Saturday, July 27, 2024
No menu items!
Homeഅനുസ്‌മരണംനീതിക്കുവേണ്ടി വിശന്നും ദാഹിച്ചും പോരാടിയ വൈദികൻ

നീതിക്കുവേണ്ടി വിശന്നും ദാഹിച്ചും പോരാടിയ വൈദികൻ

82-ാം വയസിൽ മാവോയിസ്റ്റ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, 84-ാം വയസിൽ – 2021 ജൂലൈ 5 ന് തടവിൽ കഴിയുമ്പോൾ നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു – ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് 2020 ഒക്ടോബർ 8ന് അറസ്റ്റ് ചെയ്യപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ അന്ത്യനാളുകൾ ഇപ്രകാരമായിരുന്നു.

ഫാ. സ്റ്റാൻ സ്വാമി വിടവാങ്ങിയിട്ട് ജൂലൈ 5ന് ഒരാണ്ട് തികയുന്നു. നീതിയുടെ പക്ഷത്ത് നിർഭയനായി നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന് ലഭിക്കാവുന്ന ഭാഗ്യകരമായ അന്ത്യം തൻ്റെ കർമഭൂമിയിൽ എരിഞ്ഞടങ്ങുക എന്നതാണെന്ന മഹനീയസാക്ഷ്യം ഉയർത്തിപ്പിടിച്ച് നിർഭയനായി അദ്ദേഹം കടന്നുപോയി.

ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ അമ്പത് വർഷത്തിലധികമായി ഫാ. സ്റ്റാൻ സ്വാമി പ്രവർത്തിച്ചു. ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നതിനാൽ അദ്ദേഹം ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായി മാറി. അവർ അദ്ദേഹത്തെ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവറയിലാക്കി.

തൻ്റെ കംപ്യൂട്ടറിൽ ബാഹ്യശക്തികൾ നിക്ഷേപിച്ച ചില ഡോക്യൂമെൻ്റുകളെ തെളിവാക്കിയെടുത്താണ് തന്നേ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഫാ. സ്റ്റാൻ സ്വാമി അവസാന നിമിഷം വരെ വാദിച്ചു. വർദ്ധക്യവും പാർക്കിൻസൺസും ബാധിച്ച് അവശനായ ആ വ്യദ്ധൻ്റെ ദുർബല ശബ്ദത്തിന് നീതിയെ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൻ്റെ വേർപാടിനു ശേഷം തൻ്റെ വാദങ്ങളെല്ലാം ശരിയായിരുന്നു എന്ന് സകലർക്കും ബോധ്യമാവുകയും ചെയ്തു.

“ലോകത്തിൻ്റെ വെളിച്ചമാവുക” എന്നതാണ് ക്രൈസ്തവൻ്റെ വിളിയും ദൗത്യവുമെന്നു സകലരേയും ഓർമിപ്പിക്കുന്നതായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം. ഈ സത്യം ശക്തമായി അദ്ദേഹം തൻ്റെ കർമ്മഭൂമിയിൽ പ്രഘോഷിച്ചു. അതിനാൽ വാർദ്ധക്യത്തിൻ്റെ അവശതയിൽ തളർന്നിരിക്കുമ്പോഴും ഭരണകൂടം അദ്ദേഹത്തെ ഭയന്നു. കെട്ടിച്ചമച്ച കുറ്റങ്ങൾ ആരോപിച്ച് അവർ അദ്ദേഹത്തെ ജയിലിലടച്ചു. ഒരു പാർക്കിൻസൺ രോഗിക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു. മരണത്തിന് അപ്പുറത്തേക്കു നീളുന്ന ജീവിതത്തിലുള്ള ക്രിസ്തീയപ്രത്യാശയ്ക്ക് തടയിടാൻ തടവറയ്ക്കോ ബന്ധനങ്ങൾക്കോ കഴിയില്ല എന്ന വിശ്വാസബോധ്യത്തോടെ അന്തിമനിമിഷം വരെയും അദ്ദേഹം നീതിക്കുവേണ്ടി ഏറെ വിശപ്പും ദാഹവും സഹിച്ചുകൊണ്ടിരുന്നു.

മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരപരിവേഷങ്ങളില്ലാതെ, ആരാലും അറിയപ്പെടാതെ ഝാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ നീതിക്കും മാനവികതയ്ക്കും തുല്യതയ്ക്കും വേണ്ടി മാനുഷിക പ്രത്യയശാസ്ത്രങ്ങളുടെ പിൻബലമില്ലാതെ ക്രിസ്തു ശിഷ്യത്വത്തിൽ നിലനിന്നുകൊണ്ടാണ് ഫാ. സ്റ്റാൻ പടനയിച്ചത്. ഇപ്രകാരമൊരു വൈദികൻ വടക്കേയിന്ത്യയിൽ ജീവിക്കുന്നുവെന്ന് ലോകം അറിഞ്ഞത് താൻ അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാത്രമായിരുന്നു. നിശ്ശബ്ദനായി സർവ്വവും സഹിച്ചുകൊണ്ട് ക്രിസ്തുവിൻ്റെ കാലടികളെ പിൻപറ്റിയ ഒരു വിശ്വസ്ത ശിഷ്യനായിരുന്നു ഫാ. സ്റ്റാൻ സ്വാമി.

ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് അതീതമായി സകലമനുഷ്യനും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന ക്രൈസ്തവ വിശ്വാസത്തിന് ഫാ. സ്വാമി സാക്ഷ്യം വഹിച്ചു. സമൂഹം ഭ്രഷ്ട് കൽപ്പിക്കുന്നവരോടൊത്ത് ജീവിക്കുകയും അവരോടൊത്ത് ദിവ്യരക്ഷകൻ്റെ ശരീര-രക്തങ്ങളുടെ പന്തിഭോജനത്തിന് ഒത്തുകൂടുകയും ചെയ്തു.

ബഹുമാന്യ വൈദികാ, അങ്ങ് ക്രിസ്തുവിൽ വിശ്രമിക്ക; ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്‌ക്കും നിത്യനിന്ദയ്‌ക്കുമായി ഉണരുകയും ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുന്ന നാൾവരെയും, “നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന മഹത്ശബ്ദത്തിന് ചെവിയോർത്ത് അങ്ങ് വിശ്രമിക്ക!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments