Saturday, July 27, 2024
No menu items!
Homeഅനുസ്‌മരണംമാര്‍ പവ്വത്തില്‍: വൈവിധ്യത്തിന്‍റെ വിശുദ്ധി പ്രഘോഷിച്ച ഇടയൻ

മാര്‍ പവ്വത്തില്‍: വൈവിധ്യത്തിന്‍റെ വിശുദ്ധി പ്രഘോഷിച്ച ഇടയൻ

ഡോ പി.സി അനിയന്‍കുഞ്ഞ്

വൈവിധ്യമാണ് പ്രപഞ്ചത്തിന്‍റെ ക്രമവും മുഖമുദ്രയും. ദൈവമാണ് ഈ വൈവിധ്യത്തിന്‍റെ സൃഷ്ടാവ് എന്നതിനാല്‍ ഈ സൃഷ്ടിവൈവിധ്യങ്ങളുടെ ഉദ്ദേശം വിശുദ്ധമാണ്. അതു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍ സൃഷ്ടാവിനെയും അതോടൊപ്പം നിത്യജീവനും ഉറപ്പാക്കുന്നു. ഇന്ത്യപോലുള്ള ഒരു ഉപഭൂഖണ്ഡത്തില്‍ ഈ വൈവിധ്യം കൂടുതല്‍ പ്രകടമാണ്. ഭാഷയിലും വേഷത്തിലും സംസ്കാരത്തിലും കലയിലും മതവിശ്വാസരീതികളിലും മാമൂലുകളിലുമുള്ള വൈവിധ്യം അത്ഭുതാവഹമാണ്. ഈ വൈവിധ്യത്തിന്‍റെ പാലനവും പോഷണവുമാണ് രാജ്യത്തിന്‍റെ നിര്‍മ്മതിയും വളര്‍ച്ചയും ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. സമൂഹത്തിലും രാഷ്ട്രത്തിലും ലോകസമൂഹത്തിലും പ്രകടമായിരിക്കുന്ന ഈ വൈവിധ്യത്തിൻ്റെ ജീവാത്മകതയും സൃഷ്ടിപരതയും തിരിച്ചറിഞ്ഞു നേതൃത്വം നല്‍കുന്ന അജപാലകരും രാഷ്ട്രീയനേതാക്കളും എക്കാലവും ദൈവോന്മുഖതയുടെ വക്താക്കളും പ്രചാരകരുമാണ്. അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവ് തൻ്റെ ജീവിതരീതികള്‍കൊണ്ടും പ്രബോധനം കൊണ്ടും ഈ പരിപ്രേഷ്യത്തിന്‍റെ വക്താക്കളില്‍ ഒന്നാമനായിരുന്നു. പിതാവിന്‍റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ഒന്നാം വാര്‍ഷികത്തില്‍ (18:03.2024) ഈ ചിന്ത നമ്മെ പ്രത്യേകമായി സ്വാധീനിക്കുന്നു.

സാര്‍വ്വത്രിക സഭയുടെ ഐക്യം വൈവിധ്യത്തിലുള്ള ഐക്യമാണെന്ന സഭയുടെ പ്രബോധനം അഭിവന്ദ്യ പിതാവിന്‍റെ മേല്‍പറഞ്ഞ ബോധ്യത്തെ ശരിവയ്ക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭ മശിഹായുടെ മൗതികശരീരമാണ്. ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിശ്വാസം ഒന്ന്, കൂദാശകള്‍ ഒന്ന്, ഭരണരീതിയും ഒന്ന്. ഇതുവഴി വിശ്വാസികള്‍ പരിശുദ്ധാത്മാവില്‍ സജീവമായി സംയോജിക്കപ്പെട്ടിരിക്കുകയാണ്. വിശ്വാസികള്‍ വിവിധ സമൂഹങ്ങളായി ഹയരാര്‍ക്കിയുടെ കീഴില്‍ പ്രാദേശിക സഭകള്‍ അല്ലെങ്കില്‍ റീത്തുകളായി സമ്മേളിച്ചിരിക്കുന്നു. ഈ സഭകള്‍ തമ്മില്‍ പ്രശംസനീയമായ ബന്ധം പുലര്‍ത്തുന്നുണ്ട്. അതിനാല്‍ വൈവിധ്യങ്ങള്‍ സഭയുടെ ഐക്യത്തെ തകര്‍ക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത് എന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നു. (പൗരസ്ത്യ സഭകള്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍)

സഹോദരസഭകളോടും ഇതരമതങ്ങളോടും സഹകരിക്കുന്നതിനും സൗഹാര്‍ദ്ദപരമായി ബന്ധം പുലര്‍ത്തുന്നതിനും പവ്വത്തില്‍ പിതാവിന് കഴിഞ്ഞിരുന്നു. ഇത് വൈവിധ്യത്തെ മാനിക്കാനുള്ള തന്‍റെ അടിസ്ഥാന ജീവിതബോധ്യം മൂലമായിരുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു ബോധ്യമുള്ളവര്‍ക്കാണ് മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും മാനിക്കാനും കഴിയുന്നത്. സ്വന്തം വിശ്വാസം ശക്തമായി മുറുകെപ്പിടിക്കുകയും എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ വൈവിധ്യത്തിലൂടെയുള്ള ഐക്യത്തിന്‍റെ പൊരുള്‍ മനസ്സിലാക്കാത്തവരാണ്. തനിക്ക് ജീവിതം സഭയാണെന്ന് ഉറച്ചു വിശ്വസിച്ചു ജീവിക്കുമ്പോഴും മാതൃസഭയുടെ പൈതൃകസംരക്ഷണത്തിനായി നിലനിന്നപ്പോഴും മറ്റ് സഭാപാരമ്പര്യങ്ങളെയും മതവിശ്വാസങ്ങളെയും മാനിക്കാന്‍ പിതാവ് അതീവശ്രദ്ധയും താല്‍പര്യവും പുലര്‍ത്തിയിരുന്നു.

