കൊലക്കത്തി ആഴ്ന്നിറങ്ങാൻ ഒരു നിമിഷം മാത്രം അവശേഷിക്കുന്നു; അവനിലെ ക്രിസ്തുബോധം അതിൻ്റെ പാരമ്യതയിൽ ആയിരുന്നു!
“സ്വര്‍ഗത്തിലേക്കു തലയുയർത്തി നോക്കി ദൈവത്തിന്റെ മഹത്വം ദര്‍ശിക്കുവാനോ ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതു കാണുവാനോ” കഴിയുംവിധം തല ഉയർത്തിപ്പിടിക്കാൻ അവൻ്റെ ആരാച്ചാർ അവനെ അനുവദിച്ചില്ല. തല ഉയർത്താൻ കഴിഞ്ഞില്ലെങ്കിലും സ്തെഫാനോസിനെപ്പോലെ അവൻ ദൈവമഹത്വത്തെയും വലതുഭാഗത്ത് ക്രിസ്തു നിൽക്കുന്നതും കണ്ടു!
“ത്രെഫൊന്താന”യിൽ തല താഴ്ത്തി നിന്ന പൗലോസിനെ അവൻ ഓർമിപ്പിച്ചു!
“മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തുവെങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു” എന്ന പ്രവാചകശബ്ദത്തെ അന്വർത്ഥമാക്കിയവനെ പിൻപറ്റിയതിനാൽ അവനും നിശ്ശബ്ദനായിരുന്നു!
“നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം” തൻ്റെ ജീവിതത്തിൽ സമാഗതമായി എന്ന് ഇതിനോടകം അവൻ തിരിച്ചറിഞ്ഞു
നീ കത്തോലിക്കനോ ഓർത്തഡോക്സോ പ്രൊട്ടസ്റ്റൻ്റോ എന്ന് ആരാച്ചാർ അവനോട് ചോദിച്ചില്ല, നിൻ്റെ ആരാധനക്രമത്തിന് കിഴക്കിനോടോ പടിഞ്ഞാറിനോടോ ആഭിമുഖ്യം എന്നും ആരാഞ്ഞില്ല; പക്ഷേ അവൻ ”ക്രിസ്ത്യാനി”യാണെന്ന് കൊലയാളി സംഘം തിരിച്ചറിഞ്ഞിരുന്നു; അക്കാര്യം വളരെ മുന്നമേ അവൻ അവരോട് സമ്മതിച്ചിരുന്നുവല്ലോ!
താൻ പിടിക്കപ്പെട്ടതു മുതൽ അവൻ ഒരു തിരുവചനം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു, അത് ഉരുവിടാൻ സമയമായെന്ന് അവൻ തിരിച്ചറിഞ്ഞു, ചുണ്ടനക്കാതെ ഒടുവിലായി അവൻ അത് മൊഴിഞ്ഞു ”പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” ഇതു പറഞ്ഞ് തീരുമ്പോഴേക്കും അവൻ്റെ ശിരസ് ഉടലിൽ നിന്ന് വേർപെട്ടിരുന്നു!
കൊല്ലപ്പെടാൻ ‘ക്രിസ്ത്യാനി’ എന്ന ഒരു പേരു മാത്രം കാരണമാകുന്ന ലോകം അനുദിനം വിശാലമായിക്കൊണ്ടിരിക്കുമ്പോൾ, അവനെപ്പോലെ…!
ഞാനും അവനായി മാറിയിരുന്നെങ്കിൽ…!
(ചിത്രത്തിന് കടപ്പാട്)