയമഗ്രന്ഥങ്ങള്‍ എഴുതിത്തീരുന്നത്. ഈ ഗ്രന്ഥത്തിന്‍റെ ധാര്‍മികതയും നൈതികതയും കാലാതിവര്‍ത്തിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെന്നല്ല, മനുഷ്യരാശിയുള്ളിടത്തോളം നിലനില്‍ക്കാന്‍ കഴിവുള്ള നീതിബോധമാണ് ബൈബിളിന്‍റെ പ്രത്യേകത. കാലഘട്ടങ്ങളും സംസ്കാരവും മാറുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വരുത്തേണ്ടി വരില്ല. അതിനാല്‍ ഒരുകാലത്തും സുവിശേഷത്തെക്കുറിച്ച് ക്രിസ്ത്യാനിക്ക് ലജ്ജിക്കേണ്ടിയും വരില്ല.

നീതി, സമാധാനം, മനുഷ്യത്വം, മനുഷ്യാവകാശം, സ്ത്രീസമത്വം, മതേതരത്വം, ജനാധിപത്യം എന്നിങ്ങനെയുള്ള എല്ലാ മാനവികമൂല്യങ്ങളും ബൈബിള്‍ സന്ദേശവും ഇതിന്‍റെ വെളിച്ചത്തില്‍ ജീവിച്ച വ്യക്തികളുടെ സംഭാവനയുമാണ്.

ബൈബിള്‍ വിരചിതമായിരിക്കുന്നത് എന്തിനെന്ന് ബൈബിള്‍തന്നെ പറയുന്നത് നോക്കുക: “അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു” (2 തിമോത്തി 3:16,17). യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ ലോകത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യേണ്ടവരാണ് എന്നും അതിനായി നീതിബോധത്തില്‍ ഒരുവനെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് വിശുദ്ധ ബൈബിള്‍ എഴുതപ്പെട്ടിരിക്കുന്നത് എന്നതും ബൈബിള്‍ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്.

ക്രിസ്തു മനുഷ്യനില്‍ ആരംഭിച്ച സദ്പ്രവൃത്തികളുടെ പരസ്യപ്രഖ്യാപനമാണ് ബൈബിള്‍ (ഫിലി 1:4). ക്രൈസ്തവ സഭയുടെ സൗന്ദര്യം എന്നത് സഭ ഭൂമിയില്‍ ചെയ്തുകൊണ്ടിരിക്കുന്ന നീതിപ്രവൃത്തികളാണെന്ന് വെളിപ്പാട് 19:8ല്‍ വായിക്കുന്നു. ഈ വചനത്തോടെല്ലാം നൂറുശതമാനം വിശ്വസ്തത പുലര്‍ത്തിയാണ് ക്രൈസ്തവസഭ ഈ ഭൂമുഖത്ത് ആയിരിക്കുന്നത്. ശ്രീ ജബ്ബാര്‍ മാഷിന് അറിയാത്ത വസ്തുതകള്‍ ഒന്നുമല്ല ഇവയൊന്നും.

യഹൂദന്‍റെ നീതിബോധവും ക്രൈസ്തവന്‍റെ സദ്പ്രവൃത്തികളെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനങ്ങളും ശക്തമായ നിലനിന്നിരുന്ന മക്ക, മദീന പ്രദേശങ്ങളിലാണ് മുഹമ്മദ് എന്നൊരു വ്യക്തി ആറാം നൂറ്റാണ്ടില്‍ അള്ളാഹുവിന്‍റെ പ്രവാചകന്‍ എന്ന പ്രഖ്യാപനത്തോടെ രംഗപ്രവേശം ചെയ്യുന്നത്. ഈ വ്യക്തിയുടെ വെളിപ്പാടുകള്‍ എന്ന പേരിലാണ് ഖുറാന്‍ എഴുതപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ദൈനംദിന മതജീവിത ചര്യകളായിരുന്നുവല്ലോ ഹീദിസുകളിലുള്ളത്. മുഹമ്മദിന് ഖുറാന്‍ വെളിപ്പാടുകള്‍ ലഭിക്കുന്നത് എഡി 610നും 632 നും ഇടയിലാണ് എന്നതാണ് ചരിത്രം. അതായത് പഴയനിയമത്തിലെ ഒടുവിലത്തെ ഗ്രന്ഥവും എഴുതി ആയിരം കൊല്ലത്തിനു ശേഷവും പുതിയനിയമത്തിലെ ഒടുവിലത്തെ ഗ്രന്ഥമെഴുതി 500 കൊല്ലത്തിനു ശേഷവുമാണ് ഖുറാന്‍ എഴുതിയിരിക്കുന്നത്. പഴയനിയമ ബൈബിളില്‍ ഗോത്രവര്‍ഗ്ഗ സംഘര്‍ഷങ്ങളും അധിനിവേശങ്ങളും കൊള്ളയുമെല്ലാം നടന്നതായി കാണുന്നത് ഖുറാന്‍ എഴുതുന്നതിനും രണ്ടായിരം കൊല്ലം മുമ്പുള്ള കാര്യങ്ങളുമാണ്. അതിനാല്‍ ഗോത്രവര്‍ഗ്ഗ സംഘര്‍ഷങ്ങളെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്ന കാലഘട്ടവും ഖുറാനില്‍ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനമായ ഗനീമത്ത് ഉപയോഗിക്കുവാന്‍ തന്നെ അനുവദിച്ചിരിക്കുന്നുവെന്ന് മുഹമ്മദ് പറയുന്ന കാലഘട്ടങ്ങളുടെ വ്യത്യാസങ്ങളും ശ്രീ ജബ്ബാര്‍മാഷ് തിരിച്ചറിയണം. ബൈബിളിൽ ഗോത്രവർഗ്ഗ സംഘർഷങ്ങൾ നടക്കുന്നത് ഇന്നേക്ക് ഏതാണ്ട് 3000 കൊല്ലങ്ങൾക്കു മുമ്പാണ്. ഈ വിഷയത്തിൽ ഖുറാനും ബൈബിളും തമ്മിൽ ഏതാണ്ട് 2000 വർഷത്തെ അകലം ഉണ്ട്. ഈ കാലവ്യത്യാസം തിരിച്ചറിഞ്ഞുകൊണ്ട് വേണം ബൈബിളിന്‍റെ ധാര്‍മികതയെ ഖുറാനമായി ചേര്‍ത്തുവച്ച് വിമര്‍ശിക്കാന്‍. ഖുറാനിലെ ധാര്‍മികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മുസ്ലിം പണ്ഡിതിന്മാര്‍ മറുപടി നല്‍കട്ടെ, അത് എന്‍റെ ഉത്തരവാദിത്വമല്ല.

ഒരു ക്രൈസ്തവന്‍ എപ്രകാരമുള്ള സമ്പത്തുകൊണ്ടാണ് ജീവിക്കേണ്ടത് എന്ന് എഡി 60കളില്‍ എഴുതപ്പെട്ട ബൈബിളിലെ രണ്ടാം തെസലോനിക്ക ലേഖനം മൂന്നാം അധ്യായം ഏഴുമുതലുള്ള വാക്യങ്ങളില്‍ ഇപ്രകാരം കാണുന്നു:

”അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്‍െറ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്ക് അവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അത്തരം ആളുകളോടു കര്‍ത്താവായ യേശുവില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്ത് അപ്പം ഭക്ഷിക്കട്ടെ. സഹോദരരേ, നന്മപ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്സാഹരാകരുത് “

ഇനി ജബ്ബാര്‍ മാഷ് പറയൂ, ബൈബിള്‍ അക്രമത്തിന്‍റെയും കൊള്ളയുടെയും പിടിച്ചുപറയുടെയും ഗ്രന്ഥമാണോ? ഏതു കാലഘട്ടിത്തിനും വേണ്ട സന്ദേശം ഈ ഗ്രന്ഥത്തില്‍ ഇല്ലേ? മറ്റ് ഗോത്രങ്ങളെ കൊള്ളയടിച്ച് പുട്ടടിക്കുന്ന കാര്യമാണോ ബൈബിളിലുള്ളത്?

ബൈബിളിലെ എല്ലാ ധാര്‍മിക വെളിപ്പാടുകളുടെയും പരിപൂര്‍ണ്ണതയായിരുന്നു യേശുക്രിസ്തു. യഹൂദ ഗോത്രവര്‍ഗ്ഗങ്ങളില്‍നിന്ന് ഉടലെടുത്ത ധാര്‍മികബോധം ക്രിസ്തുവില്‍ പൂർണമാക്കപ്പെടുകയും ഈ ക്രൈസ്തവ ധാര്‍മികത മനുഷ്യവംശത്തിലേക്ക് പരന്നൊഴുകുകയും ചെയ്തു. രണ്ടായിരം കൊല്ലം മുമ്പുതന്നെ ഗോത്രവര്‍ഗ്ഗ ധാര്‍മികതയെ ക്രൈസ്തവസമൂഹം കൊയൊഴിഞ്ഞു. പല്ലിനു പകരം പല്ല്, കണ്ണിനു പകരം കണ്ണ് എന്ന പ്രതികാരനീതിയില്‍നിന്നും ശത്രുവിനെ സ്നേഹിക്കുക, പീഡിപ്പിക്കുന്നവനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ക്രിസ്തുബോധത്തില്‍ നിമഞ്ജനം ചെയ്ത നീതിബോധത്തിന്‍റെ അത്യുന്നതിയിലേക്ക് മനുഷ്യവര്‍ഗ്ഗത്തെ മാറ്റിസ്ഥാപിക്കാന്‍ ബൈബിള്‍ വഹിച്ച പങ്ക് എത്രയോ വലുതാണ് എന്നത് വിസ്മരിക്കരുത്. ഇന്നും കണ്ണിനു പകരം കണ്ണെടുക്കുന്ന വിധത്തില്‍ മനുഷ്യനെ പ്രാകൃതഗോത്രസംസ്കാരത്തിലേക്ക് നയിക്കുന്ന ചില മതഗ്രന്ഥങ്ങളും അവയുടെ സ്വാധീനവും ലോകത്തു ശക്തിപ്പെടുമ്പോൾ, ധാര്‍മികതയുടെയും നീതിബോധത്തിന്‍റെയും മാനവികതയുടെയും പ്രതിരൂപമായ ബൈബിളുമായി അവയെയെല്ലാം അങ്ങ് താരതമ്യം ചെയ്യുന്നത് നീതീകരിക്കകാനാവാത്ത വിവരക്കേട് അല്ലാതെ എന്താണ് പറയേണ്ടത്?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments