കമ്യൂണിസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച യുവാവായിരുന്നു രാമന്‍പിള്ള കൃഷ്ണന്‍കുട്ടി യാദവ്. കമ്യൂണിസ്റ്റ് ഭ്രാന്ത് കലശലായപ്പോള്‍ ഒരു പേനയെടുത്ത് കൈത്തണ്ടയില്‍ കുത്തിയിറക്കി, സ്വന്തം ചോരയില്‍ മുക്കി അദ്ദേഹം കുറിച്ചിട്ടു “ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്” കമ്യൂണിസ്റ്റ് തീഷ്ണതയില്‍ ജ്വലിച്ചുനിന്നിരുന്ന കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലേക്ക് നസറായന്‍ കടന്നുവന്നു, അതോടെ തന്‍റെ ജീവിതദര്‍ശനവും കര്‍മ്മമണ്ഡലവും മുദ്രാവാക്യവും അദ്ദേഹത്തിന് തിരുത്തേണ്ടിവന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ മഹത്വം തിരിച്ചറിഞ്ഞ കൃഷ്ണന്‍കുട്ടി, ഒരു പ്രതിക്രിയ എന്നോണം വീണ്ടുമൊരു പേനയെടുത്ത് കൈത്തണ്ടയില്‍ കുത്തിയിറക്കി; യൗവ്വനതീഷ്ണതയാല്‍ ചീറ്റിത്തെറിച്ചുവരുന്ന ചുടുചോരയെ സാക്ഷിനിര്‍ത്തി പ്രസ്താവിച്ചു:
“ജീവിച്ചാല്‍ ക്രിസ്തുവിനുവേണ്ടി,
പ്രവര്‍ത്തിച്ചാല്‍ ക്രിസ്തുവിനുവേണ്ടി,
മരിച്ചാല്‍ ക്രിസ്തുവിനുവേണ്ടി”
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ രാമന്‍പിള്ള യാദവെന്ന ജന്മിയുടെയും മാളിവള്ളിയമ്മയുടെയും മകനായി 1936-ലാണ് കൃഷ്ണന്‍കുട്ടിയുടെ ജനനം. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നതിനാല്‍ സര്‍ സിപിക്കെതിരേയുള്ള പി. നീലകണ്ഠപിള്ളയെന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസംഗത്തില്‍ ആകൃഷ്ടനായി ഏഴാംക്ലാസില്‍ പഠനം ഉപേക്ഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് കൃഷ്ണന്‍കുട്ടി പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്നത്. കോൺഗ്രസ് പ്രവർത്തനത്തിന് ഇറങ്ങിയതോടെ പ്രൈമറി വിദ്യാഭ്യാസത്തോടെ ഔപചാരികവിദ്യാഭ്യാസം ഉപേക്ഷിച്ചുവെങ്കിലും വായനയും പുസ്തകങ്ങളും കൃഷ്ണന്‍കുട്ടിയുടെ ലോകത്തെ അനുദിനം വിശാലമാക്കിക്കൊണ്ടിരുന്നു. കുടിയാന്മാരോടുള്ള ജന്മിമാരുടെ പെരുമാറ്റം അദ്ദേഹത്തെ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തോട് അടുപ്പിച്ചു. കമ്യൂണിസം കൃഷ്ണൻകുട്ടിയിൽ ലഹരി പോലെ പടർന്നു പിടിക്കുന്ന സമയത്താണ് യേശുദാസന്‍ എന്ന സുഹൃത്തു വഴി യേശുക്രിസ്തുവിനേക്കുറിച്ചും സുവിശേഷത്തേക്കുറിച്ചും അദ്ദേഹം കേൾക്കുന്നത്. വിമര്‍ശനബുദ്ധിയോടെ ആദ്യമായി ബൈബിള്‍ വായിക്കാന്‍ തുടങ്ങിയ കൃഷ്ണന്‍കുട്ടിയുടെ ജീവിതം, ബൈബിള്‍ വായനയുടെ ഒടുവിലേക്കു വരുമ്പോൾ കീഴ്മേൽ മാറിമറിയുന്നതാണ് പിന്നീട് കാണുന്നത്. ഒടുവില്‍ 1959 ഡിസംബര്‍ 27ന് ക്രിസ്തുശിഷ്യത്വത്തിന്‍റെ പാതയിലേക്ക് കൃഷ്ണന്‍കുട്ടി തന്‍റെ ജീവിതയാത്രയുടെ ഗതി തിരിച്ചുവിട്ടു.
അരനൂറ്റാണ്ടു നീണ്ട സുവിശേഷ പ്രസംഗകാലം ക്രിസ്തുമൊഴികളുടെ പ്രചാരകനായി മലയാളക്കരയിലെയും വിദേശ രാജ്യങ്ങളിലേയും സുവിശേഷപ്രസംഗ വേദികളെ പ്രകമ്പനംകൊള്ളിച്ച ആര്‍ കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍, നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് മാര്‍ച്ച് 29ന് അഞ്ചുവര്‍ഷം തികയുന്നു.
സുഹൃത്തുക്കളും സുവിശേഷലോകവും “ആര്‍.കെ” എന്നു ചുരുക്കപ്പേരില്‍ വിളിച്ചിരുന്ന ആര്‍ കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ വെട്ടിത്തുറന്ന പാതയിലൂടെയാണ് മലയാളികളായ ക്രിസ്ത്യന്‍ അപ്പോളജറ്റികള്‍ ഇന്ന് സഞ്ചരിക്കുന്നത്. ഈ പാതയില്‍ ഇന്ന് നൂറുകണക്കിന് വിശ്വാസവീരന്മാരെ കാണാന്‍ കഴിയും. സുവിശേഷ രണാങ്കണത്തില്‍ ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊണ്ട് വിശ്വാസസംരക്ഷകരായി പടനയിക്കുന്ന നിരവധി ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകൾ ഇന്ന് എല്ലാ ക്രൈസ്തവസഭാ വിഭാഗങ്ങളിലുമായുണ്ട്. എം.എം അക്ബര്‍ എന്ന ഇസ്ളാമിക പ്രഭാഷകൻ ഉയര്‍ത്തിയ എല്ലാ ചോദ്യശരങ്ങളെയും സധൈര്യം നേരിട്ട ക്രിസ്ത്യൻ അപ്പോളജിസ്റ്റുകള്‍ ഇപ്പോള്‍ അക്ബറുടെ പ്രത്യയശാസ്ത്ര ഭൂമികയിലേക്ക് ഇരച്ചുകയറി അതിനെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. മതസംവാദക ലോകത്തെ സമാനതകളില്ലാത്ത ക്രിസ്ത്യന്‍ മുന്നേറ്റമാണ് തിരുവട്ടാര്‍ തിരോഭവിച്ചതിനു ശേഷമുള്ള അഞ്ചുവര്‍ഷങ്ങളില്‍ കേരളസമൂഹം കണ്ടുകൊണ്ടിരിക്കുന്നത്.
വെളുത്ത മുണ്ടും കൈമുട്ടിനു മുകളിലേക്ക് ചുരുട്ടിവച്ചിരിക്കുന്ന വട്ടക്കഴുത്തുള്ള ജുബയും ധരിച്ചുകൊണ്ട് തിരുവട്ടാര്‍ പ്രസംഗവേദിയിലേക്ക് വന്നാല്‍ പിന്നെ മണിക്കൂറുകള്‍ കടന്നുപോകുന്നത് അറിയില്ല. സുവിശേഷ സത്യങ്ങളുടെ നിസ്തുല്യത സ്ഥാപിക്കുന്നതിനുവേണ്ടി ലോകചരിത്രവും കമ്യൂണിസവും ഹിന്ദുപുരാണങ്ങളും ഖുറാനുമെല്ലാം ആ പ്രസംഗവേദിയില്‍ ഉയര്‍ന്നു കേള്‍ക്കും. മുഷ്ടി ചുരുട്ടി ആശയങ്ങളെ ഉറപ്പിച്ചും വിരല്‍ ചൂണ്ടി തന്‍റെ ബോധ്യങ്ങളെ അനുവാചകരുടെ ഹൃദയഫലകങ്ങളില്‍ കോറിയിട്ടുംകൊണ്ട് സുവിശേഷപ്രസംഗവേദികളെ പ്രകമ്പനം കൊളളിക്കുകയായിരുന്നു അദ്ദേഹം. വചനപാണ്ഡിത്യംകൊണ്ടും വാഗ്വിലാസംകൊണ്ടും ധീരതകൊണ്ടുമായിരുന്നു തിരുവട്ടാര്‍ ക്രൈസ്തവലോകത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍റെ ശരീരഭാഷയും പൗലോസ് അപ്പൊസ്തൊലന്‍റെ വിശ്വാസ തീഷ്ണതയും വേദപുസ്തകത്തിലുള്ള അഗാധജ്ഞാനവും കാവ്യഭംഗിയോടെ മലയാളം, തമിഴ് ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ സുവിശേഷ പ്രസംഗവേദികളില്‍ വ്യത്യസ്തനാക്കി.
ധീരതയായിരുന്നു തിരുവട്ടാറിന്‍റെ മുഖമുദ്ര. എതിരാളി എത്രമേല്‍ ശക്തനാണെങ്കിലും തനിക്കു ബോധ്യമായ സത്യം വിളിച്ചു പറയാന്‍ അദ്ദേഹം മടിച്ചില്ല. ഒരിക്കല്‍ സുവിശേഷവിരോധികള്‍ ആക്രമിക്കാന്‍ സംഘം ചേര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു “എന്നെ കുത്തണോ, എങ്കില്‍ അത് എന്‍റെ നെഞ്ചിലാവണം. ആ കഠാര എന്‍റെ ഹൃദയത്തില്‍ ഇറങ്ങണം. അവിടെനിന്ന് ചീറ്റിവരുന്ന രക്തവും യേശുവിനെ പ്രഘോഷിക്കുന്നതായിരിക്കും. ഓര്‍ത്തോളൂ, ആ ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരം കൃഷ്ണന്‍കുട്ടിമാര്‍ ഉയിര്‍ത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിക്കും” ആരായിരുന്നു ആര്‍ കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ എന്ന ചോദ്യത്തിന് “ധീരനായ ഒരു സുവിശേഷകനായിരുന്നു കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍” എന്ന ഒരേയൊരു ഉത്തരമേ അദ്ദേഹത്തിന് യോജിക്കുകയുള്ളൂ.
“നിച്ച് ഓഫ് ട്രൂത്ത്” എന്ന സംഘടനയിലൂടെ “സ്നേഹസംവാദം” എന്ന പേരില്‍ എം.എം. അക്ബര്‍ കേരളത്തിലുടനീളം നടത്തിയ ക്രൈസ്തവ വിരുദ്ധ പ്രചാരണങ്ങളെയെല്ലാം സധൈര്യം നേരിട്ടുകൊണ്ട് ആദ്യമായി രംഗത്തു വന്നത് കൃഷ്ണൻകുട്ടി തിരുവട്ടാര്‍ ആയിരുന്നു. ബൈബിള്‍ പോലെതന്നെ ഖുറാനും പഠിച്ചുകൊണ്ടായിരുന്നു തിരുവട്ടാര്‍ അക്ബറേ നേരിട്ടത്. അക്ബറിന്‍റെ വാദങ്ങളെ പൊളിച്ചടുക്കി തിരുവട്ടാര്‍ രംഗപ്രവേശം ചെയ്തതോടെയാണ് നിച്ച് ഓഫ് ട്രൂത്തും എം.എം. അക്ബറും പ്രചരിപ്പിക്കുന്നതെല്ലാം ഉണ്ടയില്ലാ വെടികളാണെന്ന് മലയാളിസമൂഹം തിരിച്ചറിഞ്ഞത്. നിച്ച് ഓഫ് ട്രൂത്തിനെതിരേയുള്ള തിരുവട്ടാറിന്‍റെ പെരുമ്പാവൂര്‍ പ്രസംഗമാണ് വാസ്തവത്തില്‍ അക്ബറിന്‍റെ തേരോട്ടത്തന് അന്ത്യം കുറിച്ചത്. ഖുറാനും അനുബന്ധ ഗ്രന്ഥങ്ങളും ആഴത്തില്‍ പഠിച്ച് തിരുവട്ടാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു മുന്നില്‍നിന്ന് അക്ബര്‍ ഓടിയൊളിച്ചു. ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിക്കാനും പ്രതിയോഗിയെ ഭയക്കാതെ മറുപടി പറയാനുമുള്ള തിരുവട്ടാര്‍ ശൈലിയാണ് പിന്നീട് എല്ലാ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകളും പിന്തുടര്‍ന്നത്. തിരുവട്ടാറിൽ നിന്ന് ദീപശിഖയേന്തിയ നൂറുകണക്കിന് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ വിശ്വാസസംരക്ഷകരായി കളംനിറഞ്ഞ് നില്‍ക്കുമ്പോള്‍ അക്ബറും സംഘവും എവിടെപ്പോയി ഒളിച്ചുവെന്നാണ് പലരും ഇന്ന് അന്വേഷിക്കുന്നത്.
എം.എം. അക്ബറുടെ വാദങ്ങളെ അക്ബറുടെ തട്ടകമായ പെരുമ്പാവൂരില്‍ ചെന്ന് വേദികെട്ടിയാണ് തിരുവട്ടാര്‍ ഖണ്‍ഡിച്ചത്. ക്രിസ്ത്യന്‍ -ഇസ്ലാം സംവാദത്തില്‍ തിരുവട്ടാറിനെ പരാജയപ്പെടുത്താന്‍ കഴിയില്ല എന്ന വസ്തുത തിരിച്ചറിഞ്ഞ അക്ബറും സംഘവും തിരുവട്ടാറിന് കടുത്ത വാര്‍ദ്ധക്യം ആകുന്നതുവരെ കാത്തിരുന്നു. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യരോഗങ്ങളുമായി വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ അക്ബറിന്‍റെ അനുചരന്മാരില്‍ ചിലര്‍ തന്ത്രപൂര്‍വ്വം സമീപിച്ചു. അദ്ദേഹത്തിന് ചിന്താശേഷി കുറഞ്ഞതും ഓര്‍മ്മക്കുറവുണ്ടെന്നതും അവര്‍ തിരിച്ചറിഞ്ഞു. ഇത്തരമൊരു അവസരം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചുകൊണ്ട് അവര്‍ അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്തു, അവിടെ അദ്ദേഹം പറഞ്ഞ ചില നാവുപിഴകളെ പര്‍വ്വതീകരിച്ച് പ്രസിദ്ധീകരിച്ചുകൊണ്ടാണ് അക്ബറും കൂട്ടാളികളും തിരുവട്ടാറിനോടുള്ള തങ്ങളുടെ പരാജയത്തിലെ ജാള്യത മറച്ചത്.
ബ്രദര്‍ ആര്‍ കൃഷ്ണന്‍കുട്ടി തിരുവട്ടാറിന്‍റെ ഭൗതികശരീരം വാളകം ബ്രദറണ്‍ സഭയുടെ സെമിത്തേരിയില്‍ ഇപ്പോള്‍ അന്ത്യവിശ്രമം കൊളളുന്നു. ഭാര്യ: കൃഷ്ണഗിരി കാവനാക്കുടിയില്‍ എല്‍സി. മക്കള്‍: കൃപജ, ക്രിസ്. “ഭാരതീയ മതസംഗ്രഹം”, “ചരിത്രപുരുഷനായ ക്രിസ്തു”, “അപ്പൊസ്തൊലനായ പൗലോസ്” എന്നിങ്ങനെ 50-ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സുവിശേഷ പ്രപാചരണത്തിനുവേണ്ടി അദ്ദേഹം ആരംഭിച്ച “ധര്‍മ്മദീപ്തി” മാസിക ഇപ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കണമെന്ന ആഗ്രഹമുണ്ടെന്ന് മകന്‍ ക്രിസ് യാദവ് പറഞ്ഞു. കൂടാതെ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം ചെയ്യുന്നതിന് തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി ഫൗണ്ടേഷന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുമുണ്ട് എന്ന് അറിയുന്നു.