സഭൈക്യരംഗത്തുള്ള അഭിവന്ദ്യ പിതാവിന്‍റെ നേതൃത്വവും സംഭാവനകളും പൊതുസ്വീകാര്യതയും പ്രശംസനീയമാണ്. സഭൈക്യം അഥവാ എക്യൂമെനിസത്തിന്‍റെ ശരിയായ അര്‍ത്ഥം ഗ്രഹിച്ച വൈദികശ്രേഷ്ഠനായിരുന്നു പവ്വത്തിൽ പിതാവ്. സഭൈക്യമെന്നാല്‍ എല്ലാ സഭാവിഭാഗങ്ങളും ഒരു മേലധ്യക്ഷന്‍റെ കീഴില്‍ വരികയെന്നതല്ല, എല്ലാവരെയും അവരുടെ നിലയില്‍തന്നെ കാണുകയും എന്നാല്‍ ഒരേ പിതാവായ ദൈവത്തിന്‍റെ മക്കളാണെന്ന ചിന്തയില്‍ പരസ്പരം കരുതുകയും ചെയ്യുന്നതാണ്. “ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍” എന്ന പേരിൽ സഭൈക്യ പ്രവര്‍ത്തനങ്ങൾക്ക് ഒരു പൊതുവേദി ജന്മംകൊണ്ടത് അഭിവന്ദ്യ പിതാവിന്‍റെ ഈ ബോധ്യത്തില്‍നിന്നാണ്.

വൈവിധ്യത്തിലൂടെയുള്ള ഐക്യത്തിന്‍റെ വിശുദ്ധി നെഞ്ചേറ്റിയ അഭിവന്ദ്യ പിതാവ് വിവിധ മതവിശ്വാസങ്ങളുടെ വേദിയായി “ഇന്‍റര്‍ റിലിജിയസ് ഫെലോഷിപ്പ് ഫൗണ്ടേഷന്‍” ആരംഭിച്ചതും ഈ ബോധ്യത്തിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയുമായിട്ടായിരുന്നു.

പൊതുനന്മയ്ക്കായി നമുക്ക് ജാതിമത രാഷ്ട്രീയ ഭേദമെന്യ പലതും ചെയ്യാനുണ്ട് എന്ന് അദ്ദേഹത്തിന്‍റെ ജീവിതം നമ്മോടു വിളിച്ചു പറയുന്നു. രാഷ്ട്രത്തിന്‍റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും ഭരണഘടന നൽകുന്ന അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടിരുന്നു. ചങ്ങനാശ്ശേരിയില്‍ മറ്റാരും ഉണരും മുമ്പേ ഉണര്‍ന്ന്, വർത്തമാനപത്രങ്ങളിലൂടെ പ്രകടമാകുന്ന മറ്റുള്ളവരുടെ സ്വരം കേള്‍ക്കുവാനും അതിനോടു സംവാദിക്കുവാനും പ്രതികരിക്കുവാനും എല്ലാവരേയും ക്രിയാത്മകമായി വളര്‍ത്തുവാനുമുള്ള പിതാവിന്‍റെ സാമൂഹിക ജാഗ്രതയുടെ കരുത്ത് അതുല്യമായിരുന്നു.

തനിക്കെതിരേ ഉയരുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കും തെറ്റായ പ്രചാരണങ്ങള്‍ക്കും മുമ്പില്‍ ശാന്തതയോടും സൗമ്യതയോടും കൂടെ നിലകൊള്ളാന്‍ കഴിഞ്ഞതിന്‍റെ മൂലകാരണം അഭിവന്ദ്യ പിതാവിന്‍റെ വിശ്വാസതീക്ഷ്ണതയും സഭയോടൊത്തുള്ള ജീവിതവും യോഗീതുല്യമായ ലാളിത്യവും വിശുദ്ധിയുമായിരുന്നു. ഈ ജീവിതവിശുദ്ധി കാത്തു സൂക്ഷിച്ചുകൊണ്ട് അന്ത്യംവരെയും മാതൃകാ ജീവിതം നയിച്ച്, നമ്മെ കടന്നുപോയിരിക്കുന്ന അഭിവന്ദ്യ പവ്വത്തിൽ പിതാവിൻ്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഒരാണ്ട്!

ഞങ്ങളുടെ ജീവിതംകൊണ്ടു കണ്ടെത്താന്‍ കഴിയാത്ത അമൂല്യനിധികള്‍ സമ്മാനിച്ച പ്രിയ പിതാവിൻ്റെ പാവനസ്മരണയ്ക്കു മുന്നിൽ പ്രണാമം!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments